Skip to main content

ന്യൂഡല്‍ഹി: ധനമന്ത്രി പി.ചിദംബരം അവതരിപ്പിച്ച രണ്ടാം യുപിഎ സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ്ണ പൊതുബജറ്റില്‍ സാമൂഹ്യക്ഷേമ പദ്ധതികള്‍ക്ക് പ്രാധാന്യം. വനിതകള്‍ക്ക് മാത്രമായി സ്ഥാപിക്കുന്ന പ്രത്യേക പൊതുമേഖലാ ബാങ്കാണ് ഇതില്‍ ശ്രദ്ധേയം. ഇതിന്റെ പ്രാരംഭ മൂലധനമായി 1,000 കോടി രൂപ വകയിരുത്തി. നിര്‍ഭയ ഫണ്ട് എന്ന പേരില്‍ സ്ത്രീ ശാക്തീകരണ പദ്ധതിക്ക് 1000 കോടിയും അനുവദിച്ചിട്ടുണ്ട്. ബജറ്റിലെ ശിശുക്ഷേമ പദ്ധതികള്‍ക്കായി  77,000 കോടി നീക്കിവെച്ചിട്ടുണ്ട്.  ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ 10,000 കോടി രൂപയും കാര്‍ഷിക വായ്പയ്ക്ക് ഏഴ് ലക്ഷം കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

 

ജനപ്രിയ പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ അധികമില്ല. ആദായ നികുതിയുടെ വരുമാനപരിധികളില്‍ മാറ്റമില്ല. രണ്ടു ലക്ഷം മുതല്‍ അഞ്ചു ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 2,000 രൂപ പ്രത്യേക നികുതി ഇളവ് നല്‍കി. ഒരു കോടിയിലധികം വരുമാനമുള്ളവര്‍ക്ക് 10 ശതമാനം സെസ് പുതിയതായി ഏര്‍പ്പെടുത്തി. പുതിയ നികുതിനിര്‍ദേശങ്ങളിലൂടെ 18,000 കോടി രൂപ സമാഹരിക്കാന്‍ ബജറ്റ് ലക്ഷ്യമിടുന്നു. ഭവന വായ്പയുടെ പലിശയ്ക്ക് നല്‍കിയിരുന്ന നികുതിയിളവ് ഉയര്‍ത്തി. രാജീവ് ഗാന്ധി ഓഹരി സമ്പാദ്യ പദ്ധതിയുടെ വരുമാന പരിധി 10 ലക്ഷമെന്നത് 12 ലക്ഷമാക്കും.

വളര്‍ച്ചാലക്ഷ്യം കൈവരിക്കാനും ധനക്കമ്മി നിയന്ത്രിക്കാനും സബ്‌സിഡികള്‍ വെട്ടിക്കുറച്ചുകൊണ്ടുള്ള പരിഷ്‌കരണനടപടികള്‍ തുടരുമെന്ന് ബജറ്റ് പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. 5,55,322 കോടി രൂപ പദ്ധതിച്ചെലവും 11,09,975 കോടി പദ്ധതിയിതരച്ചെലവും അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ബജറ്റ് പ്രതീക്ഷിക്കുന്നു. ധനക്കമ്മി മൊത്തആഭ്യന്തരഉത്പാദനത്തിന്റെ 4.8 ശതമാനമായും റവന്യൂക്കമ്മി 3.3 ശതമാനമായും കുറയ്ക്കാന് കഴിയുമെന്നാണ് ബജറ്റിലെ പ്രതീക്ഷ. നിലവില്‍ ഇത് യഥാക്രമം 5.2 ഉം 3.9 ഉം ശതമാനമാണ്.

 

പ്രതിരോധ വിഹിതം രണ്ടു ലക്ഷം കോടി കവിഞ്ഞു. 2,03,672 കോടി രൂപയാണ് മന്ത്രാലത്തിന് നീക്കിവെച്ചിട്ടുള്ളത്. വിദ്യാഭ്യാസത്തിന് 65,867 കോടിയും  ആരോഗ്യ കുടുംബക്ഷേമ പദ്ധതികള്‍ക്ക് 37,330 കോടിയും ന്യൂനപക്ഷ ക്ഷേമത്തിന് 3,511 കോടിയും വകയിരുത്തി. യുവാക്കള്‍ക്കായി 1,000 കോടിയുടെ നൈപുണി വികസന പദ്ധതി കൊണ്ടുവരും. പത്തു ലക്ഷം പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

 

ബജറ്റില്‍ കേരളത്തിനുള്ള  കേന്ദ്ര നികുതി വിഹിതമായി 8143.79 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷത്തേക്കാളും 1303.14 കോടി രൂപ കൂടുതലാണിത്. നാളികേര വികസന പദ്ധതി കേരളത്തിലെ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും. ഇതിനായി 75 കോടി രൂപ വകയിരുത്തി. കൊച്ചി മെട്രോയ്ക്ക് 130 കോടി രൂപ അനുവദിച്ചു. കൊച്ചി പ്രത്യേക സാമ്പത്തികമേഖലയ്ക്കായി 6.8 കോടി രൂപയും വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലില്‍ നിന്ന് കൊച്ചി പോര്‍ട്ടിലേയ്ക്കുള്ള റോഡിനായി 30 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഫാക്ടിന് 211.43 കോടി രൂപയും തുമ്പ വി.എസ്.സിയ്ക്ക് 430.9 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ടീ ബോര്‍ഡിന് 179 കോടി, കോഫി ബോര്‍ഡിന് 131 കോടി, സ്‌പൈസസ് ബോര്‍ഡിന് 104.35 കോടി രൂപ  വകയിരുത്തി. ഇടുക്കി-കുട്ടനാട് പാക്കേജിന്റെ ഭാഗമായി ക്ഷീരമേഖലയ്ക്ക് 10 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

 

ബജറ്റിനെത്തുടര്‍ന്ന് സിഗററ്റ്, ആഡംബര വാഹനങ്ങള്‍, മാര്‍ബിള്‍, 2,000 രൂപയില്‍ കൂടുതല്‍ വിലയുള്ള മൊബൈല്‍ ഫോണ്‍, സ്വര്‍ണം, വെള്ളി, എ.സി.റെസ്റ്റോറന്റിലെ ഭക്ഷണം എന്നിവക്ക് വില കൂടും. കയറുല്‍പ്പന്നങ്ങള്‍, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍, തുകല്‍ ഉല്‍പ്പന്നങ്ങള്‍, വസ്ത്രങ്ങള്‍, എന്നിവ വില കുറയുന്നവയില്‍പ്പെടും.