Skip to main content
കൊച്ചി

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ഗണ്മാന്‍ സലിം രാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പു കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം. ജനങ്ങളുടെ കയ്യടി കിട്ടാന്‍ കോടതിയെ കരുവാക്കരുതെന്നും ഇതിനു വേറെ മാര്‍ഗം നോക്കണമെന്നും കോടതി പറഞ്ഞു. വി.എസ് നിയമം പഠിച്ചിട്ടില്ലെങ്കില്‍ തന്നെ സമീപിച്ചാല്‍ പഠിപ്പിച്ചുകൊടുക്കാമെന്നും കോടതിക്കു ഭൂമിയില്‍ ആരോടും വിധേയത്വമോ ആരെയെങ്കിലും ഭയമോ ഇല്ലെന്നും ജസ്‌റ്റിസ്‌ ഹാറൂണ്‍ അല്‍ റഷീദ്‌ പറഞ്ഞു.

 

കളമശ്ശേരി ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് കോടതി വി.എസ്സിനെ വിമര്‍ശിച്ചത്. രാഷ്‌ട്രീയനേതാക്കള്‍ നടത്തുന്ന പ്രസ്‌താവനകളുമായി ബന്ധമില്ലെന്നു ഹര്‍ജിഭാഗം അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി. സലിം രാജുള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേര് പറയാന്‍ കോടതിക്കു പോലും ഭയമാണെന്ന് കഴിഞ്ഞ ദിവസം വി.എസ് പറഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കോടതിയുടെ പരാമര്‍ശം.

 

എന്നാല്‍ കഴിഞ്ഞ 70 വര്‍ഷമായി ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നവനാണ് താനെന്നും ആ ജനങ്ങളില്‍ നിന്നുള്ള പഠനമാണ് തന്റെ വിദ്യാഭ്യാസമെന്നും പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ വ്യക്തമാക്കി. എന്തെങ്കിലും കൂടുതലായി പഠിക്കാന്‍ ഇപ്പോള്‍ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.