Skip to main content
തിരുവനന്തപുരം

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിക്കെതിരെ പ്രതിപക്ഷം രംഗത്ത്. ഒക്ടോബര്‍ 18 മുതലാണ് ജനസമ്പര്‍ക്ക പരിപാടിയുടെ രണ്ടാംഘട്ടം മുഖ്യമന്ത്രി തുടങ്ങുന്നത്. എന്നാല്‍ ജനസമ്പര്‍ക്ക പരിപാടി എല്‍.ഡി.എഫ് ഉപരോധിക്കുമെന്നു സി.പി.ഐ.എം പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. ജനസമ്പര്‍ക്ക പരിപാടിയിലൂടെ മുഖ്യമന്ത്രി ജനങ്ങളെ കളിപ്പിക്കുകയാണെന്നും ഇതു മുഖ്യമന്ത്രി നടത്തുന്ന തട്ടിപ്പു നാടകമാണെന്നും കോടിയേരി പറഞ്ഞു.

 

സോളാർ വിവാദവുമായി ബന്ധപ്പെട്ട് പ്രതിഷേധം നടത്തുന്ന പ്രതിപക്ഷം പരിപാടി തടയുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ജനങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്കേ ജനസമ്പര്‍ക്ക പരിപാടി സമരവേദിയാക്കാന്‍ കഴിയൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു. എത്ര എതിര്‍ത്താലും എല്ലാ ജില്ലകളിലും ജനസമ്പര്‍ക്ക പരിപാടിയുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് തന്റെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

 

ഒന്നര ലക്ഷത്തിലധികം പരാതികളാണ് ജനസമ്പര്‍ക്ക പരിപാടിയില്‍ പരിഗണിക്കുന്നതിനായി ലഭിച്ചിട്ടുള്ളത്. ജനസമ്പര്‍ക്ക പരിപാടി നടക്കുന്ന ദിവസം മുഖ്യമന്ത്രിതലത്തില്‍ പരിഹരിക്കേണ്ട പരാതി നല്‍കിയവരെ മാത്രമേ അന്നേ ദിവസം പരിഗണിക്കൂ. എന്നാല്‍ മറ്റ് പരാതികള്‍ നല്‍കിയവര്‍ക്കുള്ള മറുപടിയോ, തീരുമാനത്തിന്റെ പകര്‍പ്പോ ആ ദിവസം ജനസമ്പര്‍ക്ക വേദിയില്‍നിന്ന് ലഭിക്കും.