Skip to main content
തിരുവനന്തപുരം

Achuthanandan_ടി.പി വധ ഗൂഢാലോചന കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നടത്തിയ നിരാഹാര സമരം കെ.കെ രമ അവസാനിപ്പിച്ചെങ്കിലും വിഷയത്തെ ചൊല്ലി തര്‍ക്കം മുറുകുന്നു. രമയുടെ ആവശ്യത്തെ പിന്തുണച്ച് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കത്തയച്ചതായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ സ്ഥിരീകരിച്ചു. കത്ത് പാര്‍ട്ടി ചര്‍ച്ച ചെയ്തോട്ടെയെന്നും വി.എസ് പറഞ്ഞു.

 

നേരത്തെ ഓഫീസില്‍ നിന്ന് ഇത്തരമൊരു കത്ത് പോയിട്ടില്ലെന്ന്‍ വി.എസിന്റെ പ്രസ് സെക്രട്ടറിയും പഴ്‌സണല്‍ സെക്രട്ടറിയും പറഞ്ഞിരുന്നു. കത്ത് വ്യാജമായിരിക്കാമെന്നും ഇത് സംബന്ധിച്ച് അന്വേഷണം വേണമെന്നും പിണറായി പറഞ്ഞിരുന്നു. പിണറായി അങ്ങനെ പറയാന്‍ സാധ്യതയില്ലെന്നാണ് വി.എസ് പ്രതികരിച്ചത്.

 

വി.എസിന്റെ ഒപ്പോടു കൂടിയ കത്താണ് ലഭിച്ചതെന്ന് നേരത്തെ മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചിരുന്നു. വി.എസ് തങ്ങള്‍ക്കൊപ്പമാണെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞതായി ആര്‍.എം.പി നേതാവ് കെ.കെ രമ പ്രതികരിച്ചു.

 

അതിനിടെ, സി.ബി.ഐ അന്വേഷണത്തെ ചൊല്ലി മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയും മുന്‍ ആഭ്യന്തര മന്ത്രിയും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തു. രമയുടെ ആവശ്യം ഉയര്‍ന്നയുടന്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കണമായിരുന്നുവെന്ന് മുന്‍ ആഭ്യന്തരമന്ത്രിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. എന്നാല്‍ നിയമനടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാതെ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചാല്‍ സര്‍ക്കാരിന് ദോഷമാകുന്ന തിരിച്ചടി ഉണ്ടായേക്കുമെന്ന വാദമാണ് രമേശ് ചെന്നിത്തല മുന്നോട്ടുവച്ചത്.