മദര്‍ തെരേസ ദരിദ്രര്‍ക്കിടയില്‍ നടത്തിയ സേവനത്തിന്റെ പ്രധാന ലക്ഷ്യം ക്രിസ്തുമതത്തിലേക്കുള്ള പരിവര്‍ത്തനമായിരുന്നുവെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത്. തിങ്കളാഴ്ച രാജസ്ഥാനിലെ ഭരത്പൂരില്‍ ഒരു സന്നദ്ധ സംഘടനയുടെ പരിപാടിയില്‍ സംസാരിക്കവേ ആയിരുന്നു ഭഗവതിന്റെ പരാമര്‍ശം. സേവനത്തിന്റെ പേരില്‍ മതപരിവര്‍ത്തനം നടത്തുമ്പോള്‍ സേവനത്തിന്റെ മൂല്യം കുറയുന്നുവെന്ന് ഭഗവത് പറഞ്ഞു.
ഭഗവതിന്റെ പരാമര്‍ശം വിവാദം സൃഷിച്ചിട്ടുണ്ട്. സംഘപരിവാര്‍ പറയുന്നതൊന്നും പ്രധാനമന്ത്രി പറയുന്നത് വേറൊന്നുമാണെന്ന് കോണ്‍ഗ്രസ് പറഞ്ഞു. യഥാര്‍ത്ഥ പ്രശ്നങ്ങള്‍ മറച്ചുവെക്കാനും സമുദായ ധ്രുവീകരണത്തിനുമുള്ള ശ്രമമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അശിനി കുമാര്‍ പറഞ്ഞു. വിഷയത്തില്‍ പാര്‍ലിമെന്റില്‍ ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയം കൊണ്ടുവരുമെന്നും കുമാര്‍ അറിയിച്ചു.
മദര്‍ തെരെസേയ്ക്കൊപ്പം കുറച്ചുനാള്‍ കൊല്‍ക്കത്തയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അവര്‍ ഒരു കുലീനമായ ആത്മാവാണെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ ട്വിറ്ററില്‍ കുറിച്ചു. അവരെ വെറുതെവിടാനും കേജ്രിവാള്‍ അഭ്യര്‍ഥിച്ചു.
മോഹന്‍ ഭഗവത് തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണെന്നും മതപരിവര്‍ത്തനത്തിന് മദര്‍ തെരേസ ഒരിക്കലും ശ്രമിച്ചിരുന്നില്ലെന്നും മിഷണറീസ് ഓഫ് ചാരിറ്റിയുടെ സുനിത കുമാര്‍ പ്രതികരിച്ചു. ഈ പാരമ്പര്യം ഇപ്പോഴും തുടരുന്നതായും അവര്‍ പറഞ്ഞു.

