Skip to main content

ബജറ്റ് ചോര്‍ന്നതായി ആരോപിച്ച് ബജറ്റ് അവതരണത്തിനിടെ പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു. ബജറ്റ് അവതരണം തുടങ്ങി രണ്ടര മണിക്കൂര്‍ ആയപ്പോഴാണ് ബജറ്റില്‍ ഇനി അവതരിപ്പിക്കാനിരിക്കുന്ന ഭാഗങ്ങളും സാമൂഹിക മാദ്ധ്യമങ്ങളില്‍ വന്നതായി പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല വെളിപ്പെടുത്തിയത്.

 

പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വെച്ചതിനെ തുടര്‍ന്ന്‍ സംഭവം പരിശോധിച്ച് പിന്നീട് വിശദീകരണം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ്‌ ഐസകും പ്രതികരിച്ചു. എന്നാല്‍, ധനമന്ത്രി ബജറ്റ് അവതരണം തുടര്‍ന്നതോടെ പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു. പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ ബജറ്റിന്റെ ഭാഗങ്ങള്‍ ചെന്നിത്തല വായിക്കുകയും ചെയ്തു. ധനമന്ത്രി രാജിവെക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

 

ബജറ്റ് പ്രസംഗം അടക്കമുള്ള നിയമസഭയില്‍ വെച്ച ബജറ്റ് രേഖകള്‍ ചോര്‍ന്നിട്ടില്ലെന്നും മാദ്ധ്യമങ്ങള്‍ക്ക് നല്‍കിയ പ്രസക്തഭാഗങ്ങള്‍ ആണ് പുറത്തുവന്നിരിക്കുന്നതെന്നുമാണ് മനസിലാക്കുന്നതെന്നും തോമസ് ഐസക് പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.