ന്യൂഡല്‍ഹി: അറുപതാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. തിഗ്മാന്‍ഷു ധുലിയ സംവിധാനം ചെയ്ത ഹിന്ദി ചിത്രം ‘പാന്‍ സിംഗ് ടോമര്‍’ ആണ് മികച്ച ചിത്രം. ഈ ചിത്രത്തിലെ നായക വേഷത്തെ അവതരിപ്പിച്ച ഇര്ഫാന് ഖാനും ‘അനുമതി’ എന്ന മറാത്തി ചിത്രത്തിലൂടെ വിക്രം ഗോഖലെയും മികച്ച നടനുള്ള പുരസ്കാരം പങ്കുവച്ചു. മറാത്തി ചിത്രം ‘ദാഗി’ലെ അഭിനയം ഉഷ യാദവിന് മികച്ച നടിക്കുള്ള പുരസ്കാരം നേടിക്കൊടുത്തു. ഹിന്ദി ചിത്രം ‘കഹാനി’യിലൂടെ സുജോയ് ഘോഷ് മികച്ച തിരക്കഥാക്കൃത്തായി.
പതിമൂന്നു അവാര്‍ഡുകളുമായി മലയാള ചിത്രങ്ങള്‍ ഏറ്റവുമധികം പുരസ്കാരങ്ങള്‍ ഇത്തവണ നേടിയെടുത്തു. മികച്ച സാമൂഹ്യ ചിത്രമായി രഞ്ജിത്ത് സംവിധാനം ചെയ്ത ‘സ്പിരിറ്റ്’ തിരഞ്ഞെടുക്കപ്പെട്ടു. കലാമൂല്യമുള്ള ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരം അന്‍വര്‍ റഷീദിന്റെ ‘ഉസ്താദ് ഹോട്ടലി’ന് ലഭിച്ചു. ഷൂജിത് സര്‍ക്കാരിന്റെ ഹിന്ദി ചിത്രം ‘വിക്കി ഡോണറും’ ഈ പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടു. ‘ഉസ്താദ് ഹോട്ടലി’ലെ സംഭാഷണങ്ങള്‍ക്ക് അഞ്ജലി മേനോനും പുരസ്കാരം ലഭിച്ചു. ബാബു തിരുവല്ല സംവിധാനം ചെയ്ത ‘തനിച്ചല്ല ഞാന്‍’ മികച്ച ദേശീയോദ്ഗ്രഥന ചിത്രമായി. ഈ ചിത്രത്തിലൂടെ കല്‍പ്പന മികച്ച സഹനടിക്കുള്ള ബഹുമതി കരസ്ഥമാക്കി. ‘വിക്കി ഡോണര്‍’ എന്ന ചിത്രത്തിലൂടെ ഡോളി അലുവാലിയ കല്പ്പനക്കൊപ്പം ബഹുമതി പങ്കുവെക്കും. ഇതേ ചിത്രത്തിലെ അഭിനയം അനു കപൂറിന് മികച്ച സഹ നടനുള്ള ബഹുമതി നേടിക്കൊടുത്തു.
‘സെല്ലുലോയ്ഡ്’ ആണ് മികച്ച മലയാള ചിത്രം. ‘കളിയഛനി’ലെ പശ്ചാത്തല സംഗീതം ബിജിബാലിനെ പുരസ്കാരത്തിന് അര്‍ഹനാക്കി. മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം ‘101 ചോദ്യങ്ങള്‍’ ഒരുക്കിയ സിദ്ധാര്‍ഥ് ശിവ നേടിയടുത്തു. ഇതിലെ അഭിനത്തിന് മിനന്‍ മികച്ച ബാലതാരത്തിനുള്ള പുരസ്കാരം നേടി. ‘ബ്ലാക്ക് ഫോറസ്റ്റ്’ പാരിസ്ഥിക സന്ദേശം നല്കുന്ന മികച്ച ചിത്രമായി. നോണ്‍-ഫീച്ചര്‍ വിഭാഗത്തില്‍ ബാബു കാംബ്രത്തിന്റെ ‘ബിഹൈന്‍ഡ് ദ മിസ്റ്റ്’ പുരസ്കാരം നേടി. പി.എസ്.രാധാകൃഷ്ണനാണ് മികച്ച നിരൂപണത്തിനുള്ള പുരസ്കാരം.
‘ഒഴിമുറി’യിലെ അഭിനയത്തിലൂടെ ലാലും ‘ഉസ്താദ് ഹോട്ടലി’ലെ പ്രകടനത്തിന് ജൂറി പരാമര്‍ശങ്ങള്‍ക്ക് അര്‍ഹരായി. ബംഗാളി സംവിധായകന് റിതുപര്ണോ ഘോഷിനും ഹിന്ദി നടന് നവാസുദ്ദീന്‍ സിദ്ദിക്കിക്കും ‘ഇഷ്ക്സാദെ’യിലൂടെ പരിനീതി ചോപ്രക്കും ജൂറി പരാമര്‍ശങ്ങള്‍ ലഭിച്ചു. ബസു ചാറ്റര്‍ജി അധ്യക്ഷനായ ജൂറിയാണ് പുരസ്കാരങ്ങള്‍ നിര്‍ണ്ണയിച്ചത്.