Skip to main content

ബി.ജെ.പി ദേശീയ കൌണ്‍സില്‍  യോഗം ദില്ലിയില്‍ രണ്ടു കാര്യങ്ങള്‍ ഒറ്റയടിക്ക് നടപ്പാക്കിയെടുത്തു. ഒന്ന് ബി.ജെ.പി യിലെ മോഡി വിരോധികളെ കാര്യം മനസ്സിലാക്കിച്ചു. അതായത്  മോഡിയാണ് പ്രധാന മന്ത്രിസ്ഥാനത്തേക്കുള്ള നേതാവ്. പാര്‍ട്ടിക്കുള്ളില്‍  ഇപ്പോള്‍ മോഡി വിരോധികളുടെ മുന്‍പില്‍ രണ്ടു ചോദ്യമാണ്. അധികാരത്തിലെത്തണോ അതോ മോഡിയെ ഒതുക്കണോ. അതുപോലെ മുന്നണിയിലെ ഘടകകക്ഷികളുടെ  കാര്യത്തിലും. മോഡി വിരോധികളും അനങ്ങിയിട്ടില്ല, രണ്ടായിരത്തിരണ്ടിലെ ഗുജറാത്ത്‌ കലാപത്തിന്റെ പേരില്‍ മോഡി പ്രധാനമന്ത്രിയാവുന്നതിനെതിരെ ശക്തമായി രംഗത്ത് വന്നിരുന്ന ജനത ദള്‍ (യുണൈറ്റഡ്) നേതാവ് നിതീഷ് കുമാര്‍ ഇതുവരെ ഒന്നും മിണ്ടിയിട്ടില്ല. ദേശീയ കൌണ്‍സിലിന്റെ ആദ്യദിവസം മോഡിയെ  ഉള്ളില്‍ അംഗീകരിപ്പിക്കുക എന്ന പ്രക്രിയ അതിമനോഹരമായി രാജ്നാഥ് സിംഗ് നിര്‍വഹിച്ചു. ദേശീയ കൌണ്‍സിലിന്റെ രണ്ടാം ദിവസം ഉള്ളില്‍ അംഗീകരിക്കപ്പെട്ട നേതാവിനെ രാജ്യത്തിന്‍റെ മുന്നില്‍ അവതരിപ്പിച്ചു. ഒരുപക്ഷെ ഈ അവതണത്തിന്റെ  തിരക്കഥയും മോഡിയുടെത് തന്നെയാകാം.ആകാമല്ല, ഉറപ്പായിട്ടും അദ്ദേഹത്തിന്റേത് തന്നെ. കാരണം ഈ ദേശീയ കൌണ്‍സിലിന്റെ ഉദ്യേശ്യം മോഡി അവതരണം തന്നെയായിരുന്നു.

രണ്ടാം ദിവസമാണ് മോഡി പ്രസംഗിച്ചത്. നിഷേധാലങ്കാരത്തിലൂടെയാണ് മോഡി പ്രസംഗം തുടങ്ങിയത്. പ്രധാനമന്ത്രി ആരെന്നുള്ളതു തന്റെ പാര്‍ട്ടിയില്‍ അപ്രസക്തമാണെന്നും അത് ചര്‍ച്ചാവിഷയമല്ലെന്നും സൂചിപ്പിച്ചുകൊണ്ടായിരുന്നു. ഘടക കക്ഷികള്‍ക്ക് ഇനി മാധ്യമപ്രവര്‍ത്തകരെ കാണുമ്പോള്‍ തടിതപ്പാന്‍ അദ്ദേഹം കൊടുത്തിരിക്കുന്ന ഔദാര്യം. അതുപോലെ തിരഞ്ഞെടുപ്പ് വേളയില്‍ അവസാനം വരെയും ഏവര്‍ക്കും ധൈര്യപൂര്‍വ്വം പറയാം പ്രധാനമന്ത്രിയെ തങ്ങള്‍ മുന്‍കൂട്ടി നിശ്ചയിക്കുന്ന പതിവില്ലെന്നു. ദേശീയകൌണ്‍സിലില്‍ സംഭവിച്ചതുപോലെ നിറഞ്ഞുനില്‍ക്കുന്നത് മോഡിയും.

അര്‍ത്ഥശങ്കക്കിടയില്ലാതെ മോഡി പറഞ്ഞുകഴിഞ്ഞു താന്‍ ഗോദയിലേക്കിറങ്ങിയെന്ന്‍. യു.പി.എ യുടെ അജണ്ട തന്നെയാണ് മോഡിയും മുന്നോട്ടു വയ്ക്കുന്നത്. കോണ്‍ഗ്രസ്സും യു.പി.എയും സാമ്പത്തിക പരിഷ്കരണവും വികസനവുമെന്ന്‍ വെറുതെ പറഞ്ഞിട്ട് കുടുംബ വാഴ്ചയും അഴിമതിയിലും ഏര്‍പ്പെടുന്നുവെന്ന് മോഡി പറയുന്നു. അതേസമയം മൂന്നാം തവണയും അധികാരത്തില്‍ വന്ന ഗുജറാത്ത്‌ ചൂണ്ടിക്കാട്ടി പരിഷ്കരണവും വികസനവും താന്‍ നടപ്പാക്കിയെന്നും അദ്ദേഹം അവകാശപ്പെടുന്നു. അത് നിഷേധിക്കാന്‍ മോഡിവിരോധികളും ബുദ്ധിമുട്ടുന്നു. അതിലൂടെ കോണ്‍ഗ്രസ്സ് പറയുന്നത് പ്രയോഗത്തില്‍ വരുത്തുന്നവനാണ് താനെന്ന ഖ്യാതി നേടിയെടുക്കുന്നതില്‍ മോഡി വിജയിച്ചു.

മോഡിയുടെ നേതൃത്വത്തില്‍ ബി.ജെ.പി പൊതുതിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. വരുന്ന തിരഞ്ഞെടുപ്പിന്റെ മുഖ്യ അജണ്ടയും അതായിരിക്കും. അതിലൂടെ യു.പി.എ മുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ കേന്ദ്ര ബിന്ദു തന്നെ ശ്രദ്ധയില്‍ പെടാതെ പോകാനുള്ള സാധ്യതയാണ് കാണുന്നത്.

എന്തിനെ എതിര്‍ക്കുന്നോ അത് എതിര്‍പ്പിന്റെ ശക്തിയനുസരിച്ച് ശക്തമായിക്കൊണ്ടിരിക്കും. അത് പ്രകൃതിനിയമം. മോഡി ഇന്നത്തെ അവസ്ഥയിലേക്ക് എത്തുന്നതിനു അദ്ദേഹത്തെ സഹായിച്ചതും ഈ ശക്തമായ എതിര്‍പ്പാണ്. കഴിഞ്ഞ ഒരു ദശകമായി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ എതിര്‍ക്കപ്പെട്ട ഏക നേതാവ് മോഡിയാണ്. അതാണ് അദ്ദേഹം തന്റെ ശക്തിയാക്കി മാറ്റിയത്. വരുന്ന പൊതുതിരഞ്ഞെടുപ്പിലും ഈ എതിര്‍പ്പുണ്ടായാല്‍ മോഡി ഉദ്ദേശിക്കുന്ന ദിശയിലേക്ക് കാര്യങ്ങള്‍ നീങ്ങും. അതിലേക്കെത്തിക്കുക തന്നെയാണ് മോഡിയുടെ ലക്ഷ്യവും.