Skip to main content

ഐക്യ ജനാധിപത്യ മുന്നണിയ്ക്ക് (യു.ഡി.എഫ്) തിരിച്ചടിയായി കേരള കോണ്‍ഗ്രസ് (എം) മുന്നണി വിടുന്നതായി പ്രഖ്യാപിച്ചു. മുന്നണിയെ നയിക്കുന്ന കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നുണ്ടായ അവഹേളനപരമായ സമീപനമാണ് തീരുമാനത്തിന് പിന്നിലെന്ന് പാര്‍ട്ടി നേതാവ് കെ.എം മാണി പറഞ്ഞു. പാര്‍ട്ടിയുടെ ആറു എം.എല്‍.എമാര്‍ നിയമസഭയില്‍ പ്രത്യേക ഘടകമായി ഇരിക്കുമെന്ന് മാണി കൂട്ടിച്ചേര്‍ത്തു.

 

ആഗസ്ത് 6-7 തിയതികളില്‍ പത്തനംതിട്ടയിലെ ചരല്‍ക്കുന്നില്‍ ചേര്‍ന്ന പാര്‍ട്ടി ക്യാംപിലാണ് മൂന്ന് പതിറ്റാണ്ടിലധികമായി തുടരുന്ന രാഷ്ട്രീയ സഖ്യം അവസാനിപ്പിക്കാന്‍ കേരള കോണ്‍ഗ്രസ് തീരുമാനിച്ചത്. പാര്‍ട്ടിയ്ക്കുള്ളില്‍ നിന്ന്‍ മുന്നണി വിടണമെന്ന ആവശ്യം ശക്തമായുര്‍ന്ന പശ്ചാത്തലത്തിലായിരുന്നു ക്യാംപ് നടന്നത്. കഴിഞ്ഞ സര്‍ക്കാറില്‍ ധനമന്ത്രിയായിരിക്കെ കെ.എം മാണിക്കെതിരെ ബാര്‍ കോഴ ആരോപണം ഉയര്‍ന്നത് മുതല്‍ പാര്‍ട്ടിയ്ക്കുള്ളില്‍ കോണ്‍ഗ്രസിനെതിരെ അസംതൃപ്തി പ്രകടമായിരുന്നു.

 

കേരള കോണ്‍ഗ്രസിനെ ദുര്‍ബ്ബലപ്പെടുത്താന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ചില നേതാക്കള്‍ ബോധപൂര്‍വ്വം ശ്രമിച്ചതായും തനിക്കെതിരെ ചിലര്‍ നടത്തിയ രൂക്ഷമായ ആക്രമണവും അവഹേളനവും ഇതിന്റെ ഭാഗമാണെന്നും കെ.എം മാണി പറഞ്ഞു. ഇടതുമുന്നണിയിലേക്കോ ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എയിലേക്കോ പോകാന്‍ ആലോചിക്കുന്നില്ലെന്നും പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ആയിരിക്കും ശ്രമമെന്നും മാണി കൂട്ടിച്ചേര്‍ത്തു.

 

കേരള കോണ്‍ഗ്രസിന്റെ തീരുമാനം ദു:ഖകരമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതികരിച്ചപ്പോള്‍ മാണി നടത്തിയത് വഞ്ചനയാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയുടെ പ്രതികരണം. മാണിയുടെ ആരോപണങ്ങള്‍ തള്ളിയ കെ.പി.സി.സി അദ്ധ്യക്ഷന്‍ വി.എം സുധീരന്‍ അവസരവാദപരമായ നിലപാടാണ് മാണി സ്വീകരിക്കുന്നതെന്നു കുറ്റപ്പെടുത്തി.    

Tags