Skip to main content

കേരള കോണ്‍ഗ്രസ് (എം) യു.ഡി.എഫിലേക്ക് മടങ്ങിവരണമെന്ന് കെ.പി.സി.സി പ്രസിഡന്റ് എം എം ഹസന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഉടന്‍ മടങ്ങില്ലെന്ന് പാര്‍ട്ടി നേതാവ് കെ.എം മാണി വ്യക്തമാക്കി.

 

മാണിയെ യു.ഡി.എഫില്‍ നിന്ന് ആരും പുറത്താക്കിയതല്ലെന്നും അദ്ദേഹം മടങ്ങിവരുമെന്നാണ് പ്രതീക്ഷയെന്നും ഹസന്‍ പറഞ്ഞു. മാണി തിരിച്ചു വരണമെന്നാണ് എല്ലാവരുടേയും ആഗ്രഹമെന്നും ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ 21-ന് യു.ഡി.എഫ് യോഗം ചേരുമെന്നും ഹസന്‍ അറിയിച്ചു.

 

എന്നാല്‍, ഐക്യ മുന്നണി വിടാനുള്ള ചരല്‍ക്കുന്ന് ക്യാമ്പിലെ തീരുമാനം മാറ്റേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് മാണി പ്രതികരിച്ചു. ആരോടും അമിത സ്‌നേഹമോ അന്ധമായ വിരോധമോ ഇല്ലെന്നും മെറിറ്റിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി കാര്യങ്ങള്‍ തീരുമാനിക്കുകയെന്നും മാണി പറഞ്ഞു.

 

മലപ്പുറത്ത് പിന്തുണ നല്‍കിയത് മുസ്ലിം ലീഗിനാണെന്നും മാണി ഹസ്സനെ തിരുത്തിക്കൊണ്ട് പറഞ്ഞു. ഉപതെരഞ്ഞെടുപ്പില്‍ കെ.എം മാണി നല്‍കിയ പിന്തുണ യു.ഡി.എഫിന് ഗുണം ചെയ്തെന്ന് ഹസ്സന്‍ പറഞ്ഞിരുന്നു. പി.കെ കുഞ്ഞാലിക്കുട്ടിയുടെ തെരഞ്ഞെടുപ്പ്‌ പ്രചരണത്തിന് കെ.എം മാണിയും പി.ജെ ജോസഫുമടക്കമുളള കേരള കോണ്‍ഗ്രസ് (എം) നേതാക്കള്‍ രംഗത്ത്‌ വന്നിരുന്നു.

 

ബാര്‍ കോഴ കേസില്‍ കോണ്‍ഗ്രസിലെ ചില നേതാക്കള്‍ മാണിയെ കുടുക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട യു.ഡി.എഫ് ബന്ധം കേരള കോണ്‍ഗ്രസ് (എം) ഉപേക്ഷിച്ചത്.