Skip to main content
ന്യൂഡല്‍ഹി

chandy meets modi

 

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭാ സംഘം വ്യാഴാഴ്ച ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. റബ്ബര്‍ വിലയിടിവ്, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടെയുള്ള കേരളത്തിന്റെ ആവശ്യങ്ങള്‍ ഉന്നയിക്കുന്ന നിവേദനം പ്രധാനമന്ത്രിയ്ക്ക് നല്‍കിയിട്ടുണ്ട്. മന്ത്രിമാരായ കെ.എം മാണി, അടൂര്‍ പ്രകാശ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.ബാബു, വി.എസ്.ശിവകുമാര്‍, ഷിബു ബേബി ജോണ്‍, പി.കെ.അബ്ദുറബ്ബ് എന്നിവരടങ്ങിയ സംഘമാണ് കേന്ദ്രസര്‍ക്കാറുമായി നടത്തുന്ന ചര്‍ച്ചകള്‍ക്കായി എത്തിയിട്ടുള്ളത്.

 

 

കേരള സര്‍വ്വകലാശാലയ്ക്കു കീഴിലുള്ള ബി.എഡ് സെന്ററുകള്‍ പൂട്ടിയതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കേന്ദ്ര മാനവവിഭവ ശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനിയുമായി മുഖ്യമന്ത്രി രാവിലെ ചര്‍ച്ച ചെയ്തു. പരിസ്ഥിതി വകുപ്പിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറുമായും സംഘം കൂടിക്കാഴ്ച നടത്തി. കുട്ടനാട്, ഇടുക്കി പാക്കേജുകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പ്രധാനമന്ത്രിയുമായും കേന്ദ്ര കൃഷി വകുപ്പ് മന്ത്രി രാധാമോഹന്‍ സിങ്ങുമായും സംഘം ചര്‍ച്ച ചെയ്തു.   

 

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് കേരളത്തിന്റെ ആവശ്യങ്ങള്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ അംഗീകരിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ അന്തിമ വിജ്ഞാപനം ഉടന്‍ പുറപ്പെടുവിക്കുക, മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ റബ്ബര്‍ അധിഷ്ഠിത വ്യവസായങ്ങള്‍ ഉള്‍പ്പെടെയുള്ള കേരളത്തിലെ വ്യവസായങ്ങളെ ഉള്‍പ്പെടുത്തുക, പാലക്കാട് കോച്ച് ഫാക്ടറി യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുക എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍.

 

റബ്ബര്‍ വിലയിടിവിനെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ പ്രധാനമന്ത്രിയുമായി നടത്തുന്ന ചര്‍ച്ചയില്‍ ഉന്നയിക്കുമെന്ന് മുഖ്യമന്ത്രി ഇന്നലെ മന്ത്രിസഭാ യോഗത്തിന് ശേഷം അറിയിച്ചിരുന്നു. അടുത്ത വര്‍ഷം ആദ്യം നടക്കുന്ന ദേശീയ ഗെയിംസിന്റെ ഉദ്ഘാടന-സമാപന ചടങ്ങുകളിലേക്ക് രാഷ്ട്രപതിയേയും പ്രധാനമന്ത്രിയേയും ക്ഷണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രപതി സ്ഥലത്തില്ലാത്തതിനാല്‍ ക്ഷണക്കത്ത് രാഷ്ട്രപതിഭവന് കൈമാറും.