Skip to main content
കൊച്ചി

kerala high courtപാമോലിന്‍ കേസിന്‍റെ തുടര്‍നടപടികള്‍ക്ക് രണ്ട് മാസത്തേക്ക് ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ്. കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ ആവശ്യം നിരസിച്ച തൃശൂര്‍ വിജിലന്‍സ് കോടതി വിധിയാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. ജഡ്ജി എം.എല്‍ ജോസഫ് ജോര്‍ജാണ് വിധി പുറപ്പെടുവിച്ചത്.

പാമോലിന്‍ കേസില്‍ കൂടുതല്‍ തെളിവുകള്‍ ഇല്ലാത്തതിനാന്‍ തുടരാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹരജി നല്‍കിയിരുന്നു. എന്നാല്‍ വിജിലന്‍സ് കോടതി സര്‍ക്കാരിന്‍റെ ഈ ആവശ്യം നിരാകരിച്ചു. ഇതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിലാണ് കേസിലെ തുടര്‍നടപടികള്‍ സ്റ്റേ ചെയ്തത്.

 

1991 ലെ യു.ഡി.എഫ് ഭരണകാലത്ത് പാമോലിന്‍ ഇറക്കുമതിയുമായി ബന്ധപ്പെട്ട് ഗുരുതര ക്രമക്കേട് നടന്നിരുന്നു. 1993 ലെ സി.എ.ജി റിപ്പോര്‍ട്ടിലാണ് ഇക്കാര്യം കണ്ടെത്തിയത്. കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ 15000 മെട്രിക് ടണ്‍ പാമോയില്‍ സിംഗപ്പൂരില്‍നിന്ന് ഇറക്കുമതി ചെയ്തതില്‍ ഖജനാവിന് 2.32 കോടിയുടെ നഷ്ടം ഉണ്ടാക്കിയെന്നാണ് കേസ്.

 

കെ.കരുണാകരന്‍ ഒന്നാം പ്രതിയായ കേസില്‍ ആകെ എട്ട് പ്രതികളാണ് ഉണ്ടായിരുന്നത്. അന്നത്തെ ധനമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെ കുറ്റവിമുക്തനാക്കിയിരുന്നു. അഞ്ചാം പ്രതിയായ ജിജി തോംസണെയും കേസില്‍ നിന്നും ഒഴിവാക്കാന്‍ തീരുമാനിച്ചിരുന്നു. ഗൂഡാലോചന, അഴിമതി എന്നീ കുറ്റങ്ങളായിരുന്നു ഇദേഹത്തിനെതിരെ ഉണ്ടായിരുന്നത്. സംഭവം നടക്കുമ്പോള്‍ നടക്കുമ്പോള്‍ സിവില്‍ സപ്ലൈസ് എംഡിയായിരുന്നു ജിജി തോംസണ്‍.

 

മുന്‍ മന്ത്രി ടി.എച്ച്. മുസ്തഫ, മുന്‍ ചീഫ് സെക്രട്ടറി എസ്. പത്മകുമാര്‍, മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി സക്കറിയാ മാത്യു, ഗവ. സെക്രട്ടറിമാരായ പി.ജെ. തോമസ്, ജിജി തോംസണ്‍, പവര്‍ ആന്‍ഡ് എനര്‍ജി കോര്‍പറേഷന്‍ ഡയറക്ടര്‍ വി. സദാശിവന്‍, അദ്ദേഹത്തിന്റെ മകനും ചെന്നൈ മാലാ ട്രേഡിങ് കോര്‍പറേഷന്‍ ഡയറക്ടറുമായ ശിവരാമകൃഷ്ണന്‍ എന്നിവരെയെല്ലാം പ്രതിചേര്‍ത്താണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്.