Skip to main content
തിരുവനന്തപുരം

 

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നിയമസഭ പ്രമേയം പാസാക്കി. വിഷയം സുപ്രീം കോടതിയുടെ പൂർണ ഭരണഘടനാ ബെഞ്ചിന് വിടുന്നതിന് രാഷ്ട്രപതി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ ഏകകണ്ഠമായാണ് പ്രമേയം പാസാക്കിയത്. പുതിയ ഡാം വേണമെന്ന ആവശ്യവും കേരളം പ്രമേയത്തിൽ ആവർത്തിച്ചിട്ടുണ്ട്. പുതിയ ഡാമിനായി കേരളത്തിനും തമിഴ്നാടിനും ഒരുപോലെ സ്വീകാര്യമായ പുതിയ സ്ഥലം കണ്ടെത്തുന്നതിന് കേന്ദ്ര സർക്കാർ ഇടപെടണമെന്നും മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയർത്തിയാൽ അത് ഡാമിന്റെ പ്രദേശത്തെ പരിസ്ഥിതിയെ ബാധിക്കുമെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.

 

പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനാണ് ഇതു സംബന്ധിച്ച ചർച്ച നിയമസഭയിൽ തുടങ്ങിയത്. കോടതിയിൽ പ്രതികൂല വിധി ഉണ്ടായതിനു കാരണം സർക്കാരിന്റെ ഉത്തരവാദിത്തരഹിതമായ നിലാപാടാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്തിന്റെ വാദങ്ങൾ സുപ്രീം കോടതിയെ വേണ്ടവിധം ബോദ്ധ്യപ്പെടുത്താനായില്ലെന്നും അഡ്വക്കേറ്റ് ജനറലിന്റെ പല വാദങ്ങളും സാമാന്യ യുക്തിയ്ക്ക് നിരക്കാത്തതായിരുന്നു എന്നും വി.എസ് പറഞ്ഞു. തുടര്‍ന്ന് ചര്‍ച്ചയ്ക്ക്‌ ശേഷം പ്രമേയം നിയമസഭ പാസാക്കുകയായിരുന്നു.