Skip to main content

അടച്ച ബാറുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് മുന്‍ ധനമന്ത്രി കെ.എം മാണി കോഴ വാങ്ങിയെന്ന കേസില്‍ തുടരന്വേഷണത്തിന് വിജിലന്‍സ്‌ കോടതി ഉത്തരവിട്ടു. വിജിലന്‍സ് എസ്.പി ആര്‍. സുകേശന്റെ ഹര്‍ജിയിലാണ് തിരുവനന്തപുരത്തെ പ്രത്യേക വിജിലന്‍സ് കോടതിയുടെ വിധി. അന്വേഷണം സുതാര്യമായിരിക്കണം എന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

 

കേസ് അവസാനിപ്പിക്കാനുള്ള വിജിലന്‍സ് ഡയറക്ടര്‍ ആയിരുന്ന എന്‍. ശങ്കര്‍ റെഡ്ഡിയുടെ തീരുമാനത്തിനെതിരെയാണ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സുകേശന്‍ കോടതിയെ സമീപിച്ചത്. ശങ്കര്‍ റെഡ്ഡി നിര്‍ബന്ധിച്ച് കേസ് ഡയറിയില്‍ കൃത്രിമം വരുത്തിയതിനാലാണ് മാണിയെ കുറ്റവിമുക്തനാക്കുന്ന തരത്തില്‍ റിപ്പോര്‍ട്ട് നല്‍കേണ്ടി വന്നതെന്ന ഗുരുതര ആരോപണം സുകേശന്‍ കോടതിയില്‍ ഉന്നയിച്ചു. സുകേശന്‍ സമര്‍പ്പിച്ച ആദ്യ റിപ്പോര്‍ട്ടില്‍ മാണിയെ പ്രതി ചേര്‍ക്കാം എന്ന് കണ്ടെത്തിയിരുന്നു.

 

കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് പല ഹര്‍ജികളും കോടതിയുടെ മുന്നിലെത്തിയിരുന്നെങ്കിലും മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ തന്നെ കേസില്‍ അനധികൃത ഇടപെടല്‍ ആരോപിച്ച സ്ഥിതിയ്ക്ക് കോടതി അനുകൂലമായ ഉത്തരവ് നല്‍കുകയായിരുന്നു.

Tags