Skip to main content

വിജിലൻസ് വകുപ്പിന് ഹൈക്കോടതിയില്‍ നിന്ന്‍ വിമർശനം. പരാതികൾ പരിശോധിച്ച് അവ കള്ളപ്പരാതികളാണോയെന്ന് തിരിച്ചറിയുന്നതിനുള്ള കഴിവ് വിജിലൻസിനില്ലേയെന്ന് കോടതി ആരാഞ്ഞു. പരാതികളുടെ സ്വഭാവം പരിശോധിക്കാൻ വിജിലൻസിനാകുന്നില്ലെങ്കിൽ എന്തിനാണ് ഇത്തരത്തിലൊരു സംവിധാനമെന്നും കോടതി ചോദിച്ചു.

 

വിജിലന്‍സ് അധികാരപരിധി ലംഘിക്കുന്നതായും കോടതി സൂചിപ്പിച്ചു. കേരളപ്പൊലീസിന്റെ ഒരു വിഭാഗം മാത്രമാണ് വിജിലൻസെന്നും പ്രത്യേക അന്വേഷണ സംഘമല്ലെന്നും അവർക്ക് പ്രത്യേക അധികാരങ്ങളില്ലെന്നും കോടതി വ്യക്തമാക്കി.

 

എ.ഡി.ജി.പിയായിരുന്ന എന്‍. ശങ്കര്‍ റെഡ്ഡിയുടെ സ്ഥാനക്കയറ്റം സംബന്ധിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. കേസിലെ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. ഹര്‍ജിക്കാരനായ പായിക്കര നവാസിന് സർക്കാർ രേഖകൾ കിട്ടുന്നതെവിടുന്നാണെന്ന് പരിശോധിക്കണമെന്നും കോടതി നിർദേശിച്ചു. നിലവിൽ നാൽപ്പതിലേറെ കേസുകൾ നവാസിന്റേതായി വിവിധ കോടതികളിൽ വന്നിട്ടുണ്ട്. ഇക്കാര്യത്തിൽ കോടതി സർക്കാരിനോട് വിശദീകരണം തേടി.

 

നേരത്തെ ഇതേ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജി പരിഗണിക്കുമ്പോഴും കോടതി വിജിലൻസിനെതിരെ തിരിഞ്ഞിരുന്നു. മന്ത്രിസഭയെടുത്ത നയപരമായ തീരുമാനങ്ങള്‍ അന്വേഷിക്കാന്‍ വിജിലന്‍സിന് അധികാരമില്ലെന്ന് വ്യക്തമാക്കിയ കോടതി സംസ്ഥാനം വിജിലൻസ് രാജിലേക്കാണോ പോകുന്നതെന്നും സംസ്ഥാനം ഭരിക്കാൻ വിജിലൻസിനെ അനുവദിക്കണോ എന്നു സർക്കാർ ചിന്തിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

 

ഡി.ജി.പി റാങ്ക് നൽകി ശങ്കർ റെഡ്ഡിയെ വിജിലൻസ് ഡയറക്ടറാക്കിയതിൽ ക്രമക്കേടുണ്ടെന്ന പരാതിയിൽ തിരുവനന്തപുരം വിജിലൻസ് കോടതി പ്രാഥമികാന്വേഷണം നിർദേശിച്ചതിനെതിരെയാണ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചിരുന്നത്.