Skip to main content
തിരുവനന്തപുരം

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ക്ഷേമപദ്ധതികള്‍ക്ക് അര്‍ഹരായവരെ ശുപാര്‍ശ ചെയ്യാന്‍ ഗ്രാമസഭകളെ ചുമതലപ്പെടുത്തുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നാട്ടിലെ പ്രശ്‌നങ്ങള്‍ നേരിട്ടറിയാവുന്നത് ഗ്രാമസഭയ്ക്കാണ്. ക്ഷേമപദ്ധതികള്‍ ലഭിക്കേണ്ടവരെ കണ്ടുപിടിക്കാനും അവരുടെ പേരുകള്‍ നിര്‍ദേശിക്കാനും ഗ്രാമസഭകള്‍ക്കു കഴിയും. ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരായ മഹാഭൂരിപക്ഷം പേര്‍ക്കും ഇവയെക്കുറിച്ച് അറിവില്ല. കേന്ദ്ര-സംസ്ഥാന ക്ഷേമപദ്ധതികള്‍ സംബന്ധിച്ച വിവരങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ കൈപ്പുസ്തകം പ്രസിദ്ധീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ജനസമ്പര്‍ക്ക പരിപാടി നടന്ന എട്ടു ജില്ലകളിലെ കളക്ടര്‍മാരുമായി തിരുവനന്തപുരത്ത് നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

 

ജനസമ്പര്‍ക്കപരിപാടിയില്‍ ഓണ്‍ലൈനായി സ്വീകരിച്ച പരാതികളില്‍ എടുത്ത തീരുമാനങ്ങള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ നടപ്പാക്കണം. വകുപ്പുകളിലേക്ക് അയച്ച പരാതികളില്‍ യുക്തമായ സമയപരിധി സ്വീകരിച്ച് നടപടിയെടുക്കണം. നിയമപരമായി ബുദ്ധിമുട്ടുള്ള കാര്യങ്ങള്‍ നേരിട്ട് തന്റെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എട്ടു ജില്ലകളില്‍ നിന്ന് ലഭിച്ച പതിനായിരക്കണക്കിനു പരാതികള്‍ തീര്‍പ്പാക്കാന്‍ കളക്ടര്‍മാര്‍ ജില്ലാതലത്തിലും താലൂക്ക് തലത്തിലും അദാലത്ത് നടത്തണം. ജില്ലയുടെ ചുമതലയുള്ള മന്ത്രിയുടെ മാര്‍ഗനിര്‍ദേശവും ലഭിക്കും. വായ്പാ സംബന്ധമായ പരാതികളില്‍ തീര്‍പ്പുകല്പിക്കുന്നതിന് ബാങ്ക് മേധാവികള്‍, കോ-ഓപറേറ്റീവ് സൊസൈറ്റി അധികാരികള്‍, മറ്റ് സാമ്പത്തിക സ്ഥാപനങ്ങളുടെ മേധാവികള്‍ തുടങ്ങിവരെ പങ്കെടുപ്പിച്ച് അദാലത്ത് നടത്തണം. നിയമപരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് നിയമജ്ഞരെക്കൂടി ഉള്‍പ്പെടുത്തി അദാലത്തു നടത്തണമെന്ന നിര്‍ദേശം മുഖ്യമന്ത്രി അംഗീകരിച്ചു.

 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് കളക്ടര്‍മാര്‍ക്ക് അനുവദിക്കാവുന്ന പരമാവധി സാമ്പത്തിക സഹായം 2000 രൂപയാണെങ്കിലും ജനസമ്പര്‍ക്ക പരിപാടിയില്‍ അവര്‍ക്ക് കൂടുതല്‍ തുക അനുവദിക്കാം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നു രണ്ടു വര്‍ഷത്തിലൊരിക്കല്‍ മാത്രമേ തുക അനുവദിക്കുകയുള്ളുവെന്ന നിബന്ധന ജനസമ്പര്‍ക്ക പരിപാടിക്കു ബാധകമല്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തെ എയിഡ്‌സ് ബാധിതരായ അംഗങ്ങളുള്ള കുടുംബങ്ങളുടെ പുനരധിവാസത്തിനും ക്ഷേമത്തിനും സമഗ്ര പാക്കേജ് കൊണ്ടുവരും. ഇത്തരം രോഗികളുടെ ചികിത്സ, കുട്ടികളുടെ വിദ്യാഭ്യാസം പുനരധിവാസം എന്നിവ പാക്കേജിലുള്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വീടിന് അപേക്ഷകള്‍ നല്‍കിയവരില്‍ സ്വന്തമായി ഭൂമിയില്ലാത്തവരെ ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തണം. സ്ഥലമുള്ള അപേക്ഷകരില്‍ കടുത്ത ബുദ്ധിമുട്ടു നേരിടുന്നവരുടെ ലിസ്റ്റ് പ്രത്യേകം തയാറാക്കി വീട് ലഭ്യമാക്കാന്‍ നടപടിയെടുക്കണമെന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

 

എ.പി.എല്‍ കാര്‍ഡുകള്‍ ബി.പി.എല്‍ ആക്കുന്നതിന് നിലവിലുള്ള മാര്‍ഗനിര്‍ദേശം പാലിച്ച് കളക്ടര്‍മാര്‍ തീരുമാനമെടുക്കണം. എന്നാല്‍, ആശ്രയ പദ്ധതിയില്‍ അംഗങ്ങളായവര്‍, മാനസികവും ശാരീരകവുമായ വൈകല്യമുള്ളവര്‍, ഓട്ടിസം ബാധിച്ചവര്‍, വിധവകള്‍, എയ്ഡ്‌സ്, കാന്‍സര്‍ രോഗികള്‍, ഡയാലസിസിനു വിധേയരാകുന്നവര്‍ പരസഹായമില്ലാതെ ജീവിക്കാന്‍ കഴിയാത്തവര്‍ ശയ്യാലംബര്‍ തുടങ്ങിയവരെ നേരിട്ട് ബി.പി.എല്‍ ആക്കാം. ദുരിതം അനുഭവിക്കുന്ന ഈ വിഭാഗത്തിന് സൗജന്യ നിരക്കില്‍ ചികിത്സാസൗകര്യം ലഭിക്കും എന്നതാണ് ഈ തീരുമാനത്തിന്റെ ഏറ്റവും വലിയ പ്രയോജനമെന്നു മുഖ്യമന്ത്രി പറഞ്ഞു. തൊഴില്‍ അഭ്യര്‍ത്ഥിച്ച് ലഭിച്ച പരാതികളില്‍മേല്‍ ജില്ലാകളക്ടര്‍മാര്‍ ഉചിതമായ തീരുമാനമെടുക്കണം. ഇവരില്‍ സ്വയംതൊഴില്‍ ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്ക് പദ്ധതി തയ്യാറാക്കിയാല്‍ ബാങ്കുകളില്‍നിന്ന് സഹായം ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കും. ജില്ലാതലത്തില്‍ തയ്യാറാക്കുന്ന ഇത്തരം പദ്ധതികള്‍ക്ക് സര്‍ക്കാരിന്റെ സാമ്പത്തിക പിന്തുണയുണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി.

Tags