Skip to main content
കൊച്ചി

ആറന്മുള വിമാനത്താവളത്തിന്റെ നിര്‍മ്മാണം പാര്‍ത്ഥസാരഥി ക്ഷേത്രത്തിന്റെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുമെന്ന് ഹൈക്കോടതി അഭിഭാഷക കമ്മീഷന്റെ റിപ്പോര്‍ട്ട്. വിമാനത്താവളം ഭാവിതലമുറയ്ക്ക് ഭീഷണിയാണെന്നും കുന്നുകളും പാടങ്ങളും ഇടിച്ചുനിരത്തുന്നത് പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുമെന്നും 200 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

 

aranmula templeപാര്‍ത്ഥസാരഥി ക്ഷേത്രപരിസരത്തെ വിശ്വാസത്തിന്റെ ഭാഗമായി സംരക്ഷിക്കപ്പെടേണ്ട കുന്നുകള്‍ ഇടിക്കുന്നത് വിശ്വാസത്തിന് പോറലേല്‍പ്പിക്കുമെന്നും ശബ്ദമലിനീകരണം ആചാരാനുഷ്ഠാനങ്ങള്‍ക്ക് തടസ്സമാകുമെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു. താന്ത്രിക വിധിക്ക് എതിരായി കൊടിമരത്തില്‍ അപകടസൂചനാ ലൈറ്റ് സ്ഥാപിക്കേണ്ടി വരുന്നതും ക്ഷേത്രത്തിന്റെ പാവനതയെ ബാധിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കുന്നുകള്‍ ഇടിച്ചുനിരത്തുന്നത് പമ്പാ നദിയില്‍ വെള്ളപ്പൊക്കത്തിന് കാരണമാകുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

 

വിമാനത്താവളത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ക്ഷേത്രത്തിന്റെ ഗോപുരത്തിനും കൊടിമരത്തിനും മാറ്റം വേണ്ടിവരുമെന്ന നിര്‍ദ്ദേശം പരിശോധിക്കാനാണ് ഹൈക്കോടതി അഡ്വ. സുഭാഷ് ചന്ദിനെ അഭിഭാഷക കമ്മീഷനായി നിയമിച്ചത്. വിമാനത്താവളത്തിന്റെ പ്രൊമോട്ടര്‍മാരായ കെ.ജി.എസ് ഗ്രൂപ്പിന്റെ നിര്‍ദേശം ദേവസ്വം ഓംബുഡ്സ്മാന്‍ ഹൈക്കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്ന് കോടതി വിഷയത്തില്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു.

 

എന്നാല്‍, വിമാനത്താവളം ആറന്മുള ക്ഷേത്രത്തെ ഒരു തരത്തിലും ബാധിക്കില്ലെന്നാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കെ.ജി.എസ് ഗ്രൂപ്പ് അവകാശപ്പെടുന്നത്.