Skip to main content
ന്യൂഡല്‍ഹി

 

രാജ്യത്ത് സമ്പദ്വ്യവസ്ഥ അടുത്ത സാമ്പത്തിക വര്‍ഷം 8.1-8.5 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സാമ്പത്തിക സര്‍വേ. ശനിയാഴ്ച അവതരിപ്പിക്കുന്ന ബജറ്റിന് മുന്നോടിയായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി രേഖ വെള്ളിയാഴ്ച ലോകസഭയില്‍ അവതരിപ്പിച്ചു. 7.4 ശതമാനം വളര്‍ച്ചയാണ് 2014-15 സാമ്പത്തിക വര്‍ഷത്തില്‍ കണക്കാക്കുന്നത്.

 

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ വിശകലനമായ രേഖ പണപ്പെരുപ്പത്തില്‍ 2013-നു ശേഷം ആറു ശതമാനം പോയന്റിന്റെ കുറവുണ്ടായതായി കണക്കാക്കുന്നു. കയറ്റുമതിയും രാജ്യത്തിനകത്തെ വിദേശ നിക്ഷേപവും വീണ്ടും കരുത്താര്‍ജിക്കുകയാണ്. വ്യാവസായിക വളര്‍ച്ചയും മെച്ചപ്പെട്ട നില കൈവരിച്ചു.

 

കാര്‍ഷിക മേഖലയിലും സ്ഥിതി മെച്ചപ്പെടുന്നുവെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 2014-15-ല്‍ ഭക്ഷ്യ ഉല്‍പ്പാദനം മുന്‍ വര്‍ഷത്തേക്കളും 85 ലക്ഷം ടണ്‍ ഉയര്‍ന്ന്‍ 25.70 കോടി ടണ്‍ ആകുമെന്ന് സര്‍വേ കണക്കാക്കുന്നു.

 

സബ്സിഡികള്‍ അവസാനിപ്പിക്കണമെന്നും സര്‍വേ നിര്‍ദ്ദേശിക്കുന്നു. 2014 ഏപ്രില്‍ മുതല്‍ 2015 ജനുവരി വരെയുള്ള കാലയളവില്‍ ഭക്ഷ്യ സബ്സിഡിയ്ക്ക് ചിലവഴിച്ച തുക 20 ശതമാനം ഉയര്‍ന്ന്‍ 1.07 ലക്ഷം കോടി രൂപയായിരുന്നു. എന്നാല്‍, ദരിദ്ര ജനവിഭാഗങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിന് ഇവ ഉപയോഗപ്രദമായി കാണുന്നില്ലെന്ന് സര്‍വേ അഭിപ്രായപ്പെടുന്നു.   

 

വരുമാനം വര്‍ധിപ്പിക്കുന്നത് സര്‍ക്കാറിന്റെ പ്രധാന മുന്‍ഗണന ആയിരിക്കുമെന്ന് സര്‍വേ വ്യക്തമാക്കി. 2014-15-ല്‍ ധനകമ്മി ആഭ്യന്തര മൊത്ത ഉല്‍പ്പാദനത്തിന്റെ 4.1 ശതമാനം എന്ന ലക്ഷ്യത്തില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുമെന്നും സര്‍വേ പറയുന്നു.  

 

തൊഴില്‍ വളര്‍ച്ച സര്‍ക്കാറിന്റെ മുന്നിലെ പ്രധാന വെല്ലുവിളി ആയിരിക്കുമെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ തൊഴില്‍ നിരക്കിലെ വളര്‍ച്ച ഏകദേശം 1.5 ശതമാനം ആയിരിക്കുമ്പോള്‍ തൊഴില്‍ സേനയുടെ വളര്‍ച്ച ഏകദേശം 2.2-2.3 ശതമാനം എന്ന നിരക്കിലാണ്.   

Tags