Skip to main content

ന്യൂഡല്‍ഹി: കേരള തീരത്ത് രണ്ട് മുക്കുവരെ വെടിവച്ചു കൊന്ന കേസില്‍ പ്രതികളായ നാവിക സേനാംഗങ്ങളെ ഇന്ത്യയിലേക്ക്‌ തിരിച്ചയക്കില്ലെന്ന് ഇറ്റലി. തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ സുപ്രീം കോടതി അനുവദിച്ച നാലാഴ്ചത്തെ ജാമ്യത്തിലാണ് സൈനികരായ സാല്‍വത്തോരെ ലത്തോരെയും മാസ്സിമിലിയാനോ ജിരോനെയും ഇറ്റലിയിലേക്ക് പോയത്. ഇറ്റലിയുടെ സ്ഥാനപതി സുപ്രീം കോടതിക്ക് നല്‍കിയ ഉറപ്പിന്റെ ലംഘനമാണ് പുതിയ നടപടി.

കടല്‍ നിയമങ്ങളെ സംബന്ധിച്ച് ഇന്ത്യയുമായുള്ള തര്‍ക്കം അന്താരാഷ്ട്ര വിഷയമാണെന്ന് ഇറ്റലിയുടെ വിദേശ മന്ത്രാലയം പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മില്‍ കുറ്റവാളികളെ കൈമാറാന്‍ കരാറുള്ളതിനാല്‍ നാവികര്‍ ഇന്ത്യയിലേക്ക്‌ മടങ്ങേണ്ട ആവശ്യമില്ലെന്നാണ് ഇറ്റലിയുടെ വാദം. ഇറ്റലിയുടെ അറിയിപ്പ് ലഭിച്ചതായി സമ്മതിച്ച ഇന്ത്യയുടെ വിദേശ മന്ത്രാലയം, പക്ഷെ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഫെബ്രുവരി 22നാണ് ചീഫ് ജസ്റ്റീസ് അല്തമാസ് കബീര്‍ അധ്യക്ഷനായ സുപ്രീം കോടതി ബഞ്ച് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. ഇവരെ മടക്കി കൊണ്ടുവരാമെന്ന് ഇറ്റലിയുടെ സ്ഥാനപതി സത്യവാങ്ങ്മൂലം നല്‍കിയിരുന്നു. ഫിബ്രവരി 24-25 തീയതികളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനാണ് ഇരുവരും അനുമതി തേടിയത്. ഡിസംബറില്‍ ക്രിസ്മസ് ആഘോഷിക്കുന്നതിന് ഇവര്‍ക്ക് നേരത്തെ കേരള ഹൈക്കോടതി ജാമ്യം നല്‍കിയിരുന്നു.

2012 ഫിബ്രവരി 15-നാണ് നീണ്ടകര തുറമുഖത്തിനടുത്ത് ഇറ്റാലിയന്‍ കപ്പലായ എന്‍ റിക ലെക്‌സിയില്‍ സുരക്ഷാ ചുമതല വഹിച്ചിരുന്ന നാവികരുടെ വെടിയേറ്റ് കൊല്ലം മൂദാക്കര ഡെറിക് വില്ലയില്‍ വാലന്റൈന്‍ (ജലസ്റ്റിന്‍-50), കളിയിക്കാവിള നിദ്രവിള ഇരയിമ്മന്‍തുറ ഐസക് സേവ്യറിന്റെ മകന്‍ അജീഷ് ബിങ്കി (21) എന്നിവര്‍ കൊല്ലപ്പെട്ടത്. വിഷയത്തില്‍ കേരളത്തിന് കേസ്സെടുക്കാന്‍ അനുവാദമില്ലെന്നും ഇരുവരെയും വിചാരണ ചെയ്യുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക കോടതി രൂപീകരിക്കണമെന്നും ചീഫ് ജസ്റ്റീസിന്റെ ബെഞ്ച് ജനുവരിയില്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ കേന്ദ്രം ഇതുവരെ പ്രത്യേക കോടതി  സ്ഥാപിച്ചിട്ടില്ല.

Tags