Skip to main content

തിരുവനന്തപുരം: പുതിയ തൊഴില്‍ നയം നടപ്പിലാക്കുന്നതില്‍ സൌദി അറേബ്യ മൃദു സമീപനം സ്വീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടണമെന്ന് കേരളം. നിതാഖത് എന്ന പുതിയ നിയമത്തിലൂടെ സ്വെദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പു വരുത്താനാണ് സൗദി ഭരണകൂടം ലക്ഷ്യമിടുന്നത്. വലിയൊരു വിഭാഗം ഇന്ത്യക്കാരെ, പ്രത്യേകിച്ചും കേരളീയരെ, ഇത് ബാധിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി.

 

മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതിന് പരിമിതികളുണ്ടെങ്കിലും സൗദി ഭരണകൂടവുമായുള്ള രാജ്യത്തിന്റെ സുഹൃദ് ബന്ധം ഉപയോഗിച്ച് നയം നടപ്പാക്കുന്നത് സാവകാശമാക്കാന്‍ ഇന്ത്യ അഭ്യര്‍ഥിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പ്രവാസികള്‍ അടിയന്തിരമായി നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് ഇത് ആശ്വാസകരമാകുമെന്ന് മുഖ്യമന്ത്രി കത്തില്‍ പറഞ്ഞു.

 

ചെറുകിട വ്യവസായങ്ങളില്‍ പത്ത് ശതമാനം തൊഴിലവസരങ്ങള്‍ സൗദി പൌരന്മാര്‍ക്ക് സംവരണം ചെയ്യുന്നതാണ് പുതിയ നയം. ബുധനാഴ്ച ഇത് പ്രാബല്യത്തില്‍ വന്നു. ഇതോടൊപ്പം അനധികൃതമായ തൊഴില്‍ സമ്പ്രദായങ്ങള്‍ക്കെതിരെയും നടപടി കര്‍ശനമാക്കിയിട്ടുണ്ട്.

 

2011ലെ കണക്കുകള്‍ അനുസരിച്ച് 5,70,000 കേരളീയര്‍ സൌദിയില്‍ ജോലി ചെയ്യുന്നുണ്ട്. സര്‍ക്കാരിന്റെ 2012 ലെ സാമ്പത്തിക സര്‍വേ പ്രകാരം 2011ല്‍ പ്രവാസി മലയാളികള്‍ സംസ്ഥാനത്തേക്ക് അയച്ച തുക 55,000 കോടി രൂപ വരും.

Tags