മഞ്‌ജു വാര്യര്‍ കുടുംബശ്രീയുടെ മട്ടുപ്പാവിലെ ജൈവകൃഷിയുടെ ഗുഡ്‌വില്‍ അംബാസിഡറാകും. മസ്‌കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മന്ത്രി എം.കെ. മുനീറാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. മഞ്‌ജുവാര്യര്‍ നായികയായി അഭിനയിച്ച, ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുന്ന ഹൗ ഓള്‍ഡ് ആര്‍ യു സിനിമയെ വിനോദ നികുതിയില്‍ നിന്ന് ഒഴിവാക്കുമെന്നും കുടുംബശ്രീ ഉല്‍പന്നങ്ങളുടെ ഗുണനിലവാരം പരിശോധിക്കാന്‍ സംവിധാനമൊരുക്കുമെന്നും മന്ത്രി മുനീര്‍ പറഞ്ഞു.
നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ വിഷം അടങ്ങിയിട്ടുണ്ടെന്ന വലിയ തിരിച്ചറിവാണ് ഹൗ ഓള്‍ഡ് ആര്‍ യുവില്‍ അഭിനയിച്ചതിലൂടെ തനിക്കു ലഭിച്ചതെന്നു മഞ്‌ജു പറഞ്ഞു. ഇതിനെതിരേയുള്ള സന്ദേശം ജനങ്ങളിലെത്തിക്കാന്‍ ആശിച്ചപ്പോഴാണു ഗുഡ്‌വില്‍ അംബാസിഡറാകാന്‍ സര്‍ക്കാര്‍ സമീപിച്ചതെന്നും മഞ്‌ജു പറഞ്ഞു. ഹൗ ഓള്‍ഡ് ആര്‍ യു സിനിമയുടെ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് വീഡിയോ കോണ്‍ഫറന്‍സിലൂടെ കുടുംബശ്രീ പ്രവര്‍ത്തകരുമായി സംവദിച്ചു.
47,000 ഹെക്‌ടര്‍ സ്‌ഥലത്ത് കുടുംബശ്രീ ഇപ്പോള്‍ കൃഷി നടത്തുന്നുണ്ട്. ഓരോ ജില്ലയിലും 500 വീടുകളുടെ മട്ടുപ്പാവില്‍ കൃഷി നടത്താന്‍ പദ്ധതി തയാറാക്കിയിട്ടുണ്ട്. പച്ചക്കറിത്തൈകള്‍ അടങ്ങിയ പാക്കറ്റുകള്‍ കുടുംബശ്രീ വിപണനം ചെയ്യും. കുടുംബശ്രീ എക്‌സിക്യൂട്ടിവ് ഡയറക്‌ടര്‍ കെ.ബി. വല്‍സലകുമാരി, പ്രോഗ്രാം മാനേജര്‍ ഡോ.എം.എസ് സലീം, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം സ്വപ്‌ന ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.

