Skip to main content

gauri lankesh

ഏതു നിഗൂഢകാര്യങ്ങളും സാധ്യമാക്കാന്‍ പറ്റിയ സാഹചര്യമാണ് പുകമറ. ഗൗരി ലങ്കേഷിന്റെ വധത്തിനു ശേഷം ആ പുകമറ യഥേഷ്ടം സൃഷ്ടിക്കപ്പെട്ടു. ഇപ്പോഴും അതിന്റെ പുകപടലങ്ങള്‍ അന്തരീക്ഷത്തില്‍ കട്ടിപിടിച്ചു നില്‍ക്കുന്നു. ഈ പുകമറിയില്‍ ഘാതകരുടെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ സുരക്ഷിതരാകുന്നു. ഈ പുകമറ സൃഷ്ടിയില്‍ മുഖ്യപങ്കു വഹിച്ചിരിക്കുന്നത് ഇന്ത്യയിലെ മാധ്യമങ്ങളും ആക്ടിവിസ്റ്റുകളുമാണ്. കൊലപാതകം നടന്നതിന്റെ പിന്നില്‍ ആസുത്രിതമായ ശക്തികളാണുള്ളത്. ആക്ടിവിസ്റ്റുകളുടെ അതേ വൈകാരികത തന്നെയാണ് മാധ്യമങ്ങള്‍ക്കും. രണ്ടു പേരുടെയും ശ്രദ്ധ രണ്ടു കാര്യങ്ങളിലാണ്. മാധ്യമങ്ങളുടേത് മുഖ്യമായും റേറ്റിംഗ് വര്‍ധനയിലും, ആക്ടിവിസ്‌ററുകളുടേത് ബൗദ്ധികമായ വ്യക്തിപരമായ മേഖലകളില്‍ നിന്നുകൊണ്ട് മാധ്യമങ്ങളിലൂടെ ബി.ജെ.പിയെയും നരേന്ദ്രമോദിയേയും ആഞ്ഞടിക്കുക. ആ ആഞ്ഞടിയില്‍ മാധ്യമങ്ങളും പങ്കു ചേരുന്നു. കാരണം പ്രത്യക്ഷത്തില്‍ ആക്ടിവിസ്റ്റുകളുടെയും മാധ്യമങ്ങളുടെയും നിലപാടുകള്‍ക്ക് വൈകാരികമായ ന്യായീകരണമുണ്ട്.
       

 

വ്യാഴാഴ്ച രാത്രിയിലെ എന്‍.ഡി.ടിവിയിലെ ചര്‍ച്ച ഉദാഹരണമാണ്. അതില്‍ പങ്കെടുത്തത് സെലിബ്രിറ്റി മാധ്യമപ്രവര്‍ത്തക സാഗരികാ ഘോസ്, ശുഭ്രശുത(അസോസിയേറ്റ് എഡിറ്റര്‍ , ഇന്ത്യാ ഫൗണ്ടേഷന്‍) എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ ശോഭാ ഡേ, കോണ്‍ഗ്രസ്സ് വക്താവ് രാജേഷ് ഗുണ്ടുറാവു,ഗൗരി ലങ്കേഷ്‌ക്കറെ പോലെ കൊലചെയ്യപ്പെട്ട ധബോല്‍ക്കറുടെ മകന്‍ ഹമീദ് ധബോല്‍ക്കര്‍ എന്നിവരാണ്. ആ  ചര്‍ച്ചയുടെ അവസാനം വരെ സ്ത്രീകള്‍ തമ്മിലുള്ള പരസ്പര പോരുപോലെയായി ചര്‍ച്ച. സാഗിരികയുമായി വേദി പങ്കിടുകയോ അവരുടെ പരാമര്‍ശങ്ങള്‍ക്ക് മറുപടി പറയുകയോ ചെയ്യുകയില്ലെന്ന് ശുഭ്രതാശുത വൈകാരികമായി പല തവണ അലറി. ഒടുവില്‍ സാഗരികയ്ക്ക് അവരുടെ മുന്‍പില്‍ നിശബ്ദയാകേണ്ടിവന്നു. അഭിമാനമുള്ള ഹിന്ദുവെന്ന സ്വയം പരിചയപ്പെടുത്തലോടെയാണ് ശുഭ്രതാശുത ചര്‍ച്ചയില്‍ പങ്കെടുത്തത്. ഏറ്റവുമൊടുവില്‍ ഹമീദ് ധബോല്‍ക്കര്‍ വളരെ ഹൃദയസ്പര്‍ശിയായ വിധം സംസാരിച്ചു. അതിന്റെ മുന്‍പില്‍ ആങ്കര്‍പേഴ്‌സണ്‍ നിധി റസ്ദാനും നിസ്സഹായായി ആ വാക്കുകളോടെ ചര്‍ച്ച അവസാനിപ്പിക്കേണ്ടി വന്നു.
     

 

ഹമീദ് വളരെ വേദനയോടെയാണ് പറഞ്ഞത്, ധബോല്‍ക്കറുടെയായാലും പന്‍സാരെയുടെയായാലും കല്‍ബുര്‍ഗ്ഗിയുടെയായാലും കൊലയാളികള്‍ പിടിക്കപ്പെടുന്നില്ല. ഈ ചര്‍ച്ച അതിലേക്ക് ഒരു ശതമാനം പോലും ശ്രദ്ധ ചെലുത്തിയില്ല. യഥാര്‍ഥ കൊലയാളികളെ കണ്ടുപിടിച്ച് പുറത്തു കൊണ്ടുവരാത്തിടത്തോളം കാലം ഇത്തരം കൊലപാതകങ്ങള്‍ തുടരും. ഇത്തരം അന്തരീക്ഷം അത്തരം അണിയറ കൊലയാളികള്‍ക്ക്് അനുകൂലമായ സാഹചര്യം ഒരുക്കിക്കൊടുക്കുന്നു. ദയവുചെയ്ത് ഇതിന്റെ അന്വേഷണത്തിലേക്കു വേണം സമൂഹത്തിന്റെയും സംവിധാനങ്ങളുടെയും ശ്രദ്ധ തിരിയാന്‍ . മറിച്ച് ഇതിനെ രാഷ്ട്രീയമായി ഉപയോഗിക്കുകയല്ല വേണ്ടത്. രാഷ്ട്രീയമുണ്ടെങ്കില്‍ പോലും യഥാര്‍ഥ കൊലയാളികളെ കണ്ടുപിടിക്കാത്തിടത്തോളം കാലം അവര്‍ക്ക് അനുകൂല സാഹചര്യം ഒരുക്കിക്കൊടുക്കുയാണ്.
          

 

ഗൗരി ലങ്കേഷിന്റെ കൊല നടന്നതിന്റെ പിറ്റേ ദിവസം ഏഷ്യാനെറ്റ് ന്യൂസ് ബംഗാളുരുവിലെ ഇന്ത്യന്‍ എക്‌സ്പ്രസ്സ് ലേഖകന്‍ ജോണ്‍ തോംസണിന്റെ അഭിപ്രായം വാര്‍ത്തയില്‍ ഉള്‍പ്പെടുത്തിയിരുന്നു. അദ്ദേഹം പറഞ്ഞത് വളരെ പ്രസക്തമായ കാര്യമാണ്. അദ്ദേഹവും ഊന്നിപ്പറഞ്ഞത് ഗൗരിയുടെ കൊലയാളികള്‍ പിടിക്കപ്പെടാന്‍ പോകുന്നില്ല എന്നാണ്.  ആസൂത്രിതമായി കോലപാതകം നടത്തുന്ന വാടകക്കൊലയാളികള്‍ യഥേഷ്ടം ലഭ്യമാണ്. അവരെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ഒരേ പോലെ ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ട് ഈ കൊലയാളികള്‍ അറസ്റ്റു ചെയ്യപ്പെട്ടാല്‍ അതു ഒരാളെയോ ഒരു പാര്‍ട്ടിയേയോ മാത്രമായി ബാധിക്കുന്നതാകില്ല. എല്ലാവരിലേക്കും അതു നീളും. അതുകൊണ്ട് ഇവര്‍ ഒരു കാരണവശാലും പിടിക്കപ്പെടില്ല. എന്നാണ് അദ്ദേഹവും പറഞ്ഞത്.
      

 

കര്‍ണ്ണാടകത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടിയില്‍ പെട്ട നേതാക്കളും മന്ത്രിമാരും ഉള്‍പ്പെടുന്ന അഴിമതിക്കഥകള്‍ ഒരു പക്ഷേ തമിഴ്‌നാട്ടിലേതിനേക്കാള്‍ ഭീമമായ രീതിയിലാണ് അരങ്ങേറുന്നത്. അഴിമതി കാട്ടിയവര്‍ പിടിക്കപ്പെട്ടിട്ടും രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തിലും അധികാരത്തിലും തുടരുന്നതിന് തടസ്സമില്ലാത്ത പൊതുമണ്ഡലാന്തരീക്ഷം ഇന്ന് നിലനില്‍ക്കുന്നുണ്ട്. എത്ര അഴിമതി കാട്ടുന്നവരാണെങ്കിലും ഇന്ന് ബി.ജെ.പിക്കും ആര്‍.എസ്സ്.എസ്സിനുമെതിരെ നിലപാടു സ്വീകരിച്ചാല്‍ മതി. അവര്‍ക്ക് അഴിമതിയെ മറച്ചു വയ്ക്കാം എന്നുള്ളത് മാത്രമല്ല പുരോഗമനപരിവേഷത്തിലൂടെ പൊതുമണ്ഡലത്തില്‍ വ്യാപരിക്കാനും സ്വാധീനം കൂടുതല്‍ ഉറപ്പിക്കാനും കഴിയുന്നുണ്ട്. ബി.ജ.പിയാകട്ടെ വോട്ട് പരിഗണനയില്‍ സമുദായ രസതന്ത്രം നോക്കി അഴിമതിക്കാരായാലും അവര്‍ കൂടെ നിര്‍ത്തുന്നു. വര്‍ഗ്ഗീയതയും വര്‍ഗ്ഗീയവിരുദ്ധതയും മതേതരത്വവുമെല്ലാം അഴിമതിക്കും കൊല്ലിനും കൊലയ്ക്കുമെല്ലാം മറയാക്കി വിദഗ്ധമായി ഉപയോഗിക്കപ്പെടാന്‍ ഏവര്‍ക്കും കഴിയുന്നു.
       

 

ഗൗരിയുടെ കൊലപാതകത്തിനു ശേഷവും സമാനമായ അവസ്ഥയാണ് സൃഷ്ടമായിട്ടുള്ളത്. ഇന്ത്യയിലെ ബുദ്ധിജീവികളും അങ്ങനെയെന്നവകാശപ്പെടുന്നവരും  ബി.ജെ.പിയെ എതിര്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളും മാധ്യമങ്ങളും എല്ലാം  ഈ സംഭവത്തെ സിദ്ധാന്തവത്ക്കരിക്കാനായി ഉപയോഗിക്കുകയായിരുന്നു. എന്‍.ഡി ടി വിയിലെ ചര്‍ച്ചയിലും സംഭവിച്ചതതാണ്. അതിനെതിരെയാണ് ഹൃദയം പൊട്ടിയെന്നപോലെ ധബോല്‍ക്കറുടെ മകന്‍ ഹമീദ് പ്രതികരിച്ചത്.

 

ആര്‍ എസ് എസ്സും ബി.ജെ.പിയും നരേന്ദ്രമോദിയും വ്യക്തമായ രാഷ്ട്രീയ ജാഗ്രതയോടും ഉണര്‍വോടും ആസൂത്രിതവുമായാണ് കാര്യങ്ങള്‍ മുന്നോട്ടുനീക്കുന്നത്. എന്‍.ഡി.എ സര്‍ക്കാരിന്റെ കീഴില്‍ ഹിന്ദുവൈകാരികതയും വര്‍ഗ്ഗീയതയും ആളിക്കത്തിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇത് തങ്ങള്‍ക്കനുകൂലമാണെന്ന ആത്മവിശ്വാസം കിട്ടുന്നുണ്ട് എന്നുള്ളതും സത്യമാണ്.രാഷ്ട്രീയമായി ഒരു പ്രതിപക്ഷം പോലും ഇന്ത്യയില്‍ ഇന്ന് നിലവിലില്ലാത്ത അവസ്ഥയാണ്.  ഈ സാഹചര്യത്തിലാണ് ബുദ്ധിജീവികളുടെ ശീതീകരിച്ച മുറികളില്‍ നിന്നുകൊണ്ടുള്ള പ്രകോപനകരമായ ഒറ്റപ്പെട്ട ആക്രമണങ്ങള്‍. അത് മാധ്യമങ്ങളിലൂടെ വരുമ്പോള്‍ അതിന്റെ പ്രഹരശേഷി വര്‍ധിതമായ തോതില്‍ അനുഭവപ്പെടും. ഇത് ആക്ടിവിസ്റ്റുകളുടെ വൈകാരിക രസത്തെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. അസംഘടിതവും അരാഷ്ട്രീയവുമായ ആക്ടിവിസ്റ്റ് ആക്രമണത്തെ തുടര്‍ന്നുണ്ടാകുന്ന അന്തരീക്ഷത്തെ ഗൂഢശക്തികള്‍ അതാരായിരുന്നാലും സമര്‍ഥമായി ഉപയോഗിക്കുന്നു.
       

ന്യൂനപക്ഷം അസുരക്ഷിതരും പീഡിതരുമാണെന്ന് ആവര്‍ത്തിച്ച് ബുദ്ധിജീവികളും മാധ്യമങ്ങളും ഉദ്‌ഘേഷിച്ചുകൊണ്ടിരിക്കുന്നു. അതും ഇത്തരം ഗൂഢശക്തികള്‍ക്ക് ശക്തി പകരുന്നു. കാരണം പേടിയാണ് ഇരുളിന്റെ ശക്തികള്‍ക്ക് അഴിഞ്ഞാടാന്‍ അവസരവും സാധ്യതയും വര്‍ധിപ്പിക്കുന്നത്. ബുദ്ധിജീവികളുടെയും മാധ്യമങ്ങളുടെയും പ്രവര്‍ത്തനരീതി അനുനിമിഷം ന്യൂനപക്ഷങ്ങളില്‍ പേടി നിറക്കുന്നതിനുതകുകയും ചെയ്യുന്നു. ഭീഷണി നേരിടുന്നുണ്ടെങ്കില്‍ അവശേഷിക്കുന്ന ശക്തിയോടെ ഉണര്‍ന്നിരിക്കുകയാണ് വേണ്ടത്. അതിനുള്ള അവസരം കൂടി ഇല്ലാതാക്കുകയാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്. ന്യൂനപക്ഷങ്ങള്‍ തങ്ങളുടെ രക്ഷകരാണിവരെന്ന് തെറ്റിദ്ധരിക്കപ്പെടുന്നതിനാല്‍ സ്വന്തം നിലയിലുള്ള പ്രതിരോധം തീര്‍ക്കാന്‍ അവശേഷിക്കുന്ന ശക്തി ഉപോയഗിക്കേണ്ടതിന്റെ ആവശ്യകത അറിയാതെയും പോകുന്നു. പിഡിതര്‍ പീഡിപ്പിക്കപ്പെട്ടാലും തങ്ങളുടെ ബൗദ്ധികാക്രമണം വിജയിക്കുന്നു എന്നുറപ്പുവരുത്തുകയാണ് അവരുടെ ലക്ഷ്യം. ഓരോ കൊലപാതകങ്ങളേയും അതിനായി ഇവര്‍ ഉപയോഗിക്കുന്നു.ഗൗരിയുടെ കാര്യത്തിലും ഇതു തന്നെയാണ് സംഭവിക്കുന്നത്. ഇപ്പോള്‍ സാഗരികാ ഗോസിനും വധഭീഷണി ലഭിച്ചിരിക്കുന്നു.

 

മാധ്യമപ്രവര്‍ത്തനത്തിന്റെയും രാഷ്ട്രീയത്തിന്റെയും ലക്ഷ്യം ഒന്നു തന്നെ. എന്നാല്‍ പ്രവര്‍ത്തന രീതി രണ്ടാണ്. രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ നേതൃത്വത്തിന് നേരിട്ടു ജനങ്ങളോടുത്തരവാദിത്വം ഉണ്ടാകുമ്പോള്‍ മാധ്യമങ്ങള്‍ക്ക് നേരിട്ടുതന്നെയെങ്കിലും ധാര്‍മ്മികമായ ഉത്തരവാദിത്വമാണ് മുഖ്യം. ഇവിടെ രണ്ടും അങ്ങോട്ടുമിങ്ങോട്ടും കുഴഞ്ഞുമറിയുന്നു. രാഷ്ട്രീയപ്രവര്‍ത്തനം മാധ്യമങ്ങളിലൂടെയും മാധ്യമപ്രവര്‍ത്തനം രാഷ്ട്രീയപരിവേഷത്തില്‍ ആക്ടിവസത്തിലൂടെയും. ഇവിടെ ഇരുകൂട്ടരും ലക്ഷ്യം തെറ്റുന്നു.
          

 

ഹമീദ് ധബോല്‍ക്കര്‍ പറയുന്നതു പോലെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തുക എന്നതാണ് അടിയന്തിര പ്രാധാന്യം. അതിന് ആദ്യമായി വാടകക്കൊലയാളികളെ പിടിക്കണം. പോലീസ് വിചാരിച്ചാല്‍ ഇതിനകം പിടിക്കാവുന്നതേ ഉണ്ടായിരുന്നുള്ളു. ഇനിയും എപ്പോള്‍ വേണമെങ്കിലും അതു സാധ്യമാണ്. അതു നടക്കുന്നില്ല. ചിലപ്പോള്‍ അധികം താമസിയാതെ എവിടെയെങ്കിലും ഗോരക്ഷയുടെ പേരില്‍ ആരെങ്കിലും കൊലചെയ്യപ്പെടാനും സാധ്യതയുണ്ട്. കാരണം മാധ്യമങ്ങള്‍ക്കും ബുദ്ധിജീവികള്‍ക്കും വൈകാരികസംതൃപ്തി ലഭ്യമാക്കുന്ന വിധമുള്ള ആക്രമണവും പൈങ്കിളി പ്രതിഷേധങ്ങളും നടത്താന്‍ അത് അവസരമൊരുക്കുകയും ഗൗരി  ഇവരുടെ മാധ്യമത്തിലൂടെയുള്ള ആക്രമണത്തിന് ഒരു വസ്തുത മാത്രമായി ചുരുങ്ങുകയും ചെയ്യും. അതിനാല്‍ ഇതിലെങ്കിലും ശ്രദ്ധ കേന്ദ്രീകൃതമാകേണ്ടത് യഥാര്‍ഥ പ്രതികള്‍  ആരെന്നു കണ്ടെത്തുന്നതിലായിരിക്കണം. അല്ലെങ്കില്‍ ഗൗരിക്ക് പിന്നാലെ നമ്മളിലൊരാള്‍ കുരുതിക്കായി അടയാളപ്പെടുത്തിക്കഴിഞ്ഞു.