Skip to main content
കൊച്ചി

 

സംസ്ഥാനത്തെ ടൂ സ്റ്റാര്‍ ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കിനല്‍കുന്നതില്‍ സര്‍ക്കാര്‍ വിവേചനപരമായ നിലപാട് സ്വീകരിച്ചിട്ടുണ്ടോയെന്ന് ഹൈക്കോടതി. നിലവാരമില്ലാത്ത ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിച്ചിട്ടുണ്ടെന്ന് ആരോപിച്ച് ഒറ്റപ്പാലം അരമന ഹോട്ടല്‍ ഉടമ രാധാകൃഷ്ണന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുക്കുകയായിരുന്നു ജസ്റ്റിസ് എ.വി. രാമകൃഷ്ണപിള്ള അധ്യക്ഷനായ ബെഞ്ച്. തങ്ങള്‍ക്ക് ലൈസന്‍സ് പുതുക്കിനല്‍കാത്ത എക്സൈസ് കമീഷണറുടെ നടപടി ചോദ്യംചെയ്യുന്ന ഹരജിയിലാണ് അര്‍ഹതയില്ലാത്തവക്ക് ലൈസന്‍സ് നല്‍കിയെന്ന ആരോപണമുള്ളത്.

 

2009-ല്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശപ്രകാരമുള്ള ത്രീ സ്റ്റാര്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടും ലൈസന്‍സ് അപേക്ഷ പരിഗണിക്കുന്നില്ല. ലൈസന്‍സ് ഫീ ഇനത്തില്‍ 23 ലക്ഷം രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. ബാറുകളുടെ സൗകര്യങ്ങള്‍ പരിശോധിക്കാന്‍ നിലവില്‍ സംവിധാനമില്ല. ഇതിന്‍റെ അടിസ്ഥാനത്തില്‍ ലൈസന്‍സ് അപേക്ഷ പുന:പരിശോധിച്ച് ഉചിത തീരുമാനമെടുക്കാന്‍ എക്സൈസ് കമീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

അതേസമയം പ്രതിഛായക്ക് വേണ്ടി പ്രസ്താവന നടത്തുന്നവരാണ് ബാറുകള്‍ തുറക്കുന്നതിന് തടസ്സമായി നില്‍ക്കുന്നെതെന്ന് ബാറുടമകള്‍ പറഞ്ഞു. തുറന്നിരിക്കുന്ന ബാറുകള്‍ക്ക് വേണ്ടിയാണ് പലരും സംസാരിക്കുന്നതെന്നും ഐ.എം.എ ആസ്ഥാനത്ത് ബാര്‍ പ്രവര്‍ത്തിക്കുന്നത് പരിശോധിക്കണമെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ബാറുടമകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മദ്യനയത്തില്‍ തീരുമാനമെടുക്കാന്‍ സാവകാശം വേണമെന്ന സര്‍ക്കാര്‍ നിലപാട് തള്ളണമെന്നും ബാറുടമകള്‍ ആവശ്യപ്പെട്ടു.