Skip to main content
കൊച്ചി

ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കുന്ന വിഷയത്തില്‍ തീരുമാനമെടുക്കാന്‍ നാലാഴ്ച സമയം അനുവധിക്കണമെന്ന്‍ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. അടച്ചുപൂട്ടിയ 418 ബാറുകളുടെ ലൈസന്‍സ് പുതുക്കി നല്‍കാത്തതിനെതിരെ ബാറുടമകള്‍ സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് പരിഗണിക്കവെയാണ് സര്‍ക്കാര്‍ ആവശ്യം കോടതിയെ അറിയിച്ചത്. നയപരമായ തീരുമാനം എടുക്കേണ്ടതിനാല്‍ ഒരുമാസത്തെ സാവകാശം നല്‍കണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം.

 

ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കാത്തതിനെതിരെ സ്റ്റാര്‍ പദവിയുള്ള പത്ത് ബാറുടമകള്‍ നേരത്തെ ഹൈക്കോടതി സിംഗിള്‍ ബഞ്ചിനെ സമീപിച്ചിരുന്നു. എന്നാല്‍ സിംഗിള്‍ ബഞ്ച് ഹര്‍ജി തള്ളി. തുടര്‍ന്നാണ് അവര്‍ ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചത്. ബാറുകളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നതില്‍ അതൃപ്തി രേഖപ്പെടുത്തിയ ഹൈക്കോടതി ലൈസന്‍സ് വിഷയത്തിലെ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും ഇല്ലെങ്കില്‍ കോടതിക്ക് ഇടപെടേണ്ടി വരുമെന്ന് മുന്നറിയിപ്പും നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇപ്പോള്‍ ബാര്‍ ലൈസന്‍സില്‍ നയപരമായ തീരുമാനം കൈക്കൊള്ളാന്‍ നാലാഴ്ച സമയം കൂടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.