Skip to main content
കൊച്ചി

k babuബാർ ലൈസൻസ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടിയത് ചട്ടങ്ങൾ പാലിച്ചാണെന്ന് എക്സൈസ് മന്ത്രി കെ.ബാബു. ദൈനംദിന കാര്യങ്ങളിൽ വകുപ്പുകള്‍ നേരിട്ട് നിയമോപദേശം തേടുന്നതാണ് കീഴ്‌വഴക്കമെന്നും പുതിയ നിയമനിര്‍മ്മാണങ്ങളില്‍ മാത്രമാണ് നിയമവകുപ്പ് അറിഞ്ഞു കൊണ്ട് നിയമോപദേശം തേടാറുള്ളതെന്നും ബാബു കൂട്ടിച്ചേര്‍ത്തു. ബാർലൈസൻസ് പുതുക്കി നൽകിയത് നിയമവകുപ്പ് അറിഞ്ഞാണെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രതികരിച്ചു.

 

ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കിയത് നിയമവകുപ്പ് അറിയാതെയാണെന്ന കേരളാ കോണ്‍ഗ്രസ് നേതാക്കളുടെ വാദത്തിന് മറുപടിയായാണ് മുഖ്യമന്ത്രിയും എക്സൈസ് വകുപ്പ് മന്ത്രിയും മാദ്ധ്യമപ്രവര്‍ത്തകരോട് ഈ പ്രതികരണങ്ങള്‍ നടത്തിയത്. എക്‌സൈസ് വകുപ്പ് നേരിട്ടാണ് നീക്കങ്ങള്‍ നടത്തിയതെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും അതെല്ലാം മാധ്യമ സൃഷ്ടിയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.

 

അതേസമയം, ബാര്‍ ലൈസന്‍സ് പുതുക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ എക്‌സൈസ് വകുപ്പും മുഖ്യമന്ത്രിയും നേരിട്ടാണ് നടത്തിയതെന്ന ആരോപണത്തില്‍ കേരള കോണ്‍ഗ്രസ് (എം) നേതാവ് ആന്റണി രാജു ഉറച്ചു നില്‍ക്കുകയാണ്. നിയമവകുപ്പിന്റെ ഉപദേശം തേടണമെന്ന് കുറിപ്പ് എഴുതിയ ഫയല്‍ നിയമവകുപ്പ് മന്ത്രി കെ.എം മാണി കണ്ടത് മന്ത്രിസഭാ യോഗത്തിലാണെന്ന് ആന്റണി രാജു പറഞ്ഞു. എക്‌സൈസ് വകുപ്പ് ഫയല്‍ നേരിട്ട് അഡ്വക്കേറ്റ് ജനറലിനാണ് അയച്ചത്. അവിടെനിന്ന് മുഖ്യമന്ത്രിക്കും തിരിച്ച് അഡ്വക്കേറ്റ് ജനറലിലേക്കും പോയി. പിന്നീട് മന്ത്രിസഭാ യോഗത്തില്‍ വന്നപ്പോഴാണ് നിയമവകുപ്പ് കണ്ടതെന്നും ആന്റണി രാജു പറഞ്ഞു.

Tags