സി.എം.പി പിളര്‍ന്നു. യു.ഡി.എഫിന്റെ ഘടകകക്ഷിയായ കെ.ആര്‍ അരവിന്ദാക്ഷന്‍ വിഭാഗം യു.ഡി.എഫ് വിട്ടു. തൃശ്ശൂരില്‍ ചേര്‍ന്ന കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് തീരുമാനം ഉണ്ടായത്.ഇനി മുതല്‍ ഇടതുമുന്നണിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. സി.പി ജോണിനെ മാത്രമേ യു.ഡി.എഫ് അംഗീകരിക്കുന്നുള്ളൂ എന്ന് ആരോപിച്ചാണ് അരവിന്ദാക്ഷന്‍ വിഭാഗം യു.ഡി.എഫ് വിടാന്‍ തീരുമാനിച്ചത്.
പിളര്‍പ്പിനെ തുടര്‍ന്ന് കണ്ണൂരിലെ സി.എം.പി ഓഫീസ് അരവിന്ദാക്ഷന്‍ വിഭാഗം പിടിച്ചെടുത്തു. തൊട്ടുപിന്നാലെ തിരുവനന്തപുരത്തെ സംസ്‌ഥാന കമ്മിറ്റി ഓഫീസ് സി.പി ജോണ്‍ വിഭാഗം നിയന്ത്രണത്തിലാക്കി പോലീസ് സംരക്ഷണമേര്‍പ്പെടുത്തി. അരവിന്ദാക്ഷന്‍ വിഭാഗം സി.എം.പി വിടുന്നുവെന്ന വാര്‍ത്ത വന്ന ഉടനെയാണ് കണ്ണൂരിലെ ഓഫീസ് അരവിന്ദാക്ഷന്‍ വിഭാത്തെ പിന്തുണയ്‌ക്കുന്ന പ്രവര്‍ത്തകര്‍ പിടിച്ചെടുത്തത്.
കണ്ണൂരില്‍ പിടിച്ചെടുത്ത സി.എം.പി ഓഫീസ് എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസായി പ്രഖ്യാപിച്ച് ബോര്‍ഡും സ്‌ഥാപിച്ചു. ഓഫീസ് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ഉദ്‌ഘാടനം ചെയ്‌തു. ഇതേതുടര്‍ന്നാണ് സംഘര്‍ഷാവസ്‌ഥയൊന്നും ഉണ്ടായിരുന്നില്ലെങ്കിലും സംസ്‌ഥാന കമ്മിറ്റി ഓഫീസ് സി.പി ജോണ്‍ വിഭാഗം പിടിച്ചെടുത്തത്.