Skip to main content

കൊച്ചി: ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ  കൈവശം മിച്ചഭൂമിയുണ്ടെങ്കില്‍ സര്‍ക്കാരിനു ഏറ്റെടുക്കാമെന്ന് ഹൈക്കോടതി. കമ്പനിയില്‍ നിന്ന് ഭൂമി വാങ്ങിയവരും  നിയമവിരുദ്ധമായി സര്‍ക്കാര്‍ ഭൂമി കൈവശം വെച്ചിട്ടുണ്ടെങ്കില്‍ ഭൂസംരക്ഷണനിയമപ്രകാരം ഉത്തരവാദപ്പെട്ട അധികാരി നോട്ടീസ്  നല്‍കി തിരിച്ചുപിടിക്കാമെന്നും കോടതി നിര്‍ദ്ദേശിച്ചു.  നടപടി രണ്ട് മാസത്തിനകം വേണമെന്നും ജസ്റ്റിസുമാരായ തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, എ.വി. രാമകൃഷ്ണപിള്ള എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.

എട്ടുജില്ലകളിലായി 60,000 ഏക്കറോളം ഭൂമിയാണ് കമ്പനിയുടെയും  കമ്പനി കൈമാറിയവരുടെയും കൈവശമുള്ളത്.  ഏറ്റെടുത്ത ശേഷം സിവില്‍ കോടതിയെ സമീപിച്ച് സര്‍ക്കാറിന് ഉടമസ്ഥാവകാശം സ്ഥാപിക്കാമെന്നും  കോടതി വ്യക്തമാക്കി. പത്തനംതിട്ടയില്‍ അഭിഭാഷകനായ പി.ആര്‍. ഹരികുമാര്‍, അജിത്കുമാര്‍, തൊഴിലാളി യൂണിയന്‍ നേതാവ് സി.ആര്‍. നജീബ് എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. അനുവദനീയമായതിനുമപ്പുറം ഭൂമി  വ്യക്തിയുടേയും സ്ഥാപനങ്ങളുടേയും തോട്ടങ്ങളുടേയും കൈവശമുണ്ടെങ്കില്‍ ഏറ്റെടുക്കാന്‍ സര്‍ക്കാറിന് അവകാശമുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി.

അതേസമയം, ഹാരിസണിന് ഭൂമി അനുവദിച്ച ലാന്റ് ബോര്‍ഡ് ഉത്തരവ് ചോദ്യം ചെയ്ത് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ വാദം തുടരും.  വിദേശ കമ്പനികളുടെ ഇന്ത്യയിലെ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന 1973ലെ ഫെറ നിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കാതെയാണ് ഹാരിസന്‍ കമ്പനി ലാന്റ് ബോര്‍ഡ് മുഖേന 60,000ലേറെ ഏക്കര്‍ ഭൂമി നേടിയതെന്നു സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.  ഇംഗ്ലണ്ടിലെ വിലാസത്തിലാണ് ഹാരിസണ്‍ കമ്പനി ലാന്‍ഡ് ബോര്‍ഡ് മുഖേന കമ്പനി കൈവശപ്പെടുത്തിയത്.