Skip to main content
തിരുവനന്തപുരം

സഖാവ് പി കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവം ആസൂത്രിതമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. വളരെ നീചമായ പ്രവൃത്തിയാണിതെന്നും വി‌.എസ് പറഞ്ഞു. സംഭവത്തില്‍ കോണ്‍ഗ്രസിന് പങ്കുണ്ടെന്നതിന്റെ തെളിവാണ് രമേശ് ചെന്നിത്തല അടക്കമുള്ളവരുടെ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നതെന്നും വി.എസ് ആരോപിച്ചു.

 

സംഭവത്തിനു പിന്നില്‍ കോണ്‍ഗ്രസ്സാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസ്സിന്റെ പ്രകോപനപരമായ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ വീഴാതെ സി.പി.ഐ.എം പ്രവര്‍ത്തകര്‍ ആത്മസംയമനം പാലിക്കണമെന്നും പിണറായി പറഞ്ഞു. പാര്‍ട്ടിയുടെ ക്ഷമ പരീക്ഷിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. അത് വിലപോകില്ലെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

 

കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവത്തില്‍ കുറ്റവാളികളെ ഉടന്‍ കണ്ടെത്തുമെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കേരളത്തില്‍ സാമൂഹ്യ പരിഷ്കരണത്തിന് അനിവാര്യമായ പങ്കു വഹിച്ച വ്യക്തിയാണ് കൃഷ്ണപിള്ള. സ്മാരകം തകര്‍ത്ത സംഭവം ദൗര്‍ഭാഗ്യകരമാണെന്നും ശക്തമായ അന്വേഷണമാണ് നടത്തേണ്ടതെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി. എന്നാല്‍ സംഭവത്തിനു പിന്നില്‍ സി.പി.എം വിഭാഗീയതയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. ആക്രമണത്തില്‍ കോണ്‍ഗ്രസിന് പങ്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 

മുഹമ്മയ്ക്ക് സമീപം കണ്ണറങ്ങാട്ട് സഖാവ് പി.കൃഷ്ണപിള്ള സ്മാരകത്തിന് ബുധനാഴ്ച രാത്രിയാണ് തീവച്ചത്. കൃഷ്ണപിള്ളയുടെ പ്രതിമയും അടിച്ചു തകര്‍ത്തിട്ടുണ്ട്.