Skip to main content
തിരുവനന്തപുരം

 

ബാറുടമസ്ഥ അസോസിയേഷന്റെ വര്‍ക്കിംഗ് പ്രസിഡന്റ് ഡോ. ബിജു രമേശ്‌ സര്‍ക്കാര്‍ ചീഫ് വിപ്പും കേരള കോണ്‍ഗ്രസ് (എം) നേതാവുമായ പി.സി ജോര്‍ജുമായും കേരള കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍. ബാലകൃഷ്ണപിള്ളയുമായും ബാര്‍ കോഴയുമായി ബന്ധപ്പെട്ട വിഷയത്തില്‍ നടത്തിയ ടെലിഫോണ്‍ സംഭാഷണം പുറത്ത്. നവംബര്‍ ഒന്ന്‍, രണ്ട് തിയതികളില്‍ നടത്തിയ ഇരുവരേയും വിളിച്ച് ബിജു രമേശ്‌ നടത്തിയ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്.

 

സംഭാഷണത്തില്‍ ധനകാര്യ മന്ത്രിയും കേരള കോണ്‍ഗ്രസ് (എം) നേതാവുമായ കെ.എം മാണി ബാര്‍ ലൈസന്‍സ് അനുമതിയുമായി ബന്ധപ്പെട്ട് കോഴ വാങ്ങിയതായി താന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോട് നേരിട്ട് പറഞ്ഞിരുന്നുവെന്ന് ബാലകൃഷ്ണപിള്ള പറയുന്നുണ്ട്. സംഭാഷണം ബാലകൃഷ്ണപിള്ള സ്ഥിരീകരിച്ചു. വിഷയത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ ബിജു രമേശിനെ പിള്ള ഉപദേശിക്കുന്നുണ്ട്.

 

ലൈസന്‍സ് നഷ്ടപ്പെട്ട ബാറുടമകളില്‍ നിന്ന്‍ രണ്ടും മൂന്നും ലക്ഷം രൂപ വീതം വെച്ച് 15 കോടി രൂപ പിരിച്ചതായ കാര്യവും താന്‍ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നുവെന്ന് പിള്ള പറഞ്ഞു. കൊട്ടാരക്കരയിലെ ബാറുടമകളില്‍ നിന്ന്‍ പിരിച്ച കാര്യം തനിക്ക് നേരിട്ട് അറിയാമെന്നും പിള്ള വ്യക്തമാക്കി. മുഖ്യമന്ത്രി ഇതുകേട്ട് താടിയ്ക്ക് കൈയും കൊടുത്ത് ഇരിക്കുകയായിരുന്നുവെന്നും പിള്ള വിശദീകരിക്കുന്നു.

 

നെല്ല് വ്യാപാരികളില്‍ നിന്ന്‍ ബില്‍ തടഞ്ഞുവെച്ച് രണ്ട് കോടി രൂപയും സ്വര്‍ണ്ണ വ്യാപാരികളില്‍ നിന്ന്‍ തെരഞ്ഞെടുപ്പ് കാലത്ത് 19 കോടി രൂപയും മാണി കോഴ വാങ്ങിയെന്ന് ബാലകൃഷ്ണപിള്ള സംഭാഷണത്തില്‍ പറയുന്നു. മലബാര്‍ ഗോള്‍ഡ്‌ ഉടമയാണ് സ്വര്‍ണ്ണവ്യാപാരികളില്‍ നിന്ന്‍ പണം പിരിച്ചതെന്നും പിള്ള വ്യക്തമാക്കി.  

 

ബിജു രമേശിനെ നേരില്‍ക്കണ്ട് സംസാരിക്കണം എന്നാവശ്യപ്പെടുന്ന പി.സി ജോര്‍ജ് കെ.എം മാണിയെ അനുകൂലിച്ച് നടത്തുന്ന പരസ്യപ്രസ്താവനകള്‍ കാര്യമാക്കേണ്ട എന്ന്‍ പറയുന്നുണ്ട്. താന്‍ പറയുന്നത് സത്യമാണെന്ന് ബോധ്യമുണ്ടല്ലോ എന്ന്‍ ബിജു രമേശിന്റെ ജോര്‍ജിനോടുള്ള ചോദ്യത്തിന് പൊട്ടിച്ചിരിയാണ് മറുപടി.

 

വിജിലന്‍സ് അന്വേഷണത്തില്‍ മൊഴി മാറ്റിപ്പറയാന്‍ ഏതാനും ബാറുടമകളോട് കേരള കോണ്‍ഗ്രസ് നേതാക്കളായ മന്ത്രി പി.ജെ ജോസഫും ജോസ് കെ. മാണി എം.പിയും ആവശ്യപ്പെട്ടതായി ബിജു രമേശ്‌ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.