Skip to main content

aswni kumar and pavan kumar bansal

അഴിമതിയുടെ പേരില്‍ നിയമ മന്ത്രി അശ്വിനി കുമാറും റെയില്‍വേ മന്ത്രി പവൻകുമാർ ബൻസലും രാജിവെച്ച സാഹചര്യത്തില്‍ കേന്ദ്രമന്ത്രിസഭയിലേക്കും ദേശീയ രാഷ്ട്രീയത്തിലേക്കും നോക്കുമ്പോൾ തെളിഞ്ഞുവരുന്ന ചിത്രങ്ങൾ വർത്തമാനകാല രാഷ്ട്രീയത്തിന്റെ പൊതു സ്ഥിതിയും ഗതിയുമാണ് വ്യക്തമാക്കുന്നത്. ആ ചിത്രങ്ങളില്‍ ചിലത്:

 

1) കേന്ദ്രമന്ത്രിസഭയും പ്രധാനമന്ത്രിയും അഴിമതിയിലകപ്പെട്ട് നില്‍ക്കുന്നു.

 

2) അഴിമതിയുടെ കാര്യത്തില്‍ കോണ്‍ഗ്രസ്സില്‍ നിന്ന് വിഭിന്നമല്ല മറ്റ് രാഷ്ട്രീയപാർട്ടികളും. അതിനാല്‍ അഴിമതിരഹിതമായ ഭരണകൂടത്തെ സമീപഭാവിയില്‍ പ്രതീക്ഷിക്കുന്നത് അപ്രായോഗികം.

 

3) ഇന്ത്യൻ ജനാധിപത്യവും ജനാധിപത്യസ്ഥാപനങ്ങളും ഇപ്പോഴും ശക്തം തന്നെ. വിശ്വാസ്യതയിലും ശക്തിയിലും ക്ഷയം സംഭവിച്ചിട്ടുണ്ടെങ്കിലും. ആ ശക്തി രാജ്യത്ത് നിലവിലുള്ള രാഷ്ട്രീയപാർട്ടികളിലൂടെ മാത്രമേ തല്‍ക്കാലം നിലനില്‍ക്കുകയുള്ളു.

 

4) അഴിമതിക്കെതിരെയും മറ്റ് അതിക്രമങ്ങൾക്കെതിരെയുമുള്ള പ്രവർത്തനങ്ങളും നീക്കങ്ങളും അവയെ വർധിപ്പിക്കുവാനേ സഹായകമാവുകയുള്ളു. അതാണ് ഇതുവരെയുള്ള പാഠങ്ങൾ വ്യക്തമാക്കുന്നത്. അണ്ണാ ഹസ്സാരെയേയും അരവിന്ദ് കേജ്രിവാളിനേയും മറക്കാറായിട്ടില്ല.

 

5) അഴിമതി രാഷ്ട്രീയപാർട്ടികളിലും സര്‍ക്കാറുകകളിലും മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല. ജനങ്ങളുടെ ഇടയില്‍ നിലനില്‍ക്കുന്ന  അഴിമതി തന്നെയാണ് ഇവിടെയെല്ലാം പ്രതിഫലിക്കുന്നത്.

 

6) ഗുണപരമായ നേതൃത്വത്തിന്റെ ആവിർഭാവത്തില്‍ മാത്രമേ സാമൂഹികമായി അഴിമതിക്ക് ഗണ്യമായ കുറവുണ്ടാവുകയുള്ളു. അത് തല്‍ക്കാലം പ്രതീക്ഷിക്കാനുള്ള രജതരേഖകൾ ലഭ്യമല്ല.

 

7) നിലവിലുള്ള സാഹചര്യത്തില്‍ അഴിമതി ഒഴിവാക്കാൻ നടപടികൾ ആവശ്യമാണ്.

 

8) രണ്ട് വിധത്തില്‍ സംവിധാനങ്ങളിലൂടെ അഴിമതി കുറയ്ക്കാൻ കഴിയും. പ്രധാനമായും സുതാര്യത കൊണ്ടുവരുന്നതിലൂടെ. വിവര സാങ്കേതികവിദ്യയിലധിഷ്ടിതമായ ഭരണനിർവഹണത്തിലേക്കു നീങ്ങുകയാണെങ്കില്‍ അത് ഒരുപരിധിവരെ സാധ്യമാകും. പാസ്‌പ്പോർട്ട് ഓഫീസുകൾ ഉത്തമ ഉദാഹരണം. ആ രീതിയിലുള്ള ഭരണം നടത്തുന്നതോടൊപ്പം ഇലക്‌ട്രോണിക് ഫണ്ട് ട്രാൻസ്ഫറിലൂടെ പരമാവധി ക്രയവിക്രയങ്ങൾ സാധ്യമാക്കണം. രണ്ടാമത്തേത്, അഴിമതി തടയുന്നതിന് ആവശ്യമായ ശക്തമായ നിയമനിർമാണങ്ങളും അതനുസരിച്ചുള്ള സംവിധാനങ്ങളും കര്‍ശനമായി നടപ്പിലാക്കുക.

 

9) സ്വാതന്ത്ര്യം വിവേചനത്തോടെ ഉപയോഗിക്കാൻ കഴിയുന്ന, സ്വതന്ത്രമായ അന്തരീക്ഷത്തില്‍ പക്വതയോടെ പ്രവർത്തിക്കാൻ കഴിയുന്ന മാധ്യമപ്രവർത്തനം ഉറപ്പുവരുത്തുക.

 

10) റേറ്റിംഗ് കൂട്ടി പരസ്യത്തിലൂടെ കൂടുതല്‍ വരുമാനമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ മാധ്യമപ്രവർത്തനത്തിന്റെ പേരില്‍ അവതരിപ്പിക്കപ്പെടുന്ന വാർത്തയെ ജനങ്ങൾ തിരിച്ചറിയാൻ സന്നദ്ധരാവുക.

 

11) വ്യക്തമായ കാഴ്ചപ്പാടോടെ രാജ്യത്തെ വിദ്യഭ്യാസരീതിയിലും പാഠ്യപദ്ധതിയിലും  മാറുന്ന കാലത്തില്‍ അവയോട് ചേർന്ന് എന്നാല്‍ ചാഞ്ചല്യമില്ലാതെ മുന്നോട്ട് നീങ്ങാൻ കഴിയുന്ന വിധം മാറ്റങ്ങൾ വരുത്തുക.

 

12) അഴിമതിയും അഴുക്കും പുരണ്ടതാണെങ്കിലും നിലവിലുള്ള സംവിധാനം ഉണ്ടെങ്കില്‍  മാത്രമേ അതില്‍ ശുദ്ധീകരണം സാധ്യമാകുകയുള്ളു. ആ ബോധം എതിർക്കുന്നവർക്കും  മാധ്യമങ്ങൾക്കും ഉണ്ടാവുക.

 

13) ഏതെങ്കിലും മുന്നണിയോ രാഷ്ട്രീയപാർട്ടിയോ അഴിമതിരഹിതമായ ഭരണം തെരഞ്ഞെടുപ്പു വാഗ്ദാനമായി മുന്നോട്ടുവയ്ക്കുകയാണെങ്കില്‍ അതിനെ തെരഞ്ഞെടുപ്പു ഫലിതമായി കാണുക. അതേ സമയം വിവരസാങ്കേതിക വിദ്യ ഉപയോഗിച്ച് എല്ലാ  തലത്തിലും സുതാര്യതയും അതനുസരിച്ചുള്ള നിയമനിർമാണവും ഏതു മുന്നണിയാണോ വാഗ്ദാനം ചെയ്യുന്നത് ആ മുന്നണിയേയോ പാർട്ടിയേയോ പരിഗണിക്കുക. അധികം താമസിയാതെ തെരഞ്ഞെടുപ്പിലേക്കു പോകുന്ന ഇന്ത്യയില്‍ ഇതിലപ്പുറം പ്രതീക്ഷിക്കുന്നത് അപ്രായോഗികവും യാഥാർഥ്യബോധത്തിന് നിരക്കാത്തതുമായിരിക്കും.

Tags