Skip to main content
തിരുവനന്തപുരം

shashi tharoor and ap anil kumarകേരളത്തിന്റെ വിനോദസഞ്ചാര രംഗത്ത് കുതിച്ചുചാട്ടത്തിനു വഴിയൊരുക്കിയ കൊച്ചി-മുസ്സിരിസ് ബിനാലെയുടെ വിജയവും കുമരകത്തെ ഉത്തരവാദ വിനോദസഞ്ചാര പദ്ധതിയും വിവരസാങ്കേതിക വിദ്യയുടെ വര്‍ധിത ഉപയോഗവും 2012-13 വര്‍ഷത്തെ ദേശീയ വിനോദസഞ്ചാര പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമായി. മികച്ച രണ്ടാമത്തെ സംസ്ഥാനത്തിനുള്ള പുരസ്‌കാരം കൂടി കൂട്ടുമ്പോള്‍ നാല് അവാര്‍ഡുകളാണ് ഇത്തവണ കേരളത്തെ തേടിയെത്തിയത്. 

 

ന്യൂഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര മാനവവിഭവശേഷി സഹമന്ത്രി ഡോ. ശശി തരൂരില്‍ നിന്ന് സംസ്ഥാന ടൂറിസം മന്ത്രി എ.പി.അനില്‍ കുമാര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. കുമരകത്തിനുള്ള പുരസ്‌കാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബുവാണ് സ്വീകരിച്ചത്.

 

ഏതെങ്കിലും പ്രത്യേക വിനോദസഞ്ചാര വിഭാഗത്തെ പരിഗണിക്കുന്ന 'നൂതനവും പുതുമയുള്ളതുമായി ടൂറിസം പദ്ധതി'കളുടെ വിഭാഗത്തിലാണ് കൊച്ചി-മുസ്സിരിസ് ബിനാലെയ്ക്ക് പുരസ്‌കാരം. ഇന്ത്യയിലെ വിനോദസഞ്ചാര ലക്ഷ്യസ്ഥാനങ്ങളുടെ നാഗരിക കൈകാര്യത്തിനാണ് കുമരകം ഗ്രാമപഞ്ചായത്ത് പുരസ്‌കാരം നേടിയത്. വിവരസാങ്കേതിക വിദ്യയുടെ ഏറ്റവും മികച്ച രീതിയിലുള്ള ഉപയോഗത്തിനാണ് കേരള ടൂറിസം പുരസ്‌കാരത്തിന് അര്‍ഹമായത്.

 

രാജ്യത്തെ മികച്ച വിനോദസഞ്ചാര പങ്കാളികള്‍ക്ക് ലഭിക്കുന്ന അംഗീകാരമെന്ന നിലയില്‍ എല്ലാവര്‍ഷവും ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒന്നാണ് ദേശീയ വിനോദസഞ്ചാര പുരസ്‌കാരങ്ങള്‍. ഇത്തവണ അവയില്‍ നാലെണ്ണം കേരളത്തിനു ലഭിച്ചത് വലിയൊരു അംഗീകാരമായി കാണുന്നുവെന്ന് ടൂറിസം മന്ത്രി എ.പി.അനില്‍ കുമാര്‍ പറഞ്ഞു. സാങ്കേതികവിദ്യയുടെ സാധ്യതകള്‍ ഉപയോഗിച്ചും പ്രാദേശിക ജനസമൂഹങ്ങളുടെ സഹകരണത്തോടെയും കേരളത്തില്‍ സുസ്ഥിരവിനോദസഞ്ചാരം സാധ്യമാക്കാനുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങള്‍ക്കുള്ള അംഗീകാരമാണിത്. വരുംവര്‍ഷങ്ങളിലും വിനോദസഞ്ചാരമേഖലയില്‍ നേതൃനിരയില്‍തന്നെ തുടരാനുതകും വിധത്തിലുള്ള നൂതന പരിപാടികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

 

2012 ഡിസംബര്‍ മുതല്‍ മൂന്നുമാസക്കാലം വിനോദസഞ്ചാര വകുപ്പിന്റെ സഹകരണത്തോടെ കൊച്ചിയില്‍ നടന്ന കൊച്ചി-മുസ്സിരിസ് ബിനാലെ വിദേശികളും സംസ്ഥാനത്തിനു പുറത്തുനിന്നുള്ള ആഭ്യന്തര സഞ്ചാരികളും ഉള്‍പ്പെടെ ലക്ഷക്കണക്കിനാളുകളെ ആകര്‍ഷിച്ച പരിപാടിയായി മാറിയിരുന്നു.

 

കുമരകം ഗ്രാമപഞ്ചായത്തും കേരള വിനോദസഞ്ചാര വകുപ്പും ചേര്‍ന്നു നടത്തിയ പരിശ്രമങ്ങളിലൂടെ കുമരകത്ത് പാരിസ്ഥിതികവും സാമൂഹ്യവും സാമ്പത്തികവുമായ മാറ്റം വരുത്താന്‍ സാധിച്ചു. രാജ്യത്താദ്യമായി ഉത്തരവാദ വിനോദസഞ്ചാരം നടപ്പാക്കിയ കുമരകം രാജ്യത്തിനാകെ ഇക്കാര്യത്തില്‍ മാതൃകയായി മാറുകയായിരുന്നു.

 

ലോകത്ത് ഏറ്റവുമധികംപേര്‍ സന്ദര്‍ശിക്കുന്ന വെബ്‌സൈറ്റുകളിലൊന്നാണ് കേരള ടൂറിസത്തിന്റേത് (www.keralatourism.org). കഴിഞ്ഞ മാര്‍ച്ചില്‍ വെബ്കാസ്റ്റ് ചെയ്ത തെയ്യത്തിന്റെ തല്‍സമയ അവതരണവും കേന്ദ്ര മന്ത്രി ഡോ.ശശി തരൂര്‍ ക്വിസ് മാസ്റ്ററായ ക്വിസ് മല്‍സരവും ഉള്‍പ്പെടെ ഒട്ടേറെ പരിപാടികള്‍ വെബ്‌സൈറ്റ് ഉപയോഗിച്ച് കേരള വിനോദസഞ്ചാര വകുപ്പ് നടപ്പാക്കുന്നുണ്ട്. മറ്റൊരു നൂതന ഓണ്‍ലൈന്‍ മല്‍സരത്തിലൂടെ മികച്ച ട്രാവല്‍ ബ്ലോഗര്‍മാരെ കണ്ടെത്തി അടുത്ത മാസം അവര്‍ക്കായി 'കേരള ബ്ലോഗ് എക്‌സ്പ്രസ്സ്' എന്ന പേരില്‍ കേരളത്തിലൂടെ ഒരു യാത്രയും സംഘടിപ്പിക്കുന്നുണ്ട്.

 

ഐക്യരാഷ്ട്ര സഭ ലോക വിനോദസഞ്ചാര സംഘടനയുടെ യൂളിസീസ് പ്രൈസ് കുമരകം പദ്ധതിക്ക് ലഭിച്ചതിനു തൊട്ടുപിന്നാലെയാണ് ദേശീയ വിനോദസഞ്ചാര പുരസ്‌കാരങ്ങളും കേരളത്തെ തേടിയെത്തുന്നത്. ഇന്ത്യയിലേക്ക് ആദ്യമായിട്ടായിരുന്നു യൂളിസീസ് പുരസ്‌കാരമെത്തിയത്.

 

സ്വകാര്യമേഖലയിലും കേരളത്തിന് നാല് പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മികച്ച പഞ്ചനക്ഷത്ര ഹോട്ടലായി കുമരകം ലേക്ക് റിസോര്‍ട്ട് തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ഫോര്‍ സ്റ്റാര്‍ ഹോട്ടലായി കുമരകത്തെ താജ് വിവാന്തയും ത്രീ സ്റ്റാര്‍ ഹോട്ടലായി ഫോര്‍ട്ട് കൊച്ചി ബ്രണ്ടന്‍ ബോട്ട്‌യാര്‍ഡും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ഇന്‍ബൗണ്ട് ടൂര്‍ ഓപ്പറേറ്റര്‍ക്കുള്ള കാറ്റഗറി ആറിലെ പുരസ്‌കാരം തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗ്രേറ്റ് ഇന്‍ഡ്യ ടൂര്‍ കമ്പനിക്കാണ്.