Skip to main content
തിരുവനന്തപുരം

vm sudheeran and oommen chandy

 

ബാര്‍ ലൈസന്‍സ് പ്രശ്നത്തില്‍ രമ്യമായ പരിഹാരം കണ്ടെത്താന്‍ കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരനോടും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോടും കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിച്ചതായി റിപ്പോര്‍ട്ടുകള്‍. രണ്ട് നേതാക്കളും വിഭിന്ന നിലപാട് എടുത്തിരിക്കുന്ന വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ അനുകൂലിച്ചും പ്രതികൂലിച്ചും പരസ്യ പ്രസ്താവനകളുമായി രംഗത്ത് വന്നിരിക്കുന പശ്ചാത്തലത്തിലാണ് നടപടി. അതിനിടെ, പൂട്ടിക്കിടക്കുന്ന 418 ബാറുകളില്‍ ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമുള്ള നിലവാര പരിശോധന തുടങ്ങിയിട്ടുണ്ട്.

 

കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേല്‍ ഇരു നേതാക്കളുമായും ചർച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തങ്ങളുടെ അഭിപ്രായങ്ങള്‍ രണ്ട് പേരും കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. സോണിയ ഗാന്ധിയ്ക്ക് ഈ വിഷയത്തില്‍ ഒരു കത്തും സുധീരന്‍ നല്‍കിയിട്ടുണ്ട്.

 

നിലവാരമില്ലെന്ന കാരണത്താല്‍ സര്‍ക്കാര്‍ ബാര്‍ ലൈസന്‍സ് പുതുക്കിനല്‍കാതെ ഏപ്രില്‍ ഒന്ന്‍ മുതല്‍ പൂട്ടിക്കിടക്കുന്ന 418 ബാറുകളും തുറക്കേണ്ട എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് വി.എം സുധീരന്‍. ഇത് പാര്‍ട്ടിയുടെ നിലപാടാണെന്നും തന്റെ വ്യക്തിപരമായ ഒന്നല്ലെന്നും സുധീരന്‍ ചൊവ്വാഴ്ച പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രായോഗിക നിലപാടിനെയാണ് പാര്‍ട്ടിയിലെ ഭൂരിപക്ഷവും പിന്തുണയ്‌ക്കുന്നത്‌ എന്ന്‍ കഴിഞ്ഞ ദിവസം കെ.പി.സി.സി ഉപാധ്യക്ഷന്‍ എം.എം ഹസന്‍ പറഞ്ഞിരുന്നു. നിലവാരം വര്‍ധിപ്പിക്കാനുള്ള ഉപാധികളോടെ ബാറുകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന നിലപാടാണ് മുഖ്യമന്ത്രിയും എക്സൈസ് വകുപ്പ് മന്ത്രി കെ. ബാബുവും സ്വീകരിക്കുന്നത്.

 

പ്രശ്നം ചര്‍ച്ച ചെയ്യാന്‍ വ്യാഴാഴ്ച യു.ഡി.എഫ് യോഗം ചേരുന്നുണ്ട്. ഘടകകക്ഷിയായ മുസ്ലിം ലീഗും ബാറുകള്‍ തുറക്കുന്നതിന് എതിരാണ്. വിഷയത്തില്‍ സുധീരന്റെ നിലപാടിന് പിന്തുണ പ്രഖ്യാപിച്ച കൃസ്ത്യന്‍ സഭകള്‍ ബാറുകള്‍ തുറന്നാല്‍ വന്‍ പ്രക്ഷോഭം നടത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 

എക്‌സൈസ് കമ്മീഷണറുടെ നിര്‍ദ്ദേശാനുസരണം പൂട്ടിക്കിടക്കുന്ന ബാറുകളില്‍ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍മാരുടെ സംഘം നിലവാര പരിശോധന തുടങ്ങിയിട്ടുണ്ട്. ഇവര്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. പൂട്ടിയ 418 ബാറുകളില്‍ എക്സൈസ് കമ്മീഷണറും നികുതിവകുപ്പ് സെക്രട്ടറിയും ഉള്‍പ്പെട്ട സമിതി പരിശോധന നടത്തി ആഗസ്ത് 26-നകം റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാറിനോട് ഹൈക്കോടതി വ്യാഴാഴ്ച നിര്‍ദ്ദേശിച്ചിരുന്നു.

Tags