Skip to main content

irom sharmila and sara joseph

 

ഇക്കുറി, 2017ൽ, വൻ ആഘോഷമായിരുന്നു ജലദിനാചരണദിവസം. മണിപ്പൂർ സമരനായിക ഇറോം ശർമിളയായിരുന്നു കൊച്ചി മറൈൻ ഡ്രൈവിൽ നടന്ന ചടങ്ങിൽ മുഖ്യാതിഥി. അവരും സാഹിത്യകാരിയും ആക്ടിവിസ്റ്റുമായ സാറാ ജോസഫും തമ്മിൽ നിൽക്കുന്ന ചിത്രമൊക്കെ മാധ്യമങ്ങൾ വൻ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. അതോടൊപ്പം പെരിയാർ സംരക്ഷണദിനവും വൻരീതിയിൽ ആഘോഷിക്കപ്പെട്ടു. പിറ്റേദിനം തന്നെ പെരിയാർ സംരക്ഷിക്കപ്പെടും എന്ന ബോധ്യം വരുന്ന രീതിയിലായിരുന്നു പത്രങ്ങളിലെ വാർത്തകൾ! ജനപ്രതിനിധികൾ, ഔദ്യോഗിക സ്ഥാനങ്ങൾ വഹിക്കുന്നവർ, മന്ത്രിമാർ തുടങ്ങി ഒട്ടേറെ പേർ പെരിയാർ സംരക്ഷണത്തിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു.

 

ആലുവാപ്പുഴയ്ക്ക് പരിസരത്ത് പെരിയാർ സംരക്ഷണം ഈ രീതിയിൽ ആഘോഷിക്കപ്പെട്ടപ്പോൾ ആലുവാ അദ്വൈതാശ്രമത്തിനോട് ചേർന്നുള്ള ഓവുചാലിന്റെ പണി ഗംഭീരമായ തോതിൽ നടക്കുന്നു. നഗരത്തിലെ മുഴുവൻ മാലിന്യവും ആലുവാപ്പുഴയിൽ അദ്വൈതാശ്രമക്കടവിന്റെ തൊട്ടു ഇടതുഭാഗത്തു വന്ന് പുഴയിലേക്കു പതിക്കാനുള്ള ഓട, ഇപ്പോൾ പുതുക്കിപ്പണിയുന്നത് അതിവിശാലമായിട്ടാണ്. സമീപകാലത്തെങ്ങും നശിച്ചു പോകാത്ത വിധവും എത്ര തന്നെ മലിനജലം വന്നാലും സുഗമമായി ഒഴുകിപ്പോകാനും പര്യാപ്തമായ വിധത്തിലാണ് ഓട പുതുക്കിപ്പണിയുന്നത്. ആലുവയിലെ വലിയ സ്വകാര്യ ആശുപത്രിയുടെ മതിലിനോടു ചേർന്നുമാണ് ഈ ഓട. സ്വാഭാവികമായും ആശുപത്രിയിലെ മാലിന്യങ്ങളും ഇതിലേക്കു തന്നെ തള്ളപ്പെടും.

drainage to periyar

 

ജലസംരക്ഷണം, പെരിയാർ സംരക്ഷണം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നവരുടെ ഏറ്റവും വലിയ പ്രവർത്തനം മാധ്യമശ്രദ്ധ കിട്ടുന്ന തരത്തിലുള്ള പരിപാടികൾ സംഘടിപ്പിക്കുകയാണെന്ന് ഈ ഓടനിർമ്മാണവും ഇക്കുറി നടന്ന ആഘോഷങ്ങളും കണ്ടാൽ തോന്നും. മലിനജലം ശുദ്ധീകരിക്കുന്ന ഒരു പ്ലാന്റിനെ കുറിച്ച് ചിന്തിക്കാനോ പരിപാടി ആസൂത്രണം ചെയ്യാനോ ഉള്ള ദിശയിലേക്ക് നഗരസഭയെ ചിന്തിപ്പിക്കാൻ പോലും ജനപ്രതിനിധികൾക്കോ ആക്ടിവിസ്റ്റുകൾക്കോ കഴിയുന്നില്ല. പകരം നിലവിലുള്ള അഴുക്കുചാലുകൾ വിസ്തൃതി കൂട്ടി ബലപ്പെടുത്തുന്ന പ്രക്രിയയിലാണ് നഗരസഭ. അതേസമയം പത്രത്താളുകളിലും ചാനലുകളിലും കുടിവെള്ളക്ഷാമത്തിന്റെ റിപ്പോർട്ടുകൾ നിറയുന്നു. കുടിവെള്ളമെന്നാൽ പൈപ്പിലൂടെ കിട്ടുന്ന വസ്തു എന്ന സമവാക്യത്തിലേക്ക് ജനവും ജനപ്രതിനിധികളും മാറിയതു പോലെ.

 

ഇത്രയും ജലസമ്പത്തുള്ള നാട്ടിൽ അതിത്രയും നശിപ്പിച്ചിട്ടും നശീകരണം വർധിപ്പിക്കുന്ന പ്രക്രിയയിൽ ഏർപ്പെടുന്നതല്ലാതെ പ്രായോഗികമായി മാറിച്ചിന്തിക്കണമെന്ന തോന്നൽ ഉണ്ടാകുന്നില്ലെന്നുള്ളതാണ് അതിവിപുലമായി പുതുക്കിപ്പണിയുന്ന പുഴയിലേക്കുള്ള ഓട വെളിവാക്കുന്നത്.

Tags