Skip to main content
കൊച്ചി

high courtലാവ്‌ലിന്‍ കേസില്‍ പ്രത്യേക സി.ബി.ഐ കോടതിയുടെ വിധിക്കെതിരെ ഹൈക്കോടതിയില്‍ സി.ബി.ഐ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി കേള്‍ക്കുന്നതില്‍നിന്ന് ജസ്റ്റിസ് എന്‍.കെ ബാലകൃഷ്ണന്‍ പിന്മാറി. ജസ്റ്റിസ് കെ. രാമകൃഷ്ണനായിരിക്കും കേസ് പരിഗണിക്കുക.  ഇതേ വിഷയത്തില്‍ ക്രൈം നന്ദകുമാര്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി കേള്‍ക്കുന്നതില്‍നിന്ന് നേരത്തെ മൂന്ന് ജഡ്ജിമാര്‍ പിന്‍മാറിയിരുന്നു.

 

ഉച്ചയ്ക്ക് ശേഷം ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് കെ. രാമകൃഷ്ണന്റെ ബഞ്ച് കേസില്‍ സംസ്ഥാന സര്‍ക്കാറിനെ കക്ഷി ചേര്‍ക്കാത്തതെന്തെന്ന്‍ സി.ബി.ഐയോട് ആരാഞ്ഞു. സംസ്ഥാന സര്‍ക്കാറിന് ആവശ്യമെങ്കില്‍ കേസില്‍ നേരിട്ടു കക്ഷി ചേരാമെന്ന് കോടതി പറഞ്ഞു. കേസ് ഈ മാസം 11-ന് വീണ്ടും പരിഗണിക്കും.

 

സംസ്ഥാനത്തെ മൂന്ന്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്.എന്‍.സി ലാവ്‌ലിന്‍ കമ്പനിയുമായുള്ള ഇടപാടില്‍ അഴിമതി നടന്നു എന്ന കേസില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയും മുന്‍ വൈദ്യുത മന്ത്രിയുമായ പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവരെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയ പ്രത്യേക സി.ബി.ഐ കോടതിയുടെ വിധിക്കെതിരെയാണ് സി.ബി.ഐ ഹൈക്കോടതിയെ സമീപിച്ചത്.

 

സര്‍ക്കാരില്‍ സ്വാധീനമുള്ള അഡ്വ. സി.കെ ശ്രീധരന്റെ ജൂനിയറായിരുന്നു താനെന്നും ഈ സാഹചര്യത്തില്‍ കേസ് കേള്‍ക്കുന്നതില്‍ ഔചിത്യപ്രശ്നമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എന്‍.കെ ബാലകൃഷ്ണന്‍ കേസില്‍ നിന്ന്‍ പിന്മാറിയത്. ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സര്‍ക്കാര്‍ നിയമിച്ച പ്രത്യേക പ്രോസിക്യൂട്ടര്‍ ആയിരുന്നു  അഡ്വ. സി.കെ ശ്രീധരന്‍.

 

അതേസമയം, ഇതിനകം തന്നെ രാഷ്ട്രീയ വിവാദമായ കേസില്‍ ജഡ്ജിമാര്‍ പിന്മാറുന്നത് കൂടുതല്‍ നിയമവൃത്തങ്ങളില്‍ കടുത്ത പ്രതികരണങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. കേസ് കേള്‍ക്കുന്നതില്‍ നിന്നും പിന്‍മാറിയ ജഡ്ജിമാര്‍ രാജിവെക്കണമെന്ന് മുന്‍ സുപ്രീം കോടതി ജഡ്ജി വി.ആര്‍ കൃഷ്ണയ്യര്‍ ആവശ്യപ്പെട്ടു. സത്യപ്രതിജ്ഞാ ലംഘനമാണ് ജഡ്ജിമാര്‍ നടത്തുന്നതെന്ന്‍ അദ്ദേഹം പറഞ്ഞു. ഹൈക്കോടതിയില്‍ ജഡ്ജിമാരായ കെ. ഹരിലാല്‍, തോമസ് പി ജോസഫ്, എം.എല്‍ ജോസഫ് ഫ്രാന്‍സിസ് എന്നിവരാണ് മുമ്പ് കേസിന്റെ വാദം കേള്‍ക്കുന്നതില്‍ നിന്ന് പിന്‍മാറിയത്.