Skip to main content
തിരുവനന്തപുരം

 

കനത്ത മഴ തുടരുന്ന സംസ്ഥാനത്ത് ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഞായർ വരെ മഴ ശക്തിയായി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ 45കിലോമീറ്റര്‍ വരെ കാറ്റിനും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. 21 സെന്‍റീമീറ്റര്‍ മുതല്‍ ഏഴു സെന്‍റീമീറ്റര്‍ വരെയാണ് മഴയുടെ ലഭ്യത.

 

തീരദേശവാസികളും മല്‍സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. ട്രോളിംഗ് നിരോധനം അവസാനിച്ചെങ്കിലും മല്‍സ്യത്തൊഴിലാളികള്‍ കടലിലേക്ക് പോകരുതെന്ന് വിലക്കിയിട്ടുണ്ട്. മലയോര മേഖലകളിൽ മണ്ണിടിച്ചിലിന് സാധ്യതയെന്നും മുന്നറിയിപ്പുണ്ട്.

 

വടക്കന്‍ ജില്ലകളിലാണ് കാലവര്‍ഷം ശക്തം. കഴിഞ്ഞ 48 മണിക്കൂറായി ഇവിടെ മഴ അതിശക്തമായി തുരുകയാണ്. കണ്ണൂരും കാസർകോട്ടുമാണ് ഏറ്റവുമധികം മഴ പെയ്യുന്നത്. ഇവിടെ താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തിന് അടിയില്‍ ആയി. ഏതാനും ആഴ്ചകളായി കാലവർഷം ദുർബലമായിരുന്ന തെക്കൻ കേരളത്തിലും ഇന്നലെ മുതൽ മഴ ശക്തിപ്പെട്ടു.

 

വയനാട്, കാസര്‍കോട് ജില്ലകളിലെ  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി നല്‍കി. ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഉച്ച കഴിഞ്ഞ് അവധി പ്രഖ്യാപിച്ചു.

Tags