തിരുവനന്തപുരം
താല്‍ച്ചര്‍ നിലയത്തില്‍ നിന്ന്‍ കേന്ദ്രവിഹിതമായി സംസ്ഥാനത്തിന് ലഭിക്കേണ്ട വൈദ്യുതിയുടെ അളവില്‍ കുറവ്. ഇതുമൂലം ശനിയാഴ്ച വൈകിട്ട് ആറര മുതൽ രാത്രി പത്തര വരെ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി. ഞായറാഴ്ചയും നിയന്ത്രണം തുടരും.
പ്രതിദിനം 420 മെഗാവാട്ട് വൈദ്യുതിയാണ് താൽച്ചറിൽ നിന്ന് കേരളത്തിന് ലഭിക്കേണ്ടത്. യന്ത്രത്തകരാറും കൽക്കരിയുടെ ദൗർലഭ്യവും മൂലം വെള്ളിയാഴ്ച 75 മെഗാവാട്ടായി കുറഞ്ഞിരുന്നു. 149 മെഗാവാട്ടാണ് ശനിയാഴ്ച ലഭിച്ചത്. കൂടാതെ രാമകുണ്ഡത്തുനിന്നുള്ള 84 മെഗാവാട്ടും നെയ്‌വേലിയില്‍ നിന്നുള്ള 26 മെഗാവാട്ടും വെള്ളിയാഴ്‌ച ലഭിച്ചിരുന്നില്ല.
കേന്ദ്രവിഹിതം കുറഞ്ഞതോടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വെള്ളിയാഴ്ച മുതല്‍ പലയിടത്തും വൈദ്യുത നിയന്ത്രണം ഏര്‍പ്പെടുത്തുന്നുണ്ട്.