Skip to main content
കണ്ണൂര്‍

കണ്ണൂരില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായുണ്ടായ അക്രമത്തില് വ്യാപക പ്രതിഷേധം. കോണ്‍ഗ്രസ്, യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. പ്രകടനങ്ങള്‍ പലയിടത്തും അക്രമാസക്തമായി.

 

ആക്രമണവുമായി ബന്ധപ്പെട്ട് പോലീസ് 22 പേരെ അറസ്റ്റ് ചെയ്തു. പി.ജയരാജന്‍ , എം.വി ജയരാജന്‍ , പി.കെ ശ്രീമതി, സി.കൃഷ്ണന്‍, കെ.കെ നാരായണന്‍ എന്നിവരുള്‍പ്പടെയുള്ളവര്‍ക്കെതിരെയും കേസെടുക്കുമെന്നും സൂചനയുണ്ട്. പിടിയിലായവര്‍ നിരപരാധികളാണെന്നും സംഭവം പാര്‍ട്ടിയെ തകര്‍ക്കാനുള്ള യു.ഡി.എഫ് ഗൂഢാലോചനയാണെന്നും സി.പി.എം പ്രസ്താവിച്ചു. ഇതിനിടെ രാത്രി ഒരുമണിയോടെ തിരുവനന്തപുരത്തെത്തിയ മുഖ്യമന്ത്രി വിദഗ്ധപരിശോധനയ്ക്കായി മെഡിക്കല്‍കോളജിലെത്തി. കല്ലേറില്‍ മുഖ്യമന്ത്രിയുടെ നെറ്റിയിലും നെഞ്ചിലുമാണ് പരിക്കേറ്റത്.

 

അതേസമയം മുഖ്യമന്ത്രിക്ക് പരിക്കേറ്റ സംഭവം പോലീസിന്റെ സുരക്ഷാവീഴ്ചയെന്ന് കെ. സുധാകരന്‍ . ഒരു വഴിയിലൂടെയും മുഖ്യമന്ത്രിയെ സുരക്ഷിതനായി കൊണ്ടുപോകാന്‍ പോലീസിനായില്ലെന്നത് ഖേദകരമാണ്. ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥരെ ശിക്ഷിക്കണം. ഇക്കാര്യം സര്‍ക്കാര്‍ ഗൗരവപൂര്‍വം ചര്‍ച്ച ചെയ്യണം. സമഗ്ര അന്വേഷണത്തിന് ഉത്തരവിടണം. ഇതിന് പുറകിലുള്ളവരെ അറസ്റ്റുചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

 

എന്നാല്‍ മുഖ്യമന്ത്രിക്കെതിരായ ആക്രമണത്തെ ന്യായീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. ആക്രമണം ഇടതുമുന്നണിയുടെ നയമല്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്കെതിരായ ആക്രമണത്തില്‍ എല്‍.ഡി.എഫിന് പങ്കില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വ്യക്തമാക്കി. ആക്രമണത്തെക്കുറിച്ച് പോലീസ് അന്വേഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

കണ്ണൂരില്‍ നടക്കുന്ന പോലീസ് കായികമേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ എത്തിയ മുഖ്യമന്ത്രിക്കു നേരെയാണ് ആക്രമണം നടന്നത്. സംഭവത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ കണ്ണൂരില്‍ തിങ്കളാഴ്ച 11 മണിക്ക് യോഗം ചേരും. ഉത്തര മേഖലാ എ.ഡി.ജി.പി എന്‍. ശങ്കര്‍ റെഡ്ഡി കണ്ണൂര്‍ ഐ.ജി സുരേഷ് രാജ് പുരോഹിത് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

Tags