Skip to main content

കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പ്രൊഫഷണല്‍ ഏജന്‍സിയില്‍ നിന്ന് കിട്ടുന്ന തിരഞ്ഞെടുപ്പ് നിര്‍ദേശങ്ങള്‍ അതി ഗംഭീരമാകുന്നു. അതില്‍ ഏറ്റവും ഒടുവില്‍ വന്നിരിക്കുന്ന നിര്‍ദേശത്തിന്റെ ഭാഗമാണ് ഉമ്മന്‍ ചാണ്ടി നേമത്തും രമേശ് ചെന്നിത്തല വട്ടിയൂര്‍കാവിലും മത്സരിക്കുന്നു എന്ന വാര്‍ത്ത. ഈ വാര്‍ത്തളെ കോണ്‍ഗ്രസ് നേതൃത്വം പ്രഥമദൃഷ്ട്യാ തള്ളിയിട്ടുണ്ട്. സ്ഥാനാര്‍ത്ഥി ചര്‍ച്ചകളിലേക്ക് കടന്നിട്ടില്ലെന്ന് പറഞ്ഞാണ് നേതാക്കള്‍ ഈ വാര്‍ത്തയില്‍ നിന്ന് ഒഴിഞ്ഞുമാറിയത്. ഈ വാര്‍ത്ത പുറത്ത് വിട്ടത് തന്നെ പാര്‍ട്ടിയുടെയും പ്രൊഫഷണല്‍ ഏജന്‍സിയുടെയും അറിവോടെയാണ്. ഇതുവഴി പാര്‍ട്ടി പ്രവര്‍ത്തകരിലേക്കും ജനങ്ങളിലേക്കും ശക്തമായൊരു സന്ദേശം നല്‍കുകയാണ് പ്രൊഫഷണല്‍ ഏജന്‍സിയുടെയും കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും ലക്ഷ്യം. കാരണം എല്‍.ഡി.എഫ് മുഖ്യമായും ലക്ഷ്യമിടുന്നത് ന്യൂനപക്ഷ വോട്ടുകളെയാണ്. അതും യു.ഡി.എഫിന് പരമ്പരാഗതമായി കിട്ടിയിരുന്ന വോട്ടുകളെ. യു.ഡി.എഫിന് ലഭിച്ചിരുന്ന ഭൂരിപക്ഷവോട്ടുകളുടെ ബി.ജെ.പിലേക്കുള്ള പോക്കും എല്‍.ഡി.എഫ് തിരിച്ചറിയുന്നുണ്ട്. അതിനാല്‍ ന്യൂനപക്ഷങ്ങളെ തങ്ങള്‍ക്കൊപ്പം നിര്‍ത്തി ശക്തമായ ത്രികോണ മത്സരം സാധ്യമാക്കുക വഴി അധികാരത്തുടര്‍ച്ച നേടാമെന്ന് ഇടതുപക്ഷം കണക്ക് കൂട്ടുന്നു. 

ഇത്തരമൊരു സാഹചര്യത്തിലാണ് കോണ്‍ഗ്രസ് അപകടം തിരിച്ചറിഞ്ഞ് ജീവന്‍മരണപോരാട്ടത്തിനിറങ്ങിയിരിക്കുന്നത്. ഉമ്മന്‍ചാണ്ടി തന്റെ സ്ഥിരമണ്ഡലമായ പുതുപ്പള്ളിയില്‍ നിന്നും നേമത്തേക്കും രമേശ് ചെന്നിത്തല ഹരിപ്പാട് നിന്ന് വട്ടിയൂര്‍കാവിലേക്കും മത്സരിക്കാന്‍ എത്തിയാല്‍ കേരളത്തിലെയാകെ തിരഞ്ഞെടുപ്പ് ചിത്രം മാറും. ബി.ജെ.പിയെ അവരുടെ ഈറ്റില്ലത്തില്‍ പോയി നേരിടുകയാണ് കോണ്‍ഗ്രസ് എന്ന പ്രതീതി അതുവഴി ഉണ്ടാകും. ബി.ജെ.പിക്ക് ഇത്രയും കാലത്തിനിടയില്‍ ഒരു നിയമസഭാംഗത്തെ കേരളത്തില്‍ കിട്ടിയത് നേമത്ത് നിന്നാണ്, വട്ടിയൂര്‍കാവിലും പാര്‍ട്ടിക്ക് ശക്തമായ വേരോട്ടമുണ്ട്. അതിനാല്‍ ഈ രണ്ട് മണ്ഡലങ്ങളിലും വിജയത്തില്‍ കുറഞ്ഞതൊന്നും അവര്‍ പ്രതീക്ഷിക്കുന്നില്ല. അത്തരമൊരു സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ മുന്‍നിര നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും അവിടയെത്തി മത്സരിച്ചാല്‍ അത് ആ മണ്ഡലങ്ങളിലെ വിജയസമവാക്യങ്ങളെ മാത്രമല്ല കേരളത്തിലെ എല്ലാമണ്ഡലങ്ങിളിലെയും സമവാക്യത്തെ സ്വാധീനിക്കും. ഇതുവഴി ഒരു ശക്തമായ നേതൃത്വ സന്ദേശവും ധൈര്യവും അണികളിലേക്കും ജനങ്ങളിലേക്കും എത്തും. 

സാധാരണ സ്ഥാനാര്‍ത്ഥികളാണ് ഈ മണ്ഡലങ്ങളില്‍ മത്സരിക്കുന്നത് എങ്കില്‍ കോണ്‍ഗ്രസിന് വലിയ സാധ്യകള്‍ ഒന്നുമില്ല. പക്ഷേ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കളത്തിലിറങ്ങിയാല്‍ മണ്ഡലം തിരിച്ച് പിടിക്കാമെന്നും ബി.ജെ.പിക്കെതിരെയുള്ള പോരാട്ടത്തെ കോണ്‍ഗ്രസാണ് നയിക്കുന്നത് എന്ന സന്ദേശം കേരളമാകെ എത്തിക്കാമെന്നും പ്രൊഫഷണല്‍ ഏജന്‍സി വിലയിരുത്തിയിട്ടുണ്ട്. ഇത്തരത്തില്‍ വളരെ കൃത്യവും പ്രഹരശേഷിയുള്ളതുമായ നിര്‍ദേശങ്ങളാണ് കോണ്‍ഗ്രസിനും യു.ഡി.എഫിനും നിലവില്‍ കിട്ടിക്കൊണ്ടിരിക്കുന്നത്. ഈ രീതിയിലാണ് യു.ഡി.എഫിലെ കാര്യങ്ങള്‍ പോകുന്നതെങ്കില്‍ ഇടതുപക്ഷം നന്നായി വെള്ളംകുടിക്കും.