Skip to main content
കോട്ടയം

രാഷ്ട്രീയ-സമുദായ നേതൃത്വവും സമൂഹത്തിന്റെ താക്കോല്‍ സ്ഥാനത്തിരിക്കുന്നവരും കേരളത്തിലെ പുതിയ തലമുറയുടെ സ്വപ്നങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കണമെന്ന് കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി എ.കെ ആന്റണി. ഇപ്പോഴുള്ളത് ന്യൂജനറേഷൻ കേരളമാണെന്നും ഈ തലമുറയുടെ സ്വപ്നങ്ങള്‍ അൻപതോ അറുപതോ വർഷം മുൻപുള്ള രാഷ്ട്രീയ നേതൃത്വത്തിന്റെ ചിന്തകളിൽ കടന്നു വരില്ലെന്നും ആന്റണി പറഞ്ഞു. അത് പഠിച്ചെടുക്കാനും മാറിച്ചിന്തിക്കാനുമാണ് നേതൃത്വം ശ്രമിക്കേണ്ടതെന്ന് ആന്റണി പറഞ്ഞു.

 

ദക്ഷിണേന്ത്യയിലെ ആദ്യത്തേതും രാജ്യത്തെ നാലാമത്തെതുമായ സയൻസ് സിറ്റിക്ക് കോട്ടയത്ത് കുറവിലങ്ങാട് തറക്കല്ലിട്ടു സംസാരിക്കുകയായിരുന്നു ആന്റണി. മുഖ്യമന്ത്രി ഉമ്മൻചാണ്ടി അധ്യക്ഷനായിരുന്നു. ഐഎസ്ആർഒ ചെയർമാൻ ഡോ. കെ. രാധാകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. സയൻസ് സിറ്റി ആദ്യ ഘട്ടത്തില്‍ ഐ.എസ്.ആർ.ഒ സ്പേസ് സെന്ററിന്റെ ചെറിയൊരു മാതൃകയും ഉള്‍പ്പെടുത്തുമെന്ന് കെ. രാധാകൃഷ്ണൻ വാഗ്ദാനം നല്‍കി.

 

മന്ത്രിമാരായ കെ.എം മാണി, തിരുവഞ്ചൂർ രാധാകൃഷണൻ, പി.കെ. അബ്ദുറബ്ബ്, എം.പിമാരായ ജോസ് കെ. മാണി, ജോയ് എബ്രഹാം എം.എൽ.എമാരായ മോൻസ് ജോസഫ്,  കെ.അജിത് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

കോഴാ ജില്ലാ കൃഷിത്തോട്ടത്തിൽ നിന്ന് ഏറ്റെടുത്ത 30 ഏക്കർ സ്ഥലത്താണ് സയൻസ് സിറ്റി നിര്‍മ്മിക്കുന്നത്. നാഷനൽ കൗൺസിൽ ഫോർ സയൻസ് മ്യൂസിയം, സംസ്ഥാന ശാസ്ത്ര സാങ്കേതിക വകുപ്പ് എന്നിവയുടെ മേൽനോട്ടത്തിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾ രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ 100 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത്. കൊൽക്കത്ത, ജലന്ധർ, അഹമ്മദാബാദ് എന്നിവിടങ്ങളിലാണ് ഇപ്പോള്‍ സയൻസ് സിറ്റിയുള്ളത്.

 

ആദ്യഘട്ടത്തില്‍ വാനനിരീക്ഷണ കേന്ദ്രം, സ്പേസ് തിയറ്റർ, ആധുനിക ശാസ്ത്രത്തിന്റെ വളർച്ചയും വികാസവും വിശദമാക്കുന്ന പോപ്പുലർ സയൻസ് ആർട് ഗ്യാലറി, അനിമേഷൻ, ഗ്രാഫിക്‌സ്, ലേസർ മൾട്ടിമീഡിയ എന്നിവയിലൂടെ ഇന്റർആക്ടീവ് രീതിയിൽ അവതരിപ്പിക്കുന്ന നൂറിലേറെ ശാസ്ത്രതത്വങ്ങളുടെ പ്രദർശന ഗ്യാലറികൾ, വാട്ടർതീം പാർക്ക്, ലേസർ മൾട്ടിമീഡിയ സംവിധാനത്തോടു കൂടിയ ജലധാര, മോഷൻ സിമുലേറ്റർ സംവിധാനമുള്ള മൾട്ടി ഡൈമൻഷനൽ ത്രിൽ ഏരിയ, സയൻസ് പാർക്ക്, ത്രീഡി തിയറ്റർ, ആധുനിക രീതിയിലുള്ള പഠന സംവിധാനം, ഓഡിറ്റോറിയങ്ങൾ, സെമിനാർ ഹാളുകൾ, ആധുനിക ലൈബ്രറി എന്നിവയാണ് നിര്‍മ്മിക്കുക.

 

റോബോട്ടിക്‌സ്, വാനശാസ്ത്രം, എയ്‌റോ സ്പേസ്, സമുദ്രപഠനം, ദിനോസർ ഉൾപ്പെടെയുള്ള ജീവികളുടെ പരിണാമം എന്നിവ വിശദീകരിക്കുന്ന ഇവലൂഷൻ പാർക്ക്, ബയോടെക്‌നോളജി, നാനോ ടെക്‌നോളജി തുടങ്ങിയവുമായി ബന്ധപ്പെട്ട ഗ്യാലറികൾ, ആകാശ ഗതാഗതം സാധ്യമാക്കുന്ന റോപ്പ് കാർ, വൈ ഫൈ, വൈ മാക്‌സ് സൗകര്യങ്ങളുള്ള ക്യാംപസ്, അടിസ്ഥാന ശാസ്ത്ര പരീക്ഷണശാലകൾ, ഹാം റേഡിയോ, അമച്വർ റേഡിയോ സ്‌റ്റേഷനുകൾ, സഞ്ചരിക്കുന്ന ശാസ്ത്ര പ്രദർശന യൂണിറ്റുകൾ, ശാസ്ത്ര ഉദ്യാനങ്ങൾ, വാക്‌വേ മ്യൂസിയം, അക്വേറിയം, ബൊട്ടാണിക്കൽ ഗാർഡൻ, ശലഭോദ്യാനം എന്നിവ അടങ്ങുന്നതാണ് രണ്ടാം ഘട്ടം.  

Tags