അടിയന്തരാവസ്ഥ തുടരുന്ന മാലദ്വീപില്‍ സര്‍ക്കാരിനെതിരെ വാര്‍ത്ത നല്‍കിയതിന് രണ്ട് ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഫ്രഞ്ച് വാര്‍ത്താ ഏജന്‍സി എ.എഫ്.പിയുടെ ലേഖകരായ മണി ശര്‍മയെയും അതീഷ് രാജ് വി പട്ടേലിനെയുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മാലദ്വീപ് പോലീസ് അറസ്റ്റ് വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്.
മാലദ്വീപിലെ പ്രതിപക്ഷ അനുകൂല ചാനലിനലായ 'രാജേ ടിവി'ക്ക് തത്സമയ സംപ്രേക്ഷണം നിര്‍ത്തി വക്കേണ്ടി വന്നു. തങ്ങളുടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്വതന്ത്ര്യമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഇല്ലെന്ന് ചാനല്‍ വ്യക്തമാക്കി. രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ കാണുന്ന ചാനലാണ് രാജേ ടിവി.
അതേ സമയം മാലദ്വീപില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കുന്നത് സംബന്ധിച്ച് അമേരിക്കയും ചൈനയും ഇന്ത്യയുമായി ബന്ധപ്പെട്ടു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണില്‍ സംസാരിക്കുകയായിരുന്നു. ഇന്ത്യയുമായി മാലദ്വീപ് പ്രശ്‌നം ചര്‍ച്ചചെയ്യുകയാണെന്ന് ചൈനയുടെ വിദേശകാര്യ വക്താവ് ജെന്‍ ഷുവാങ് അറിയിച്ചു.