അത്തം മുതല്‍ ചതയം വരെ ഓണക്കാലത്ത് സമ്പൂര്‍ണ മദ്യനിരോധനം ആവശ്യപ്പെട്ട് ബവറിജസ് കോര്‍പ്പറേഷന്റേയും കൺസ്യൂമർ ഫെഡിന്റേയും മദ്യവില്‍പ്പനശാലകള്‍ക്ക് മുന്നില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തി. വില്‍പ്പനശാലകള്‍ പ്രവര്‍ത്തകര്‍ ബലമായി അടപ്പിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പലയിടത്തും പോലീസ് ബലപ്രയോഗം നടത്തി. പൊലീസ് കാവലിലാണ് വില്‍പ്പനശാലകള്‍ പിന്നീട് തുറന്നു പ്രവർത്തിച്ചത്.
സംസ്ഥാനവ്യാപകമായി നടന്ന പ്രതിഷേധത്തില്‍ കാസർകോട്, കോഴിക്കോട്, മലപ്പുറം, എറണാകുളം, കോട്ടയം എന്നിവിടങ്ങളിൽ യുവമോർച്ച പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. പലയിടത്തും പോലീസ് ലാത്തി വീശി. കോട്ടയത്ത് ഒരു സബ് ഇന്‍സ്പെക്ടര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കൊല്ലത്ത് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.
ഓണം നാളുകളില്‍ 80 ശതമാനത്തിലേറെ മദ്യവില്‍പ്പന നടക്കുന്നത് ബവറിജസ് കോര്‍പ്പറേഷന്റെ വില്പ്പനശാലകളിലൂടെയാണെന്നും പ്രതിഷേധം വരും ദിവസങ്ങളിൽ ശക്തമാക്കുമെന്നും യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ പി. സുധീർ പറഞ്ഞു.

