കണ്ണൂര്‍
കോളേജുകളില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതിന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. സുധാകരനും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ ശ്രീമതിക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു. കോളേജുകളും സ്‌കൂളുകളുമടക്കമുള്ള സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വോട്ട് തേടിയത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സ്ഥാനാര്‍ത്ഥികളില്‍ നിന്ന്‍ ജില്ലാ കളക്ടര്‍ ബാലകിരണ്‍ വിശദീകരണം തേടിയത്.
കഴിഞ്ഞ ദിവസങ്ങളില്‍ കെ. സുധാകരനും പി.കെ ശ്രീമതിയും കണ്ണൂരിലെ കോളേജുകളില്‍ എത്തി വോട്ട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇത് തുടര്‍ന്നാല്‍ നടപടിയുണ്ടാകുമെന്നും ഇരുവരും രേഖാമൂലം മറുപടി നല്‍കണമെന്നുമാണ് കളക്ടര്‍ നോട്ടീസില്‍ അറിയിച്ചിരിക്കുന്നത്. അതേസമയം സര്‍ക്കാര്‍ കോളേജുകളില്‍ പ്രചാരണം നടത്തുന്നത് ചട്ടലംഘനമാണെന്ന് അറിയില്ലെന്നായിരുന്നു ഇരു സ്ഥാനാര്‍ത്ഥികളുടെയും വിശദീകരണം.