Skip to main content
ചെങ്ങന്നൂര്‍

സോളാര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ ടെന്നി ജോപ്പനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ്‌ ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരം എ.ഡി.ജി.പി ഹേമചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ജോപ്പനെ അറസ്‌റ്റ്‌ ചെയ്തത്. പത്തനംതിട്ട ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്ത ജോപ്പനെ പോലീസ് പത്തനംതിട്ട സബ് ജയിലിലേയ്ക്ക് കൊണ്ടുപോയി.

 

പോലീസ് സംഘം ആറു മണിക്കൂര്‍ തുടര്‍ച്ചയായി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വ്യക്തമായ തെളിവുകള്‍ ലഭിച്ചതിനു ശേഷമാണ് അറസ്റ്റ് ചെയ്തതെന്ന് എ.ഡി.ജി.പി വ്യക്തമാക്കി. പാലക്കാട് കിന്‍ഫ്ര പാര്‍ക്കില്‍ സോളാര്‍ പ്ലാന്റ് സ്ഥാപിക്കുന്നതിനായി കോന്നി സ്വദേശി ശ്രീധരന്‍ നായരില്‍ നിന്നും 40ലക്ഷം രൂപ സരിത എസ്.നായരും ബിജു രാധാകൃഷ്ണനും ടെന്നി ജോപ്പന്റെ സഹായത്തോടെ വാങ്ങിയിരുന്നു. ശ്രീധരന്‍ നായരുടെ പരാതിയിന്മേലാണ് ജോപ്പനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് എടുത്തിരിക്കുന്നത്.

 

സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ ആരംഭിച്ചപ്പോള്‍ തന്നെ ജോപ്പനെ മുഖ്യമന്ത്രിയുടെ പെഴ്‌സണല്‍ അസിസ്റ്റന്റ്‌ സ്ഥാനത്ത് നിന്നും നീക്കിയിരുന്നു. അതേ സമയം തട്ടിപ്പ് കേസില്‍ ഉള്‍പ്പെട്ട ആരും രക്ഷപ്പെടില്ലെന്നും കുറ്റം ചെയ്തവര്‍ ആരായാലും അവര്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Tags