Skip to main content
കൊച്ചി

സോളാര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ ശാലു മേനോന്‍ ടെന്നി ജോപ്പന്‍ തുടങ്ങിയവര്‍ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ജോപ്പന് ഉപാധികളോടെ ജാമ്യം അനുവദിക്കാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നെങ്കിലും ശാലുവിനു ജാമ്യം നല്‍കുന്നതിനെ സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. ജസ്റ്റിസ് സതീശ് ചന്ദ്രന്‍റെ അധ്യക്ഷതയിലുള്ള ഹൈക്കോടതി ബെഞ്ചാണ് ഇരുവര്‍ക്കും ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

 

ശാലുവിന് ഒരു ലക്ഷം രൂപയുടെ ബോണ്ടും രണ്ടാള്‍ ജാമ്യവും ആണു ഉപാധി. ജോപ്പന് അമ്പതിനായിരം രൂപയുടെ ബോണ്ടും രണ്ടാള്‍ ജാമ്യവുമാണ് അനുവദിച്ചിരിക്കുന്നത്.  ഇരുവരും കേരളം വിട്ടുപോകരുതെന്നും പാസ്‌പ്പോര്‍ട്ട് പോലീസില്‍ ഹാജരാക്കണമെന്നും കോടതി വ്യക്തമാക്കി. ഇരുവരും അന്വേഷണ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഉദ്യോഗസ്ഥരുടെ മുന്‍പാകെ ഹാജരാകണം തുടങ്ങിയവയാണ് ഉപാധികള്‍.

 

തിരുവനന്തപുരം സ്വദേശി റാസിക് അലി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ശാലു മേനോന്‍ അറസ്റ്റിലായത്. കോന്നി സ്വദേശി ശ്രീധരന്‍ നായരില്‍ നിന്ന് 40 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ടീം സോളാറിന സഹായിച്ചു എന്ന കേസിലാണ് ജോപ്പന്‍ അറസ്റ്റിലായത്.