Skip to main content
തിരുവനന്തപുരം

 

സംസ്ഥാനത്ത് 34 വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് മേല്‍ക്കൈ. എല്‍.ഡി.എഫിന് 15-ഉം യു.ഡി.എഫിന് 13-ഉം വാര്‍ഡുകള്‍ ജയിച്ചു. എല്‍.ഡി.എഫിന് നാലും യു.ഡി.എഫിന് 12-ഉം സിറ്റിങ് വാര്‍ഡുകള്‍ നഷ്ടമായി. ബി.ജെ.പി ഒരു സീറ്റിലും സ്വതന്ത്രര്‍ മൂന്നു സീറ്റുകളിലും വിജയിച്ചു.

 

തിരുവനന്തപുരത്തെ ആറ്റിപ്ര വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്‍റെ ശോഭ ശിവദത്ത് ജയിച്ചു. ബി.ജെ.പി രണ്ടാം സ്ഥാനത്ത് എത്തിയപ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.ഇടുക്കി അടിമാലി ബ്ളോക്ക് പഞ്ചായത്ത് മുനിയറ വാര്‍ഡില്‍ ഇടത് സ്വതന്ത്രസ്ഥാനാര്‍ഥി രമ്യ റനീഷ് വിജയിച്ചു.

 

ഒറ്റപ്പാലം അനങ്ങനടി പഞ്ചായത്തിലെ കോട്ടക്കുളം വാര്‍ഡില്‍ യു.ഡി.എഫ് വിജയിച്ചു. യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.കെ റഷീദാണ് വിജയിച്ചത്. മലപ്പുറം ഒതുക്കുന്നല്‍ പത്താം വാര്‍ഡ് മുസ് ലീം ലീഗ് നിലനിര്‍ത്തി. പാലക്കാട് ചിറ്റൂര്‍ തത്തമംഗലം നഗരസഭ വടക്കത്തറ വാര്‍ഡില്‍ കോണ്‍ഗ്രസിലെ രാധാമണി 228 വോട്ടിന് ജയിച്ചു.

 

മലപ്പുറം തിരുവാലി പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രീതി 352 വോട്ടുകള്‍ക്ക് വിജയിച്ചു. തിരൂരങ്ങാടി പഞ്ചായത്തിലെ 22ാം വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി ഹംസ 656 വോട്ടുകള്‍ക്ക് വിജയിച്ചു. മങ്കട ബ്ലോക്കിലെ നാലാം വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ദീപ 701 വോട്ടുകള്‍ക്ക് വിജയിച്ചു.

 

തൃശൂരില്‍ രണ്ട് വാര്‍ഡും എല്‍.ഡി.എഫ് നിലനിര്‍ത്തി. തൃശൂര്‍ ജില്ലാ പഞ്ചായത്ത് വള്ളത്തോള്‍നഗര്‍ ഡിവിഷനില്‍ 5,924 വോട്ടിന് റംല ഷരീഫും വേളൂക്കര പഞ്ചായത്ത് 10ാം വാര്‍ഡില്‍ 537 വോട്ടിന് ട്രീസ മനോഹരനുമാണ് ജയിച്ചത്.