Skip to main content

 

കേരളത്തിൽ മുസ്ലീം ലീഗ് ഉത്തരവാദിത്വത്തിലേക്കുയരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടെ പല തവണ അധികാരം കൈയ്യാളിയ മുസ്ലീം ലീഗിന് സമുദായ താൽപ്പര്യങ്ങൾ സംരക്ഷിക്കുമ്പോൾ തന്നെ മുഖ്യധാരാ രാഷ്ട്രീയവുമായി ചേർന്നു പോവുക വഴി ഒരു പരിധി വരെ മതേതര സ്വഭാവം നിലനിർത്താൻ കഴിഞ്ഞിരുന്നു. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് പരോക്ഷമെന്ന വണ്ണം, എന്നാൽ പ്രകടമായി തന്നെ വർഗ്ഗീയത പ്രയോഗിച്ചപ്പോൾ പോലും ലീഗ് അക്കാര്യത്തിൽ മിതത്വം പാലിച്ചിരുന്നു.

 

പ്രത്യക്ഷ-പരോക്ഷ വർഗ്ഗീയതയും ന്യൂനപക്ഷ-ഭൂരിപക്ഷ വർഗ്ഗീയതയും മുഖ്യധാരാ രാഷ്ട്രീയത്തിൽ നിർണ്ണായകമാകാൻ തുടങ്ങിയപ്പോഴാണ് അതുവരെ നേതാക്കളുടെ താല്പര്യങ്ങളെ കേന്ദ്രീകരിച്ച് നീങ്ങിയ ലീഗിന്റെ അടിത്തറ ഇളകിത്തുടങ്ങുന്നതിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. അത് മനസ്സിലാക്കിയ നേതൃത്വം തീവ്രവർഗ്ഗീയതയുടെ പാതയിലേക്ക് തങ്ങളുടെ സമീപനവും പ്രവർത്തനവും മാറ്റുകയുണ്ടായി. തീവ്രവാദത്തിലേക്ക് മുസ്ലീം യുവാക്കൾ തിരിയാതെ പിടിച്ചു നിർത്താനും കൂടിയായിരുന്നു ആ മാറ്റം. ലീഗിന് ആ രീതിയിൽ വന്ന മാറ്റം തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന ശക്തികൾക്ക് തങ്ങളുടെ പ്രവർത്തനങ്ങളുമായി മുന്നേറാൻ നല്ല മറയായി. ഭൂരിപക്ഷ വർഗ്ഗീയതയുടെ സാന്നിദ്ധ്യത്തിൽ ഒരളവുവരെ മുഖ്യധാരാ മാധ്യമങ്ങളുടെ ഭാഗത്ത് നിന്ന് ലഭിച്ച മൃദുസമീപനവും തീവ്രവാദ ശക്തികൾ മുതലെടുത്തു. ആ സമീപനത്തോട് ചേർന്നു നിന്നില്ലെങ്കിൽ തങ്ങളുടെ കാര്യം പരുങ്ങലിലാകുമെന്ന് ലീഗും മനസ്സിലാക്കി.

 

ഈ സമീപനത്തിന്റെ ഭാഗമായി കഴിഞ്ഞ ഒരു ദശാബ്ദത്തിനുള്ളിൽ കേരളത്തിലെ അറബുവത്ക്കരണത്തെ സക്രിയമായി പിന്തുണയ്ക്കുകയും അതിനായി മുന്നിട്ടിറങ്ങാൻ തയ്യാറുള്ളതുമായ യുവരക്തം ലീഗില്‍ അവഗണിക്കാനാകാത്ത വിധം അണിചേർന്നു. അവർക്കാകട്ടെ നേതൃത്വത്തിൽ ചിലരുടെ ആശീർവാദവും ലഭിച്ചു പോന്നു. ഇതെല്ലാം വ്യക്തമായിട്ടും കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളോ രാഷ്ട്രീയ പാർട്ടികളോ കണ്ട ലക്ഷണം നടിച്ചില്ല. ചില ബുദ്ധിജീവികൾ തങ്ങളുടെ പുരോഗമന-മതേതര മുഖം വെളിപ്പെടുത്താൻ ഇത്തരം പ്രവൃത്തികളെ ന്യായീകരിക്കുകയും ചെയ്തു. ഈ സാമൂഹ്യ പശ്ചാത്തലം ഒരുക്കിയ ധൈര്യത്തിലാണ്  ബംഗ്ളാദേശിൽ 2016 ജൂലൈയില്‍ ധാക്കയില്‍ നടന്ന സ്ഫോടനത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് പ്രേരണയായെന്ന് ബംഗ്ളാദേശ് സർക്കാർ പ്രഖ്യാപിച്ച സക്കീർ നായിക്കിനെ മതപണ്ഡിതനായി അംഗീകരിച്ചുകൊണ്ട് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ നേതൃത്വത്തിൽ ലീഗ് പ്രമേയം പാസ്സാക്കിയത്. കൊച്ചിയിലെ പീസ് ഇന്റർനാഷണൽ സ്കൂളിലെ രണ്ടാം ക്ളാസ്സ് പാഠപുസ്തകത്തിൽ പ്രത്യക്ഷമായി മതസ്പർധ ഉളവാക്കുന്ന ഭാഗങ്ങൾ ഉൾപ്പെടുത്താനിടയായ സാഹചര്യവും ഇതാണ്. ഈ സാഹചര്യം ലഭ്യമാക്കുന്ന വെള്ളവും വളവുമാണ്  ഐ.എസ് ബന്ധത്തിന്റെ പേരിൽ തൊടുപുഴ സ്വദേശി സുബഹാനി മൊയ്തീൻ അറസ്റ്റിലാകാനിടയായത്. പാരിസ് സ്ഫോടനത്തിന് പരിശീലിപ്പിക്കപ്പെട്ട ഐ.എസ് ഭീകരർക്കൊപ്പമാണ് സുബഹാനിക്കും ഇറാഖിൽ പരിശീലനം കിട്ടിയതെന്നാണ് റിപ്പോർട്ട്.

 

ഈ കേരള സാഹചര്യം മൂലം ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിലാവുന്നത് ഭൂരിപക്ഷം വരുന്ന സമാധാനകാംക്ഷികളായ സാധാരണക്കാരായ മുസ്ളീം സമുദായാംഗങ്ങളാണ്. ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ മുസ്ലീം ലീഗ് ഉത്തരവാദിത്വത്തോടെ മുന്നോട്ടുവന്ന് ഭീകരവാദ വ്യാപനം ഇല്ലാതാക്കുന്നതിന് സർഗ്ഗാത്മകമായ പരിപാടികൾ ആവിഷ്കരിക്കേണ്ടതാണ്. മുസ്ലീം ലീഗ് അതിന് തുനിഞ്ഞില്ലെങ്കിൽ അത് ചൂഷണം ചെയ്യുക ഭൂരിപക്ഷ വർഗ്ഗീയതയിലൂടെ രാഷ്ട്രീയ നേട്ടം ഉണ്ടാക്കാൻ അവസരം കാത്തിരിക്കുന്നവരാകും. അവരുന്നയിക്കുന്ന വസ്തുതകൾ പൊതു സമൂഹത്തിന് നിരാകരിക്കാൻ പറ്റാത്ത വിധത്തിലുള്ളതായിരിക്കും.

 

ഐ.എസ്സിലേക്ക് റിക്രൂട്ടു ചെയ്യപ്പെടുന്ന യുവാക്കളിലേക്കു ശ്രദ്ധിച്ചാൽ തെളിയുന്ന ഒന്നുണ്ട്. ജീവിതമാർഗ്ഗം തേടി ഗൾഫ് രാജ്യങ്ങളിൽ പോയവരുടെ മക്കൾ അഥവാ പിൻതലമുറക്കാരാണിവരിൽ കൂടുതലും. രക്ഷകർത്താക്കളുടെ നോട്ടം വേണ്ടവിധം കിട്ടാതെ, ധനലഭ്യതയിൽ വളരുന്ന തലമുറ. ഇത് മുസ്ലീം സമുദായം നേരിടുന്ന അതീവ ശ്രദ്ധ ആവശ്യപ്പെടുന്ന വിഷയമാണ്. ധനലഭ്യതയും അലക്ഷ്യമായ ജീവിതവും അനിയന്ത്രിതമായ സ്വാതന്ത്ര്യവുമാണ് കൗമാരക്കാരേയും യുവാക്കളേയും വഴിതെറ്റിക്കുന്നത്. ഈ സാഹചര്യമാറ്റത്തിന് പരിഹാരം വിശാലമായ രാഷ്ട്രീയ വീക്ഷണത്തോടെ രൂപപ്പെടുത്തുന്ന സാംസ്കാരിക മാറ്റമാണ്. ഈ ദൗത്യം നന്നായി നിർവഹിക്കാൻ കഴിയുന്നത് മുസ്ലീം ലീഗിനാണ്. കേരളത്തിലെ അവരുടെ പ്രസക്തിയും അതാണ്.

 

ദൗർഭാഗ്യവശാൽ അറിഞ്ഞോ അറിയാതെയോ ലീഗ് മൗലികവാദ മനസ്സുകളെ സംതൃപ്തിപ്പെടുത്തുന്ന വിധം പെരുമാറുന്നു. സക്കീർ നായക്കിന്റെ കാര്യത്തിലൊക്കെ സംഭവിച്ചതതാണ്. ലീഗിലെ ഏറ്റവും സൗമ്യനും മിതവാദിയുമായി അറിയപ്പെടുന്ന എം.കെ മുനീർ പോലും ആ അവസ്ഥയിലേക്ക് മാറിപ്പോയിരിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിനു മുൻപ് മാതൃഭൂമി പത്രത്തിൽ പ്രവാചകനെ ഇകഴ്ത്തുന്ന വിധമുള്ള പരാമർശം വന്നപ്പോൾ മുനീർ ഫേസ്ബുക്കിലൂടെ അത് കത്തുന്ന വിഷയമാക്കി. പിന്നീടത് തീവ്രസ്വഭാവക്കാർ ഏറ്റെടുത്തു. മാതൃഭൂമി തെറ്റ് സമ്മതിച്ചിട്ടും നിർവ്യാജം ഖേദം പ്രകടിപ്പിച്ചിട്ടും പ്രയോജനമുണ്ടായില്ല. മൗലികവാദ വ്യാപനത്തിന് തൽപ്പരകക്ഷികൾ ആ അവസരത്തെ സമർത്ഥമായി ഉപയോഗിച്ചു. ഇതെല്ലാം സൂചിപ്പിക്കുന്നത് ലീഗിന് അതിന്റെ രാഷ്ട്രീയ മുഖവും ശരീരവും ക്രമേണ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതാണ്. അത് ലീഗിനേയും ഭൂരിപക്ഷം വരുന്ന സമാധാനകാംക്ഷികളായ മുസ്ളീങ്ങളേയും ദോഷകരമായി ബാധിക്കും. കേരളത്തിൽ രൂപപ്പെട്ടുകൊണ്ടിരിക്കുന്ന രാഷ്ട്രീയ ഗതിവിഗതികളെ മുസ്ളീം ലീഗ് മനസ്സിലാക്കുകയും അതനുസരിച്ച് ഉയർന്ന് പ്രവർത്തിക്കുകയും ചെയ്യേണ്ട ഘട്ടമാണിപ്പോൾ.

Tags