Skip to main content

vm sudheeran and ak antony

 

ജാതി പറഞ്ഞും ചോദിച്ചും, അതിന്റെ നേതാക്കന്മാരുടെ സ്വാര്‍ത്ഥതാത്പര്യത്തിന് വേണ്ടിയുള്ള വിലപേശല്‍, അഴിമതി, തട്ടിപ്പ്, വെട്ടിപ്പ്, പരസ്പരം ചെളിവാരി എറിയല്‍, സെക്സ്‌, അധികാരത്തിനു വേണ്ടിയുള്ള വടംവലികള്‍ എന്നിവ രാഷ്ട്രീയവും ഭരണവുമായി കൂടിക്കുഴഞ്ഞ് മലീമസമായ സാഹചര്യത്തിലാണ് കെ.പി.സി.സി അധ്യക്ഷനായി വി.എം സുധീരന്‍ നിയമിക്കപ്പെട്ടത്. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുടെ താത്പര്യത്തിന് വിരുദ്ധമായി അഴിമതിരഹിത വ്യക്തിത്വത്തിന്റെ പേരില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനമായാണ് ഔപചാരികമായി സുധീരന്റെ നിയമനം. എന്നാല്‍ ഹൈക്കമാന്‍ഡിന്റെ ആ തീരുമാനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് എ.കെ ആന്റണിയുടെ ഉറച്ച നിലപാടാണെന്ന് വ്യക്തം. കേരളത്തെ സംബന്ധിച്ചിടത്തോളം പ്രായോഗി തലത്തില്‍ ഹൈക്കമാന്‍ഡ് ആന്റണി തന്നെ. ആന്റണി ആദര്‍ശത്തിന്റെ പേരില്‍ അറിയപ്പെടുമ്പോള്‍ സുധീരന്‍ ധീരമായ അഭിപ്രായങ്ങളുടേയും കഴിവ് തെളിയിച്ച ഭരണാധികാരിയുടേയും പ്രതിച്ഛായ കൂടി 'ക്ലീന്‍' വ്യക്തിത്വത്തിന് പുറമേ പേറുന്നുണ്ട്.

 

സുധീരന്റെ നിയമനം കേരള രാഷ്ട്രീയത്തേയും പൊതുസമൂഹത്തേയും ഗുണകരമായി ഇതിനകം തന്നെ സ്വാധീനിച്ചു തുടങ്ങി എന്നത് വസ്തുതയാണ്. ഈ പശ്ചാത്തലത്തിലാണ് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരും സുധീരനും ഉള്‍പ്പെട്ട വിവാദം ഉണ്ടായിരിക്കുന്നത്. ആന്റണിയുടെ താത്പര്യങ്ങള്‍ സുധീരന്‍ നിറവേറ്റുമ്പോള്‍ ഉണ്ടാകുന്ന ധര്‍മ്മ സങ്കടങ്ങളാണ് സുധീരന്റെ ചില വാക്കുകളും പ്രവൃത്തികളും കഴിഞ്ഞ ഏതാനും ദിവസങ്ങളായി സൂചിപ്പിക്കുന്നത്. എന്‍.എസ്.എസ്സുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആന്റണിയുടെ താത്പര്യം സുധീരന്റെ മന്നം സമാധി സന്ദര്‍ശനത്തിലും പുഷ്പാര്‍ച്ചനയിലും കാണാം. എന്നാല്‍ തന്നെ സ്വീകരിക്കാന്‍ കൂട്ടാക്കാതെ ആസ്ഥാനത്തേക്ക് മടങ്ങിയ എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെ പിന്നാലെ ചെന്ന് കാണാന്‍ കൂട്ടാക്കാത്തതില്‍ സുധീരന്റെ നിലപാടും വ്യക്തമാകും. ഇതാണ് ശക്തമായ ആന്റണി സ്വാധീനത്തില്‍ പ്രവര്‍ത്തിക്കേണ്ടി വരുന്ന സുധീരനകപ്പെട്ടിരിക്കുന്ന ധര്‍മ്മസങ്കടം.

 

ഇതേ ധര്‍മ്മസങ്കടം തന്നെയാണ് മാതാ അമൃതാനന്ദമയി മഠത്തിന് എതിരെ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ തൊണ്ടയില്‍ കുടുങ്ങുകയും കുരുങ്ങുകയും ചെയ്ത വാക്കുകളിലൂടെ പുറത്തുവന്ന സുധീരന്റെ പ്രതികരണം. ആന്റണിയെ അമ്മ കെട്ടിപ്പിടിക്കുന്ന ചിത്രം മലയാളിയുടെ മനസ്സില്‍ ഇന്നും സജീവം. ഒപ്പം ആന്റണിയുടെ അമ്മയെക്കുറിച്ചുള്ള സ്തുതികളും. രാജ്യത്ത് നിലവിലുള്ള നിയമമനുസരിച്ച് നിയമത്തിന്‌ നിയമത്തിന്റെ വഴിയെ സഞ്ചരിക്കാന്‍ അനുവദിക്കണമെന്ന കാഴ്ചപ്പാടിന് യോജിക്കുന്നതായിരുന്നില്ല അമൃതാനന്ദമയി മഠത്തിന് എതിരെയുണ്ടായ  ആരോപണത്തില്‍ സുധീരനില്‍ നിന്നുണ്ടായ പ്രതികരണം. "മഠത്തിന്‍റെ വിശദീകരണം വന്നിട്ടുണ്ട്. അത് തൃപ്തികരമാണ്. അതിനാല്‍ കൂടുതല്‍ വിവാദങ്ങള്‍ ഉണ്ടാക്കാന്‍ ഉദ്ദേശിക്കുന്നില്ല" എന്നായിരുന്നു നിരങ്ങലോടെ വന്ന പ്രതികരണം.

 

സുധീരന്റെ ഈ പ്രതികരണം നിലവിലുള്ള നിയമത്തിന്റെ വ്യവസ്ഥകള്‍ക്ക് വിപരീതമാണ്. ഇത് സമൂഹത്തിലേക്കും നിയമപാലകരിലേക്കും കടത്തിവിടുന്ന സന്ദേശം ദൂരവ്യാപകമായ ദോഷഫലങ്ങള്‍ ഉളവാക്കുന്ന കീഴ്വഴക്ക സ്വഭാവമുള്ളതാണ്. ഇവിടെയും ആന്റണിയുടെ നിലപാട് സുധീരനിലൂടെ പുറത്ത് വരുന്നതിന്റെ മറ്റൊരുദാഹരണം. ഒരേ തൂവല്‍പ്പക്ഷികള്‍ എന്ന്‍ വിശേഷിപ്പിക്കപ്പെടുന്ന ആന്റണിയുടേയും സുധീരന്റേയും വ്യക്തിത്വത്തിലെ വൈജാത്യങ്ങളാണ് സുധീരന്റെ കെ.പി.സി.സി അധ്യക്ഷ പദവി കേരളീയ സമൂഹത്തിന് തെളിച്ച് കാണിച്ച് തരുന്നത്. ഇരട്ടവ്യക്തിത്വം ഒരു മാനസിക അസുഖമായാണ് പരിഗണിക്കപ്പെടുന്നതെന്ന് എത്രയും പെട്ടെന്ന് സുധീരന് തിരിച്ചറിയണം. ഒപ്പം, എ.കെ.ആന്റണിയും വി.എം സുധീരനും ചേര്‍ന്നല്ല, വി.എം സുധീരന്‍ മാത്രമാണ് കെ.പി.സി.സി അധ്യക്ഷനെന്നും. ഇപ്പോള്‍ ഈ പദവിയിലൂടെ സുധീരന്റെ മുന്നിലുള്ളത് ചരിത്രപരമായ ഒരു അവസരമാണ്. അതിനെ എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്നതിലൂടെയായിരിക്കും ചരിത്രവും സുധീരന്റെ രാഷ്ട്രീയ വ്യക്തിത്വം വിലയിരുത്തുക.  

Tags