Skip to main content

km maniസ്വയം സൃഷ്ടിച്ച വിഷമസന്ധിയില്‍ നിന്ന്‍ പുറത്തുവരാൻ കഴിയാതെ കേരളാ കോണ്‍ഗ്രസ് നേതാവ് കെ.എം മാണി കുഴയുന്ന ചിത്രമാണ് ഇപ്പോൾ തെളിയുന്നത്. തന്റെ മകനും കേരളാ കോണ്‍ഗ്രസ് എം.പിയുമായ ജോസ് കെ. മാണിക്ക് കേന്ദ്രമന്ത്രിസ്ഥാനം യു.ഡി.എഫ് മുന്നണിയില്‍ നിന്നുകൊണ്ട് നേടിയെടുക്കാനുള്ള ശ്രമമാണ് മാണി  ഏറെക്കാലമായി നടത്തിക്കൊണ്ടിരുന്നത്. ആ സമയത്താണ് മുഖ്യമന്ത്രിസ്ഥാനം മുന്നോട്ടുവച്ചുകൊണ്ടുള്ള എല്‍.ഡി.എഫിന്റെ ക്ഷണം മാണിക്ക് ലഭിച്ചത്. ആ ദിശക്ക് നീങ്ങുന്നെങ്കില്‍ അത്, അല്ലെങ്കില്‍ അത് ഉയർത്തിക്കാട്ടി നേരിയ ഭൂരിപക്ഷത്തില്‍ തൂങ്ങിനില്‍ക്കുന്ന ഉമ്മൻചാണ്ടി സർക്കാരിനെ സമ്മർദ്ദത്തിലാക്കി വിലപേശലിലൂടെ മകന് മന്ത്രിസ്ഥാനം ഉറപ്പിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.

 

ഈ രാഷ്ട്രീയ ചുവടുമാറ്റത്തിന്റെ ഭാഗമായാണ് മുന്നണിക്കകത്ത് സ്വയം സംയമനം പാലിച്ചുകൊണ്ട് മന്ത്രിസഭയെ പ്രതിസന്ധിയിലാക്കാൻ പി.സി ജോർജിന് മാണി അനുവാദം നല്‍കിയത്. ആ ദിശയില്‍ ജോർജ് മുന്നേറി. ഇപ്പോഴും ആ മുന്നേറ്റം തുടരുകയും ചെയ്യുന്നു. ഇടുക്കിയില്‍ ജോർജിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ മുട്ടയെറിയുകയും അക്രമിക്കാൻ ശ്രമിക്കുകയും ചെയ്തപ്പോൾ മാണി നടത്തിയ പ്രസ്താവന വളരെ ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ ആവശ്യം മുഖ്യമന്ത്രിയോടും കോണ്‍ഗ്രസ് നേതൃത്വത്തിനോടുമായിരുന്നു. എന്തെങ്കിലും വിഷയങ്ങളുണ്ടെങ്കില്‍ അത് ചർച്ച ചെയ്ത് പരിഹരിക്കാൻ ബന്ധപ്പെട്ടവർ മുന്നോട്ടുവരികയാണ് വേണ്ടത്. അല്ലാതെ തങ്ങളെ വഴിയില്‍ ആക്രമിക്കാൻ പാർട്ടി അണികളെ ഉപയോഗിക്കുകയല്ല വേണ്ടതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. വ്യാഴാഴ്ച  ആ ആവശ്യം ഒന്നുകൂടി വ്യക്തമായി അദ്ദേഹം ഉന്നയിക്കുകയുണ്ടായി. സര്‍ക്കാറാണ് അക്രമത്തിനു പിന്നിലെന്നുള്ള ജോർജിന്റെ ആരോപണം മാണിയും അംഗീകരിക്കുകയും ആവർത്തിക്കുകയും ചെയ്യുകയായിരുന്നു.

 

മാണി മുന്നണി വിടുന്ന പക്ഷം കേരളാ കോണ്‍ഗ്രസില്‍ നിന്ന്‍ ചില എം.എല്‍.എമാർ തന്നോടൊപ്പമുണ്ടാകില്ലെന്നുള്ള തിരിച്ചറിവാണ് മാണിയെ വിഷസന്ധിയിലാക്കിയത്. ആ എം.എല്‍.എമാരെ കോണ്‍ഗ്രസ് നേതാക്കൾ വലവീശി ഉറപ്പാക്കിക്കഴിഞ്ഞുവെന്നുള്ള അറിവ് മാണിയുടെ എല്ലാ നീക്കങ്ങളേയും തകർക്കുക മാത്രമല്ല, നിലവിലുള്ള അവസ്ഥയ്ക്ക് ഭംഗം വരാതെ  പോകുമെന്നുള്ളതിനും ഉറപ്പില്ലാതായി. മാണി തന്റെ മകന്റെ കാര്യത്തിനു മാത്രമാണ് മുൻതൂക്കം നല്‍കുന്നെതെന്നുള്ള ആക്ഷേപം കേരളാ കോണ്‍ഗ്രസിലെ ജോസഫ് വിഭാഗത്തില്‍ ശക്തമായിരുന്നു. ഒരു ലോകസഭാസീറ്റ് ജോസഫ് ഗ്രൂപ്പിന് ലഭ്യമാക്കിയില്ലെങ്കില്‍ അവരുടെ ഭാഗത്തുനിന്ന്‍ മാണി കടുത്ത വെല്ലുവിളി നേരിടേണ്ടിവരും. ഇപ്പോൾ മാണി നേരിടുന്ന പ്രധാന പ്രതിസന്ധിയും പാർട്ടിക്കകത്തെ ജോസഫ് വിഭാഗത്തില്‍ നിന്നാണ്.

 

jose k maniമകന് കേന്ദ്രമന്ത്രിസ്ഥാനത്തിനുവേണ്ടി ശ്രമിച്ച് ഒടുവില്‍ അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ ജോസ് കെ. മാണി ജയിച്ചുകയറുമോ എന്നു പോലും ഇപ്പോൾ സംശയത്തിലാണ്. പൊതു അന്തരീക്ഷം യു.ഡി.എഫിന് അനുകൂലമല്ല എന്നതിനുപരി  അവിടെ കോണ്‍ഗ്രസുകാരും ജോസഫ് വിഭാഗക്കാരും കാലുവാരുമെന്ന ഭീതിയും മാണിയെ അലട്ടുന്നുണ്ട്. മാണിക്ക് ഇന്നത്തെ അവസ്ഥയില്‍ യു.ഡി.എഫില്‍ നിന്ന്‍ അനങ്ങാൻ വയ്യാത്ത സാഹചര്യം സൃഷ്ടിച്ചിട്ടാണ് ജോർജിനെ തെരുവില്‍ നേരിട്ടുകൊണ്ട് പരമാവധി പ്രകോപനം കോണ്‍ഗ്രസ് സൃഷ്ടിക്കുന്നത്. ജോര്‍ജ് മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ കഴിഞ്ഞ രണ്ടരമാസമായി  പരസ്യമായി പ്രവർത്തിച്ചുകൊണ്ടിരുന്നിട്ടും മാണി അനങ്ങിയില്ല. അതുപോലെ ജോർജിനെതിരെ  തെരുവില്‍ പ്രതിഷേധമുയരുമ്പോഴും നോക്കിനില്ക്കാനാണ് കോണ്‍ഗ്രസിലെ എ വിഭാഗത്തിന്റെ തീരുമാനം. ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്റെയും മുഖ്യമന്ത്രിയുടേയും അറിവോടെയാണ് തനിക്കെതിരെ  ആക്രമണശ്രമവും പ്രതിഷേധവും നടക്കുന്നതെന്ന്‍ ജോർജ് പറഞ്ഞതും ഈ പശ്ചാത്തലത്തിലാണ്. മാണി രോഷാകുലനായിട്ടും  ആഭ്യന്തരമന്ത്രിയോ, മുഖ്യമന്ത്രിയോ പ്രതികരിക്കാതിരിക്കുന്നതും ശ്രദ്ധേയമാണ്.

 

മുഖ്യമന്ത്രിസ്ഥാനം സ്വപ്നം കണ്ട മാണിക്കിപ്പോൾ അത് ദുസ്സ്വപ്നമായെന്ന്‍ മാത്രമല്ല, മുന്നണിക്കകത്തുണ്ടായിരുന്ന വിലപേശല്‍ ശക്തിയും നഷ്ടമായ അവസ്ഥയിലാണ്. പുറത്തേക്കു പോകാനും വയ്യ അകത്തു നില്ക്കാനും വയ്യ എന്ന അവസ്ഥ. എൻ.എസ്.എസ് പരസ്യമായി യു.ഡി.എഫിനെതിരെ രംഗത്തുവന്നിട്ടുള്ളതും മുന്നണിയുടെ പൊതു അവസ്ഥയും കോണ്‍ഗ്രസുകാരുടെ കാലുവാരലും കൂടിയായാല്‍ തന്റെ മകന് അടുത്ത തവണ പാർലമെന്റ് കാണാൻ കഴിയില്ല എന്ന ചിന്തയും അദ്ദേഹത്തിന്റെ ഉറക്കം കെടുത്തുന്നു.

Tags