Skip to main content
തിരുവനന്തപുരം

 

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഗണ്‍മാനായിരുന്ന സലിം രാജിന്റെ അനധികൃത ഭൂമിയിടപാടുകള്‍ സി.ബി.ഐ അന്വേഷണത്തിന് വിട്ടുകൊണ്ട് ഹൈക്കോടതി സിംഗിള്‍ ബഞ്ച് മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായി നടത്തിയ പരാമര്‍ശങ്ങള്‍ ഭാഗികമായി സ്റ്റേ ചെയ്തു. മുഖ്യമന്ത്രിയ്ക്കും ഓഫീസിനും എതിരെ പരാമര്‍ശമുള്ള വിധിയിലെ എഴുപതാം ഖണ്ഡികയിലെ രണ്ട് പരാമര്‍ശങ്ങളാണ് സ്റ്റേ ചെയ്തത്. ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെതാണ് ഇടക്കാല ഉത്തരവ്.

 

മുഖ്യമന്ത്രി ജനങ്ങളോട് ഉത്തരം പറയണമെന്ന പരാമര്‍ശത്തിനും മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉള്ളവര്‍ എന്തും ചെയ്യുമെന്ന പരാമര്‍ശത്തിനുമാണ് സ്റ്റേ ഉത്തരവുള്ളത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ഹൈക്കോടതി സിംഗിള്‍ ബഞ്ച് നടത്തിയ പരാമര്‍ശം നീക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വക്കെറ്റ് ജനറല്‍ കെ.പി ദണ്ഡപാണിയാണ് തിങ്കളാഴ്ച അപ്പീല്‍ സമര്‍പ്പിച്ചത്.

 

വിശ്വാസ്യതയില്ലാത്ത പഴ്‌സണല്‍ സ്റ്റാഫിനെ നിയമിച്ചതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിയ്ക്കാണെന്നും ഓഫീസിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ മുഖ്യമന്ത്രി ജനങ്ങളോട് വിശദീകരിക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദിന്റെ ബഞ്ച് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. സലിം രാജിന്റെ ഭൂമി തട്ടിപ്പ് കേസുകളില്‍ സി.ബി.ഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിടുകയും ചെയ്തിരുന്നു.