Skip to main content
ന്യൂഡല്‍ഹി

ഡാറ്റാസെന്റര്‍ കൈമാറ്റകേസില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി അഡ്വക്കറ്റ് വി ഗിരി ഹാജരാകും. അഡ്വക്കറ്റ് ജനറല്‍ കെ.പി ദണ്ഡപാണിക്കു വേണ്ടി കെ.കെ വേണുഗോപാലും ഹാജരാകും. മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവരുടെ ഇടപെടലിനെത്തുടര്‍ന്നാണ് വി.ഗിരി ഹാജരാവുന്നത്. അതിനു മുന്‍പ് മുതിര്‍ന്ന അഭിഭാഷകന്‍ കെ.കെ. വേണുഗോപാലിനെ സംസ്ഥാനസര്‍ക്കാറിനുവേണ്ടി ഹാജരാക്കാന്‍ തീരുമാനിച്ചിരുന്നു. അതോടെ ഗിരി കേസില്‍നിന്ന് പിന്‍മാറിയിരുന്നു. തിങ്കളാഴ്ച വീണ്ടും കേസ് പരിഗണിക്കുമ്പോള്‍ മുതിര്‍ന്ന അഭിഭാഷകരാവും കോടതിയില്‍ ഹാജരാവുക.

 

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ഗിരി സര്‍ക്കാരിന് വേണ്ടി ഹാജരാവുന്നത്. കഴിഞ്ഞ ദിവസം, കേസില്‍ സംസ്ഥാന സര്‍ക്കാറിന് വേണ്ടി തുടക്കം മുതല്‍ ഹാജരായിരുന്ന അഭിഭാഷകന്‍ എം.ടി. ജോര്‍ജിനെ മാറ്റിയിരുന്നു. എം.ടി ജോര്‍ജിനു പകരം അഡ്വ. എം.ആര്‍. രമേശ് ബാബു ഹാജരാകണമെന്ന് അഡ്വക്കറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി ഉത്തരവിറക്കിയിരുന്നു.

 

നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ അറ്റോര്‍ണി ജനറല്‍ ഗുലാം ഇ വഹന്‍വതിക്ക് പകരം മുതിര്‍ന്ന അഭിഭാഷകനായ വി. ഗിരി സമര്‍പ്പിച്ച സത്യവാങ്മൂലത്തിനെതിരെ കോടതി രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. കഴിഞ്ഞ തവണ അറ്റോണി ജനറൽ പറഞ്ഞത് സി.ബി.ഐ അന്വേഷണം വേണ്ടെന്നാണ്. എന്നാൽ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിനു വേണ്ടി ചീഫ് സെക്രട്ടറി സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത് കോടതിയെ കളിയാക്കാനാണോയെന്നും ഡിവിഷൻ ബെഞ്ച് ചോദിച്ചിരുന്നു. 

 

കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് സംസ്ഥാന ഡാറ്റ സെന്റര്‍ നടത്തിപ്പ് റിലയന്‍സിന് കൈമാറിയത് അനധികൃതമായിരുന്നെന്നാണ് ആരോപണം.

Tags